Advertisement

അട്ടപ്പാടിയിലെ കുരുന്നുകൾക്കായി സൈക്കിൾ വിതരണം ചെയ്ത് മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഫൗണ്ടേഷൻ

September 30, 2022
Google News 3 minutes Read
mammootty care and share foundation dsitributes cycle to attappady children

അട്ടപ്പാടിയിലെ നിർധനരായ ആദിവാസി കുട്ടികൾക്ക് യാത്രാസൗകര്യത്തിനായി സൈക്കിൾ നൽകി മമ്മൂട്ടിയുടെ കെയർ ആന്റ് ഷെയർ ഫൗണ്ടേഷൻ. ജില്ലയിലെ ആദിവാസി മേഖലകൾ കേന്ദ്രീകരിച്ചാണ് സൈക്കിൾ വിതരണ പദ്ധതി നടപ്പിലാക്കിയത്. ( mammootty care and share foundation distributes cycle to attappady children )

കോലഞ്ചേരി സിന്തൈറ്റ് ഗ്രൂപ്പിന്റെ സഹകരണത്തിൽ കേരളത്തിൽ ഉടനീളം ആദിവാസി കുട്ടികൾക്കും, തീരദേശ വാസികളായ കുട്ടികൾക്കും, നിർദ്ധനരായ മറ്റു കുട്ടികൾക്കുമാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭ്യമാകുന്നത്. കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ സ്ഥാപകനും മുഖ്യരക്ഷാധികാരിയുമായ മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് സൈക്കിൾ വിതരണ പദ്ധതി ആരംഭിച്ചത്. കേരളത്തിൽ ഉടനീളം നിർദ്ധനരായ തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്കായി
100 സൈക്കിൾ നൽകുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ആലപ്പുഴയിലും ജില്ലാതല ഉദ്ഘാടനങ്ങൾ മറ്റു ജില്ലകളിലും നടന്നിരുന്നു.

കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ പുതിയ പദ്ധതിയാണ് നിർധനരായ കുട്ടികൾക്കുള്ള സൈക്കിൾ വിതരണം. അട്ടപ്പാടി മേഖലയിൽ മമ്മൂട്ടിയുടെ നേതൃത്വത്തിൽ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ ഇതിനോടകം നടക്കുന്നുണ്ട്. അതിൽ തന്നെ പൂർവ്വികം പദ്ധതിയുടെ ഭാഗമായി ആദിവാസി മേഖലയിൽ സാമൂഹിക ക്ഷേമം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങിയ മേഖലകളിൽ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളാണ് ഫൗണ്ടേഷൻ നടത്തിവരുന്നത്. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കോട്ടത്തറ ഗവൺമെന്റ് യു.പി സ്‌കൂളിൽ വെച്ച് ബഹു : മണ്ണാർക്കാട് എം.എൽ.എ എൻ.ഷംസുദ്ദീൻ നിർവഹിച്ചു.

Read Also: ‘വ്യാജരേഖകളുണ്ടാക്കി ഭീഷണിപ്പെടുത്തുന്നു’; അട്ടപ്പാടിയിൽ ആദിവാസികളുടെ ഭൂമി സ്വകാര്യ വ്യക്തികൾ കയ്യേറിയതായി പരാതി

നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ജീവകാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ പ്രയോജനം ആദിവാസി മേഖലയിൽ നിരവധി മാറ്റങ്ങൾക്ക് വഴിയൊരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതുവഴി അവരുടെ ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക അവബോധം എന്നീ രംഗത്ത് വളരെ ഉന്നതിയിൽ എത്താൻ അവർക്ക് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ആവർത്തിച്ചു. അതിനോടൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങൾ നമുക്ക് ഓരോരുത്തർക്കും സഹജീവികളോടുള്ള കടമയാണെന്നും അവ നമ്മൾ ബോധപൂർവ്വം ഏറ്റെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ മാനേജിംഗ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴ, ഷോളയൂർ പഞ്ചായത്ത് പ്രസിഡന്റ് പി. രാമമൂർത്തി, സ്‌കൂൾ പ്രധാന അധ്യാപിക ഹസീന മുംതാസ്, അഗളി ബ്ലോക്ക് പഞ്ചായത്ത് അംഗം എം. സി ഗാന്ധി, ഷോളയൂർ പഞ്ചായത്ത് അംഗം ആർ. മാധവൻ, സ്‌കൂൾ പി.ടി.എ പ്രസിഡന്റ് ജയപ്രകാശ്, രമക്കുട്ടി, അധ്യാപകൻ ശക്തിവേൽ, സ്റ്റാഫ് സെക്രട്ടറി വർഗീസ് ടൈറ്റസ് എന്നിവർ പ്രസംഗിച്ചു.

Story Highlights: mammootty care and share foundation distributes cycle to attappady children

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here