Advertisement

അവസാനംവരെയും ശക്തമായ രാഷ്ട്രീയം പറഞ്ഞ നേതാവ്; ഒടുവിലത്തെ വാർത്താ സമ്മേളനത്തിൽ ​ഗവർണർക്കെതിരെയും

October 2, 2022
Google News 2 minutes Read
Kodiyeri Balakrishnan's last press conference

അവസാനംവരെയും ശക്തമായ രാഷ്ട്രീയം പറഞ്ഞ ഇടതുനേതാവിനെയാണ് കേരള രാഷ്ട്രീയത്തിന് നഷ്ടമായത്. ​ഗവർണറും സർക്കാരും തമ്മിലുള്ള പ്രശ്നം നേർക്കുനേർ പോരാട്ടത്തിലെത്തിയ സമയത്ത് കോടിയേരി ഏറ്റവും ഒടുവിൽ നടത്തിയ വാർത്താ സമ്മേളനത്തിലും ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനം നടത്തിയിരുന്നു. ആരോ​ഗ്യനില മോശമായിക്കൊണ്ടിരുന്ന സമയത്ത് നടത്തിയ വാർത്താസമ്മേളനത്തിലും എതിരാളിയെ കടന്നാക്രമിക്കുന്ന സമീപനമാണ് അദ്ദേഹം കൈക്കൊണ്ടത്. ( Kodiyeri Balakrishnan’s last press conference ).

​ഗവർണറുടെ ദുരൂഹമായ പ്രവർത്തനങ്ങളെ നേരിടാൻ ഭരണഘടന അനുശാസിക്കുന്ന തരത്തിലുള്ള നിലപാടുകൾ സർക്കാരിന് സ്വീകരിക്കേണ്ടി വരുമെന്ന് ആ വാർത്താസമ്മേളനത്തിൽ കോടിയേരി മുന്നറിയിപ്പ് നൽകിയിരുന്നു. ​ഗവർണറെ ഉപയോ​ഗിച്ച് സംസ്ഥാന സർക്കാരിനെ ആക്രമിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. പബ്ലിക് ഹെൽത്ത് പോലുള്ള പ്രധാന ബില്ലുകൾ ഒപ്പിടാതെ വൈകിപ്പിക്കുന്ന ​ഗവർണറുടെ സമീപനം ഉചിതമല്ലെന്നും അദ്ദേഹം ആഞ്ഞടിച്ചിരുന്നു.

ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു കോടിയേരിയുടെ അന്ത്യം. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയവെ എട്ട് മണിയോടെയായിരുന്നു മരണം. പ്രതിസന്ധിയുടെ കാലത്ത് സിപിഐഎമ്മിനെ പോറലേല്‍ക്കാതെ നയിച്ച നേതാവാണ് കോടിയേരി. എല്‍ഡിഎഫിന് തുടര്‍ഭരണം ലഭിച്ചതിനു പിന്നില്‍ കോടിയേരിയുടെ വിശ്രമരഹിതമായ പ്രയത്നവും നേതൃശേഷിയുമുണ്ട്. ആറരവര്‍ഷം പാര്‍ട്ടിയെ നയിച്ചു. സംഘടനാപാടവവും ആശയദൃഢതയും സൗമ്യമായ ഇടപെടലുംകൊണ്ട് രാഷ്ട്രീയ എതിരാളികളുടെയടക്കം ആദരം പിടിച്ചുപറ്റാനും അദ്ദേഹത്തിനായി.

Read Also: ബീഡിത്തൊഴിലാളികള്‍ക്ക് ദിനപത്രം വായിച്ചുകൊടുത്ത് അവര്‍ക്കും പ്രിയപ്പെട്ടവനായി; കോടിയേരിയെ കുറിച്ച് ജോണ്‍ ബ്രിട്ടാസ് എംപി

ജനങ്ങളുടെ വിശ്വാസം ഊട്ടിയുറപ്പിക്കുന്നതിനും നാടിനാവശ്യമുള്ള വികസന, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിനും മുഖ്യമന്ത്രി പിണറായി വിജയനൊപ്പം നിന്ന് കോടിയേരി നയിച്ചു. ആരോഗ്യപരമായ ബുദ്ധിമുട്ടുള്ളപ്പോഴും പാര്‍ട്ടി കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കാനായിരുന്നു കോടിയേരിയുടെ ശ്രദ്ധ.

പതിനാറാംവയസിലാണ് കോടിയേരി പാര്‍ട്ടി അംഗത്വത്തിലേക്കെത്തുന്നത്. പതിനെട്ടാം വയസില്‍ ലോക്കല്‍ സെക്രട്ടറി. ഇതിനിടയില്‍ എസ്എഫ്ഐയുടെയും ഡിവൈഎഫ്ഐയുടെയും നേതൃതലങ്ങളിലും പ്രവര്‍ത്തിച്ചു. അടിയന്തരാവസ്ഥക്കാലത്ത് 16 മാസം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മിസാ തടവുകാരന്‍. ജയിലില്‍ പിണറായി വിജയനും എം.പി.വീരേന്ദ്രകുമാറും ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍. പൊലീസ് മര്‍ദനത്തില്‍ അവശനായ പിണറായിയെ സഹായിക്കാന്‍ നിയുക്തനായത് കൂട്ടത്തില്‍ ഇളയവനായ ബാലകൃഷ്ണനായിരുന്നു.

അന്ന് തലശേരി മേഖലയിലെ യുവനേതാക്കളായിരുന്ന ഇരുവരും തമ്മിലുള്ള സൗഹൃദത്തിന് ജയില്‍ജീവിതം കൂടുതല്‍ കരുത്തുപകര്‍ന്നുവെന്ന് പറയപ്പെടുന്നു. സിപിഐഎം. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പിണറായി സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ടി.ഗോവിന്ദനായിരുന്നു ആ സ്ഥാനത്തെത്തിയത്. അധികംവൈകാതെ സെക്രട്ടറിയുടെ ചുമതല കോടിയേരിയെ തേടിയെത്തി.

1982, 1987, 2001, 2006, 2011 തെരഞ്ഞെടുപ്പുകളില്‍ തലശേരിയെ നിയമസഭയില്‍ പ്രതിനിധാനം ചെയ്തു. 2001ല്‍ പ്രതിപക്ഷ ഉപനേതാവായി. 2006ല്‍ വി.എസ്. മന്ത്രിസഭയില്‍ ആഭ്യന്തരടൂറിസം വകുപ്പ് മന്ത്രി. 2008ല്‍ 54ാം വയസില്‍ പൊളിറ്റ് ബ്യൂറോയിലേക്കും 2015ല്‍ സംസ്ഥാന സെക്രട്ടറി പദത്തിലേക്കും തെരഞ്ഞെടുക്കപ്പെട്ടു.

Story Highlights: Kodiyeri Balakrishnan’s last press conference

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here