Advertisement

വിനോദിനിയെ നെഞ്ചോട് ചേർത്ത് കമല; ആശ്വാസവാക്കുകളുമായി മുഖ്യമന്ത്രി

October 2, 2022
Google News 3 minutes Read
Pinarayi vijayan consoled Kodiyeri's wife Vinodini at home

സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗവും മുൻ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്റെ വിയോ​ഗം താങ്ങാനാകാതെ കരഞ്ഞു തളർന്ന ഭാര്യ വിനോദിനിയെ വീട്ടിലെത്തി ആശ്വസിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യയും. എം.എ ബേബിയും എസ്. രാമചന്ദ്രൻ പിള്ളയും ഉൾപ്പടെയുള്ള മുതിർന്ന നേതാക്കൾ പിണറായിക്ക് ഒപ്പമുണ്ടായിരുന്നു. കരഞ്ഞ് അവശയായ വിനോദിനിയെ മുഖ്യമന്ത്രിയുടെ ഭാര്യ നെഞ്ചോട് ചേർത്ത് ആശ്വസിപ്പിച്ചു. ( Pinarayi vijayan consoled Kodiyeri’s wife Vinodini at home ).

കോടിയേരിയുടെ ഭൗതീകശരീരത്തിന് അരികെ നിന്ന് മാറാതെ മുഖ്യമന്ത്രി പിണറായി വിജയൻ മണിക്കൂറുകളോളം തലശേരി ടൗൺ ഹാളിൽ തുടരുകയായിരുന്നു. അതിന് ശേഷമാണ് വിനോദിനിയെ ആശ്വസിപ്പിക്കാനായി മുഖ്യമന്ത്രി കോടിയേരിയുടെ വീട്ടിലെത്തിയത്. വളരെ വൈകാരികമായ നിമിഷങ്ങളാണ് പിന്നെയുണ്ടായത്.

സഖാവ് കോടിയേരി ബാലകൃഷ്ണൻ വിട പറഞ്ഞു എന്നു വിശ്വസിക്കാൻ സാധിക്കുന്നില്ലെന്നാണ് പിണറായി ഫെയ്സ്ബുക്കിൽ കുറിച്ചത്. തീവ്രമായ വേദനയാണത് സൃഷ്ടിക്കുന്നത്. സോദരതുല്യം എന്നല്ല, യഥാർത്ഥ സഹോദരർ തമ്മിലുള്ള ബന്ധമാണ് ഞങ്ങളുടേത്. ഒരേ വഴിയിലൂടെ ഒരുമിച്ചു നടന്നവരാണ് ഞങ്ങൾ.
അസുഖത്തിൻ്റെ യാതനകൾ തീവ്രമായിരുന്ന നാളുകളിലും പാർട്ടിയെക്കുറിച്ചുള്ള കരുതൽ എല്ലാത്തിനും മേലെ മനസ്സിൽ സൂക്ഷിച്ച നേതാവാണ് ബാലകൃഷ്ണൻ.

Read Also: കോടിയേരിയുടെ മൃതദേഹത്തിന് അടുത്ത് നിന്ന് മാറാതെ പിണറായി വിജയൻ

പാർട്ടിയെക്കുറിച്ചും പാർട്ടി നേരിടുന്ന ആക്രമണങ്ങളെ ചെറുക്കേണ്ടതിനെക്കുറിച്ചും പാർട്ടിയെ സർവ്വവിധത്തിലും ശക്തിപ്പെടുത്തേണ്ടതിനെക്കുറിച്ചും ഒക്കെയുള്ള ചിന്തകൾ ആയിരുന്ന അവസാന നാളുകളിലും ബാലകൃഷ്ണനുണ്ടായിരുന്നത്. തനിക്കു ചുമതലകൾ പൂർണ്ണ തോതിൽ നിർവ്വഹിക്കാനാവില്ല എന്ന് വന്നപ്പോൾ പാർട്ടിക്കു വേണ്ടി സെക്രട്ടറി സ്ഥാനത്തു നിന്ന് മാറിനിൽക്കാൻ സ്വയം സന്നദ്ധനായി മുന്നോട്ടു വരിക മാത്രമല്ല, അതിനു നിർബന്ധം പിടിക്കുക കൂടിയായിരുന്നു.

അസുഖം തളർത്തിയ ഘട്ടത്തിലും ഏതാനും നാൾ മുമ്പ് വരെ പാർട്ടി ഓഫീസ്സായ എ.കെ.ജി. സെൻ്ററിൽ എത്തി പാർട്ടി യോഗങ്ങളിൽ പങ്കെടുക്കുകയും പാർട്ടിയുടെ നയപരവും സംഘടനാപരവുമായ കാര്യങ്ങൾക്കു ചുക്കാൻ പിടിക്കുകയും ചെയ്തു. ശരീരികമായ കടുത്ത വൈഷമ്യങ്ങൾ സഹിച്ചും അതിജീവിച്ചും പാർട്ടിക്കുവേണ്ടി സഖാവ് സ്വയം അർപ്പിക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി പിണറായി അനുസ്മരിച്ചു.

അസാധാരണമായ മനക്കരുത്തോടെയാണ് ആദ്യഘട്ടം മുതലേ കോടിയേരി രോഗത്തെ നേരിട്ടത്. ‘കരഞ്ഞിരുന്നാൽ മതിയോ നേരിടുകയല്ലേ നിവൃത്തിയുള്ളു’ എന്നാണ് വാർത്താസമ്മേളനത്തിൽ ഒരു ചോദ്യത്തിനു മറുപടിയായി രോഗത്തെക്കുറിച്ച് പറഞ്ഞത്. ഏതു വെല്ലുവിളിയേയും ധൈര്യസമേതം നേരിടുക എന്നതായിരുന്നു സഖാവിൻ്റെ രീതി. രോഗത്തിനു മുമ്പിലും രാഷ്ട്രീയ വെല്ലുവിളിയുടെ മുമ്പിലും ഒരുപോലെ നെഞ്ചു വിരിച്ചു പൊരുതിയ ജീവിതമാണ് കോടിയേരിയുടേതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.

Story Highlights: Pinarayi vijayan consoled Kodiyeri’s wife Vinodini at home

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here