വിടവാങ്ങിയത് സിപിഐഎമ്മിലെ സൗമ്യമുഖം; വി.ടി ബൽറാം

കക്ഷി രാഷ്ട്രീയത്തിനപ്പുറം എല്ലാവരോടും സൗഹൃദഭാവേന ഇടപെട്ട നേതാവും സിപിഐഎമ്മിലെ സൗമ്യ മുഖവുമായിരുന്നു കോടിയേരിയെന്ന് കോൺഗ്രസ് നേതാവ് വി.ടി ബൽറാം അനുസ്മരിച്ചു. 2011ൽ താൻ നിയമസഭയിലേക്ക് കടന്നുചെല്ലുമ്പോൾ പ്രതിപക്ഷ ഉപനേതാവായിരുന്നു അദ്ദേഹം. അക്കാലം തൊട്ട് തന്നെ ഞങ്ങൾ പുതുമുഖങ്ങൾക്ക് വലിയ പിന്തുണയും പ്രോത്സാഹനവും സഭാ നടപടികാര്യങ്ങളിൽ അദ്ദേഹത്തിൽ നിന്ന് ലഭിച്ചിരുന്നു. ( VT Balram condoled Kodiyeri Balakrishnan ).
രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളുടെ പേരിൽ അദ്ദേഹത്തെ പലപ്പോഴും വിമർശിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പല കോൺഗ്രസ് വിരുദ്ധ പരാമർശങ്ങൾക്കും മറുപടി പറഞ്ഞിട്ടുമുണ്ട്. എന്നിരുന്നാലും അദ്ദേഹത്തിന്റെ കഠിനമായ രോഗപീഢകളും അകാലത്തിലുള്ള മരണവും വ്യക്തിപരമായി വേദനാജനകമാണെന്നും വി.ടി ബൽറാം പറഞ്ഞു.
ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു കോടിയേരിയുടെ അന്ത്യം. അർബുദ രോഗത്തെ തുടർന്ന് ചികിത്സയിൽ കഴിയവെ എട്ട് മണിയോടെയായിരുന്നു മരണം. പ്രതിസന്ധിയുടെ കാലത്ത് സിപിഐഎമ്മിനെ പോറലേൽക്കാതെ നയിച്ച നേതാവാണ് കോടിയേരി. എൽഡിഎഫിന് തുടർഭരണം ലഭിച്ചതിനു പിന്നിൽ കോടിയേരിയുടെ വിശ്രമരഹിതമായ പ്രയത്നവും നേതൃശേഷിയുമുണ്ട്. ആറരവർഷം പാർട്ടിയെ നയിച്ചു. സംഘടനാപാടവവും ആശയദൃഢതയും സൗമ്യമായ ഇടപെടലുംകൊണ്ട് രാഷ്ട്രീയ എതിരാളികളുടെയടക്കം ആദരം പിടിച്ചുപറ്റാനും അദ്ദേഹത്തിനായി.
ജനങ്ങളുടെ വിശ്വാസം ഊട്ടിയുറപ്പിക്കുന്നതിനും നാടിനാവശ്യമുള്ള വികസന, ക്ഷേമ പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിനും മുഖ്യമന്ത്രി പിണറായി വിജയനൊപ്പം നിന്ന് കോടിയേരി നയിച്ചു. ആരോഗ്യപരമായ ബുദ്ധിമുട്ടുള്ളപ്പോഴും പാർട്ടി കാര്യങ്ങൾക്ക് മുൻഗണന നൽകാനായിരുന്നു കോടിയേരിയുടെ ശ്രദ്ധ.
Story Highlights: VT Balram condoled Kodiyeri Balakrishnan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here