അച്ഛന്റെ മുഖത്തുണ്ടായിരുന്ന വേർപാടിലുള്ള വേദന; കോടിയേരി ജ്യേഷ്ഠ സഹോദരനെ പോലെയെന്ന് വി.എസിന്റെ മകൻ

കോടിയേരി ബാലകൃഷ്ണൻ ജ്യേഷ്ഠ സഹോദരനെ പോലെയെന്ന് വി.എസ്.അച്യുതാനന്ദന്റെ മകൻ അരുൺ കുമാർ. എന്ത് കാര്യം ഉണ്ടെങ്കിലും നമുക്ക് സംസാരിക്കാവുന്ന നമുക്കൊരു നല്ല ഉപദേശം തരുന്ന ജ്യേഷ്ഠനെ പോലെയായിരുന്നു അദ്ദേഹം. ഈ കഴിഞ്ഞ പാർട്ടി സമ്മേളനം ആയാലും ഇലക്ഷൻ കാലത്തൊക്കെയുണ്ടായതുപോലെ ഒരു തിരിച്ചു വരവ് ഇപ്പോഴും പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഈ വേർപാട് താങ്ങാൻ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
നമ്മളെല്ലാം ആ ഒരു ഷോക്കിലാണ് വരുന്നത്. ഇത്ര പെട്ടെന്ന് സംഭവിക്കുമെന്ന് ആരും പ്രതീക്ഷിച്ചില്ല. വ്യക്തപരമായി തന്നെ കോടിയേരിയുടെ കുടുംബവുമായി അടുത്ത ബന്ധമാണുള്ളത്. കുടുംബവുമായി കോടിയേരി എംഎൽഎ ഹോസ്റ്റലിൽ താമസിക്കുന്ന കാലം തൊട്ട് അദ്ദേഹത്തെ അറിയാം. മക്കളെല്ലാം സ്കൂളിൽ പഠിക്കുന്ന ആ ഒരു പ്രായം തൊട്ടേ അറിയാവുന്ന ആളാണ്. അന്ന് അവരൊക്കെ സ്കൂളിലായിരുന്നു. പിന്നെ ഇന്നോളം ആ ഒരു ബന്ധം അങ്ങനെ തന്നെ തുടരുകയായിരുന്നു.
അച്ഛന്റെ കാര്യത്തിൽ വളരെ സ്നേഹവും ബഹുമാനവും സൂക്ഷിക്കുന്ന ഒരാളായിരുന്നു കോടിയേരി. പല കാര്യങ്ങളും അദ്ദേഹം അച്ഛനുമായിട്ട് സംസാരിച്ചു. അച്ഛന്റെ പോരാട്ടങ്ങളുടെ ഭാഗമായ കേസ് അടക്കമുള്ള പല കാര്യങ്ങളും തന്നെ കൃത്യമായി
കോടിയേരിയെ അറിയിക്കണമെന്ന് അച്ഛൻ പറഞ്ഞു. ഏറ്റവും അവസാനം ഐസ്ക്രീം പാർലർ അട്ടിമറി കേസ് തന്നെ കഴിഞ്ഞ ഇടയ്ക്ക് പോസ്റ്റിംഗിന് വന്നപ്പോൾ തന്നെ അദ്ദേഹത്തിനെ അറിയിക്കണമെന്ന് പറഞ്ഞു. അതെല്ലാം തന്നെ കൃത്യമായി ആ കാര്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും അറിയിച്ച് നല്ല ബന്ധം അന്നും ഇന്നും തുടരുന്നുണ്ട്. മരണവിവരം അറിയിച്ച ആ ഒരു നിമിഷം അച്ഛൻ ഒന്ന് ഓർത്തിരുന്നു. അതൊരു വളരെ വിഷമിച്ച ഒരു അന്തരീക്ഷമായിരുന്നു. മുഖത്തൊക്കെ വളരെ വികാര തീവ്രതയും വയ്യാതിരിക്കുന്ന ഒരാളോട് ഒരു മരണ വിവരം പറയുമ്പോ അറിയാല്ലോ അതിൻ്റെ ഉള്ള വിഷമം എല്ലാവർക്കുമുണ്ട്. അദ്ദേഹത്തിനും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
Story Highlights: Kodiyeri as elder brother: son of V.S