കോടിയേരിയ്ക്ക് പയ്യാമ്പലത്ത് അന്ത്യവിശ്രമം; ഇനി ദീപ്തമായ ഓർമ

മുതിർന്ന സിപിഐഎം നേതാവ് കോടിയേരി ബാലകൃഷ്ണൻ്റെ സംസ്കാരച്ചടങ്ങുകൾ അവസാനിച്ചു. പയ്യാമ്പലം കടൽത്തീരത്ത് കോടിയേരി എരിഞ്ഞടങ്ങി. മക്കളായ ബിനീഷ് കോടിയേരിയും ബിനോയ് കോടിയേരിയും ചേർന്നാണ് ചിതയ്ക്ക് തീകൊളുത്തിയത്. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. മുൻ ആഭ്യന്തര മന്ത്രിയ്ക്ക് പൊലീസ് സേന ഗൺ സല്യൂട്ട് നൽകി. മുൻ മുഖ്യമന്ത്രി ഇ കെ നായനാരുടെയും സിപിഐഎം മുൻ സംസ്ഥാന സെക്രട്ടറി ചടയൻ ഗോവിന്ദന്റേയും സ്മൃതികുടീരങ്ങൾക്ക് നടുവിലായാണ് കോടിയേരിക്ക് ചിതയൊരുക്കിയത്.
Read Also: കൊച്ചിയിൽ ലുലു മാൾ തുടങ്ങാൻ പ്രചോദനം നൽകിയത് കോടിയേരി: എം.എ.യൂസഫലി
മുഖ്യമന്ത്രി പിണറായിയും ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും കോടിയേരി ബാലകൃഷ്ണന്റെ ഭൗതിക ശരീരം തോളിലേറ്റി. മൃതദേഹവും വഹിച്ചുകൊണ്ട് പയ്യാമ്പലത്തേക്കുള്ള വിലാപയാത്രയിലാണ് ഇരുവരും മുന്നിൽ നിന്ന് മൃതദേഹം തോളിലേറ്റിയത്. സിപിഐഎം ജില്ലാ കമ്മിറ്റി ഓഫിസിലെ പൊതുദർശനത്തിന് ശേഷം ആരംഭിച്ച വിലാപയാത്രയിൽ മുഖ്യമന്ത്രി അടക്കം കാൽനടയായി അനുഗമിച്ചിരുന്നു.
കോടിയേരിയെ അവസാനമായി ഒരു നോക്ക് കാണാൻ കണ്ണൂരിലെ വീട്ടിലേക്കും സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്കും ഒഴുകിയെത്തിയത് ആയിരങ്ങളാണ്. പിന്നാലെ പ്രവർത്തകരുടെ മുദ്രാവാക്യം വിളികളുടെ അകമ്പടിയോടെ മൃതദേഹം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിലെത്തിച്ചു. മൂന്നേകാൽ വരെ ജില്ലാകമ്മിറ്റി ഓഫീസായ അഴീക്കോടൻ സ്‍മാരകത്തിൽ മൃതദേഹം പൊതുദർശനത്തിന് വച്ചിരുന്നു.
കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തെ തുടർന്ന് തലശേരി, ധർമടം, കണ്ണൂർ മണ്ഡലങ്ങളിൽ ആദരസൂചകമായി ഇന്ന് ഹർത്താൽ ആചരിക്കുകയാണ്. മൃതദേഹം ഞായറാഴ്ചയാണ് എയർ ആംബുലൻസിൽ ചെന്നൈയിൽ നിന്ന് കണ്ണൂരിലെത്തിച്ചത്. തുടർന്ന് വിലാപയാത്രയായി തലശേരിയിലെത്തിച്ചിരുന്നു.
Story Highlights: kodiyeri balakrishnan cremated payyambalam beach
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here