Advertisement

അപ്രതീക്ഷിത മഴ; റോഡ് തകർന്നടിഞ്ഞതോടെ പൊന്മുടി പൂർണമായും ഒറ്റപ്പെട്ട നിലയിൽ

October 3, 2022
Google News 3 minutes Read
Ponmudi is completely isolated as the road has collapsed

പൊന്മുടിയുടെ പന്ത്രണ്ടാമത്തെ വളവിൽ ഭാഗികമായി ഇടിഞ്ഞ റോഡ് പൂർണമായും തകർന്നതോടെ സ്ഥലം ഒറ്റപ്പെട്ട അവസ്ഥയിലായി. ഇന്ന് ഉച്ചയ്ക്ക് ശേഷം പെയ്ത മഴയിലാണ് റോഡ് തകർന്നടിഞ്ഞത്. ലയങ്ങളിൽ താമസിക്കുന്ന തൊഴിലാളികളാണ് ഒറ്റപ്പെട്ടത്. റോഡ് ഭാഗികമായി തകർന്നതിനാൽ വിനോദസഞ്ചാരികളെ വിലക്കിയിരുന്നു. 12ആം വളവിന് മുകളിലേക്ക് വാഹനങ്ങൾക്ക് കടന്നു പോകാനാവില്ല. ലയങ്ങളിലെ തൊഴിലാളികളെയും കെ.റ്റി.‍ഡി.സി ജീവനക്കാരെയും മാറ്റാനുള്ള ശ്രമമാണ് തുടരുന്നത്. ( Ponmudi is completely isolated as the road has collapsed ).

ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടതിനാൽ കേരളത്തിൽ ശനിയാഴ്ച വരെ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പ് നൽകിയിട്ടില്ല. മത്സ്യബന്ധനത്തിനും തടസമില്ല.

Read Also: പൊന്മുടിയിൽ വീണ്ടും മണ്ണിടിച്ചിൽ; ഗതാഗതം തടസപ്പെട്ടു

സംസ്ഥാനത്ത് ഒക്ടോബർ അഞ്ചുവരെ ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്നലെ മുന്നറിയിപ്പ് നൽകിയിരുന്നു. കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ മുൻകരുതൽ സ്വീകരിക്കണമെന്നും ഇടിമിന്നൽ ദൃശ്യമല്ല എന്നതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കരുതെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു.

ഇടിമിന്നൽ ലക്ഷണം കണ്ടാൽ തുറസായസ്ഥലങ്ങളിൽ നിൽക്കുന്നത് ഒഴിവാക്കണം. ജനലും വാതിലും അടച്ചിടണം. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കണം. വൈദ്യുതി ഉപകരണങ്ങളുമായുള്ള സാമിപ്യം ഒഴിവാക്കണം.
ഇടിമിന്നൽ സമയത്ത് ടെറസിലോ ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്. പട്ടം പറത്തുന്നത് ഒഴിവാക്കണം.

അന്തരീക്ഷം മേഘാവൃതമാണെങ്കിൽ, തുറസായ സ്ഥലത്തും, ടെറസ്സിലും കുട്ടികളെ കളിക്കാൻ അനുവദിക്കരുത്. മിന്നലാഘാതമേറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഉണ്ടാകില്ല. മിന്നലേറ്റ ആളിന് ഉടൻ വൈദ്യ സഹായം എത്തിക്കണം.

ജലാശയത്തിൽ മീൻ പിടിക്കാനും കുളിക്കാനും ഇറങ്ങരുത്. ഇടിമിന്നൽ സമയങ്ങളിൽ വാഹനത്തിനുള്ളിൽ സുരക്ഷിതരായിരിക്കുമെന്നതിനാൽ വാഹനമോടിക്കുന്നവർ അതിനുള്ളിൽ തുടരണം. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഒഴിവാക്കണമെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ജാഗ്രതാ നിർദേശത്തിൽ പറയുന്നു.

Story Highlights: Ponmudi is completely isolated as the road has collapsed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here