വിനു മങ്കാദ് ട്രോഫിയ്ക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; അഭിഷേക് ജെ നായർ നയിക്കും

2022-23 സീസണിലെ അണ്ടർ 19 ആഭ്യന്തര ടൂർണമെൻ്റ് വിനു മങ്കാദ് ട്രോഫിയ്ക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. തിരുവനന്തപുരം സ്വദേശിയായ അഭിഷേക് ജെ നായരുടെ ക്യാപ്റ്റൻസിക്കു കീഴിൽ 16 അംഗ ടീമിനെയാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ വിനു മങ്കാദ് ട്രോഫിയിലും അഭിഷേക് ജെ നായർ കളിച്ചിരുന്നു. കഴിഞ്ഞ രഞ്ജി ട്രോഫിയിൽ അടക്കം തകർപ്പൻ പ്രകടനം നടത്തിയ പേസർ ഏദൻ ആപ്പിൾ ടോം ആണ് വൈസ് ക്യാപ്റ്റൻ. മുൻ കേരള താരം സോണി ചെറുവത്തൂരാണ് ടീം പരിശീലകൻ.
ഈ മാസം ഏഴിന് മണിപ്പൂരിനെതിരെയാണ് കേരളത്തിൻ്റെ ആദ്യ മത്സരം. എട്ടിന് ഛണ്ഡീഗഢ്, 10ന് ഉത്തർ പ്രദേശ്, 12ന് ജമ്മു കശ്‌മീർ, 14ന് ബെംഗാൾ എന്നിവർക്കെതിരെയാണ് കേരളത്തിൻ്റെ മത്സരങ്ങൾ. 50 ഓവറുകളുള്ള ലിസ്റ്റ് എ മത്സരങ്ങളാണ് വിനു മങ്കാദ് ട്രോഫിയിൽ കളിക്കുക. ഹരിയാന അണ്ടർ 19 ആണ് നിലവിലെ ചാമ്പ്യന്മാർ.
കേരള ടീം:
അഭിഷേക് ജെ നായർ, ഏദൻ ആപ്പിൾ ടോം, അർജുൻ വേണുഗോപാൽ, പ്രീതിഷ് പവൻ, അപ്പു പ്രകാശ്, ആകർഷ് എകെ, നിരഞ്ജൻ വി ദേവ്, കാമിൽ അബൂബക്കർ, പവൻ ശ്രീധർ, വിജയ് വിശ്വനാഥ്, അഹ്‌മദ് ഇമ്രാൻ, എം സെബാസ്റ്റ്യൻ, വിനയ് വർഗീസ്, വിഷ്ണു മേനോൻ രഞ്ജിത്ത്, എബിൻ അൻ്റോണിയോ ജോസ്, അഭിജിത്ത് പ്രവീൺ
Story Highlights: vinoo mankad kerala team
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here