ഇന്ത്യ – ദക്ഷിണാഫ്രിക്ക മൂന്നാം ടി-20 ഇന്ന്; ഋഷഭ് പന്ത് ഓപ്പണറായേക്കും

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മൂന്നാം ടി-20 മത്സരം ഇന്ന്. വിരാട് കോലിക്കും ലോകേഷ് രാഹുലിനും വിശ്രമം അനുവദിച്ചതിനാൽ ഇന്ന് വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് രോഹിതിനൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്തേക്കും. ശ്രേയാസ് അയ്യരും ഇന്ന് കളിച്ചേക്കും. ഷഹബസ് അഹ്‌മദ്, മുഹമ്മദ് സിറാജ് എന്നിവരിൽ ഒരാൾക്കും ഇന്ന് സാധ്യതയുണ്ട്. ഇൻഡോറിലെ ഹോൾകർ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ന് രാത്രി 7 മണിക്കാണ് മത്സരം.
തിരുവനന്തപുരത്തും ഗുവാഹത്തിയിലും നടന്ന ആദ്യ രണ്ട് മത്സരങ്ങളിലും വിജയിച്ച് പരമ്പര നേടിയ ഇന്ത്യയ്ക്ക് ഇന്ന് പരീക്ഷണ ദിനമാണ്. ടി-20 ലോകകപ്പിനു മുൻപുള്ള അവസാന ടി-20 മത്സരമെന്ന നിലയിൽ ഇന്നത്തെ മത്സരത്തിന് പ്രാധാന്യമുണ്ട്. ജയത്തോടെ ലോകകപ്പിനെത്തുക എന്നത് മാനസികമായി മുൻതൂക്കം നൽകും. എങ്കിലും ബഞ്ച് സ്ട്രെങ്ങ്ത് പരീക്ഷിക്കാനുള്ള അവസരമെന്ന നിലയിൽ ഇന്ത്യ ഇന്നത്തെ മത്സരത്തിനെ കാണും. പരുക്കേറ്റ് പുറത്തായ ജസ്പ്രീത് ബുംറയ്ക്ക് പകരം പേസറെ എത്രയും വേഗം തീരുമാനിക്കേണ്ടതുണ്ട്. ആ സ്ഥാനവും ഇന്ന് തീരുമാനിക്കപ്പെട്ടേക്കും. മുഹമ്മദ് സിറാജിനാണ് സാധ്യത കല്പിക്കപ്പെടുന്നതെങ്കിലും ദീപക് ചഹാറും റഡാറിലുണ്ട്.
പരമ്പരാഗതമായി റണ്ണൊഴുകും പിച്ചാണ് ഇൻഡോറിലേത്. ടോസ് നേടുന്ന ടീം ആദ്യം ഫീൽഡ് ചെയ്യാറാണ് പതിവ്.
Story Highlights: india south africa 3rd t20 today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here