കോൺഗ്രസ് അധ്യക്ഷ സ്ഥാനാർഥി ശശി തരൂരിനെ അവഗണിച്ച് സംസ്ഥാന നേതൃത്വം

കേരളത്തിലെത്തിയ കോൺഗ്രസ് അധ്യക്ഷ സ്ഥാനാർഥി ശശി തരൂരിനെ അവഗണിച്ച് സംസ്ഥാന നേതൃത്വം. മുതിർന്ന നേതാക്കൾ പക്ഷം പിടിക്കുന്നുണ്ടെങ്കിലും അണികൾ അനുസരിക്കണമെന്നില്ലെന്നാണ് തരൂരിന്റെ വിമർശനം. വോട്ടിങ്ങിനായുള്ള തിരിച്ചറിയൽ കാർഡ് വാങ്ങാൻ കെപിസിസി ഓഫീസിലെത്തിയ തരൂരിനെ മുദ്രാവാക്യങ്ങളോടെയാണ് പ്രവർത്തകർ സ്വീകരിച്ചത്. ( kerala leadership ignoring Congress president candidate Dr. Shashi Tharoor ).
കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ മല്ലികാർജുൻ ഖാർഖെക്കുള്ള കെപിസിസി പ്രസിഡന്റിന്റെയും പ്രതിപക്ഷനേതാവിന്റെയും പരസ്യപിന്തുണയിൽ അതൃപ്തരാണ് തരൂർ ക്യാമ്പ്. പക്ഷംചേരൽ പാടില്ലെന്ന മാർഗനിർദേശം പുറത്തിറങ്ങും മുൻപാണ് പ്രതികരണങ്ങൾ നടത്തിയതെന്ന് നേതാക്കൾ വിശദീകരിക്കുമ്പോഴും തരൂരിനോടുള്ള വിയോജിപ്പ് ഇന്ന് മറനീക്കി പുറത്തുവന്നു. കെപിസിസി ആസ്ഥാനമായ ഇന്ദിരഭവനിലെത്തിയ തരൂരിനെ സ്വീകരിക്കാനെത്തിയത് പ്രാദേശിക നേതാക്കൾ മാത്രം.
Read Also: താൻ മത്സരിക്കണമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു: ശശി തരൂർ
തിരുവനന്തപുരത്തുണ്ടായിരുന്ന കെ. സുധാകരൻ ഈ സമയം കൊല്ലത്തേക്ക് പുറപ്പെട്ടു. പ്രവർത്തകരുടെ സ്വീകരണം ഏറ്റുവാങ്ങിയ തരൂർ കെപിസിസിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയിൽ നിന്ന് തെരഞ്ഞെടുപ്പ് തിരിച്ചറിയിൽ കാർഡ് വാങ്ങി മടങ്ങി. നേതാക്കൾ പക്ഷം ചേർന്നാലും അണികൾ അനുസരിക്കില്ലെന്നായിരുന്നു തരൂരിന്റെ വിമർശനം.
ഇന്നും നാളെയും സംസ്ഥാനത്ത് തുടരുന്ന തരൂർ പിന്തുണക്കാൻ സാധ്യതയുള്ള നേതാക്കളെ നേരിൽ കാണും. തുടക്കത്തിൽ യുവനേതാക്കളടക്കമുള്ളവരുടെ പിന്തുണ നേടിയെടുത്ത തരൂരിന് സംസ്ഥാനത്ത് അതിൽ കൂടുതൽ പിന്തുണ ആർജ്ജിക്കാനും കഴിഞ്ഞില്ലെന്നത് വെല്ലുവിളിയാണ്.
Story Highlights: kerala leadership ignoring Congress president candidate Dr. Shashi Tharoor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here