കോടിയേരി ബാലകൃഷ്ണനെ അനുസ്മരിച്ച് ജിദ്ദയിലെ മലയാളികൾ

കോടിയേരി ബാലകൃഷ്ണൻറെ നിര്യാണത്തിൽ ജിദ്ദയിലെ പൊതുസമൂഹം അനുശോചനം രേഖപ്പെടുത്തി. നവോദയ സാംസ്കാരിക വേദി സംഘടിപ്പിച്ച അനുശോചന യോഗത്തിൽ വിവിധ മേഖലകളിൽ നിന്നുള്ള നൂറുക്കണക്കിന് ആളുകൾ പങ്കെടുത്തു.
അന്തരിച്ച പ്രിയ സഖാവിന് ആദരാഞ്ജലിയർപ്പിക്കാൻ വിവിധ മേഖലകളിലുള്ള നൂറുക്കണക്കിന് ആളുകളാണ് ജിദ്ദയിൽ ഒത്തുകൂടിയത്. കൊടിയേരിയുടെ നിര്യാണത്തെ തുടർന്നു നവോദയ സാംസ്കാരിക വേദി സംഘടിപ്പിച്ച അനുശോചന യോഗത്തിൽ കക്ഷി രാഷ്ട്രീയത്തിനതീതമായി പ്രമുഖർ പങ്കെടുത്തു. പ്രിയ നേതാവിൻറെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് ചടങ്ങുകൾ ആരംഭിച്ചത്. അബീർ ഗ്രൂപ്പ് പ്രസിഡൻറ് ആലുങ്ങൽ മുഹമ്മദ്, കെ.എം.സി.സി സൗദി നാഷണൽ കമ്മിറ്റി പ്രസിഡൻറും തിരൂരങ്ങാടി നഗരസഭാ അധ്യക്ഷനുമായ കെ.പി മുഹമ്മദ് കുട്ടി തുടങ്ങി നിരവധി പേർ കൊടിയേരിയുമൊത്തുള്ള അനുഭവങ്ങൾ പങ്കുവെച്ചു.
മാതൃകാപരമായ പൊതുപ്രവർത്തകൻ എന്നതിനപ്പുറം സാധാരണക്കാരെ ചേർത്ത്പിടിച്ച മനുഷ്യസ്നേഹി കൂടിയായിരുന്നു കൊടിയേരിയെന്ന് ചടങ്ങിൽ സംസാരിച്ചവർ അനുസ്മരിച്ചു. രാഷ്ട്രീയ, കലാ-സാഹിത്യ- സാംസ്കാരിക സംഘടനാ പ്രതിനിധികളും വ്യവസായ പ്രമുഖരും മാധ്യമ പ്രവർത്തകരും സംസാരിച്ചു. നവോദയ രക്ഷാധികാരി ഷിബു തിരുവനന്തപുരം, പ്രസിഡൻറ് കിസ്മത്ത് മമ്പാട്, ജനറൽ സെക്രട്ടറി ശ്രീകുമാർ മാവേലിക്കര എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.
Story Highlights: Malayalees in Jeddah commemorating Kodiyeri Balakrishnan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here