സമാധാന നൊബേൽ: ഇന്ത്യയിൽ നിന്ന് മുഹമ്മദ് സുബൈർ അടക്കം മൂന്ന് പേർ പരിഗണനയിൽ

ഈ വർഷത്തെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരത്തിന് ഇന്ത്യയിൽ നിന്നുള്ള മൂന്ന് പേർ പരിഗണനയിൽ. വിദ്വേഷ ട്വീറ്റിട്ടെന്ന പേരിൽ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത ആൾട്ട് ന്യൂസ് സഹ സ്ഥാപകൻ മുഹമ്മദ് സുബൈർ അടക്കം മൂന്ന് പേരെയാണ് പരിഗണിക്കുന്നത്. ആൾട്ട് ന്യൂസിൻ്റെ മറ്റൊരു സഹ സ്ഥാപകൻ പ്രതിക് സിൻഹ, ആക്ടിവിസ്റ്റ് ഹർഷ് മന്ദർ എന്നിവരാണ് സുബൈറിനൊപ്പം പട്ടികയിൽ. ടൈം മാഗസിൻ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
2018ൽ വിദ്വേഷ ട്വീറ്റിട്ടെന്ന പേരിൽ ഈ വർഷം ജൂണിലാണ് മുഹമ്മദ് സുബൈറിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്യുന്നത്. വിവിധ മതവിഭാഗങ്ങൾക്കിടയിൽ അസഹിഷ്ണുത വളർത്താൻ ശ്രമിച്ചു എന്നാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. വ്യാജവാർത്തകൾക്കെതിരായ പ്രതിരോധവും മതതീവ്രവാദത്തിനും അസഹിഷ്ണുതയ്ക്കുമെതിരായ പോരാട്ടവുമാണ് പ്രതികിനെയും സുബൈറിനെയും സമാധാനത്തിനുള്ള നൊബേൽ പുരസ്കാരത്തിനു പരിഗണിക്കാനുള്ള കാരണം.
2002ലെ ഗുജറാത്ത് കലാപത്തിനു ശേഷം സർവീസിൽ നിന്ന് രാജിവെച്ച ഐഎഎസ് ഉദ്യോഗസ്ഥനാണ് ഹർഷ് മന്ദർ. എഴുത്തുകാരനും ആക്ടിവിസ്റ്റുമാണ്. ദില്ലിയിലെ സെന്റർ ഫോർ ഇക്വിറ്റി സ്റ്റഡീസിന്റെ ഡയറക്ടറായ അദ്ദേഹം കർവാൻ-ഇ-മൊഹബത്ത് എന്ന സംഘടനയിലും പ്രവർത്തിക്കുന്നുണ്ട്.
ഡേവിഡ് ആറ്റൻബറോ, ഗ്രെറ്റ തുൻബെർഗ്, പോപ്പ് ഫ്രാൻസിസ് തുടങ്ങിയവരും സാധ്യതാ പട്ടികയിലുണ്ട്.
Story Highlights: Mohammed Zubair Nobel Peace Prize
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here