ഭാരത് ജോഡോ യാത്ര ആരംഭിച്ച് ഇന്ന് ഒരു മാസം

ഭാരത് ജോഡോ യാത്ര ആരംഭിച്ച് ഇന്ന് ഒരു മാസം. ഒട്ടേറെ വിവാദങ്ങളും, പരിഹാസങ്ങളും യാത്രയുമായി ബന്ധപ്പെട്ട് ഉയർന്നിരുന്നു. കർണാടകയിലൂടെ കടന്നുപോകുന്ന ഭാരത് ജോഡോ യാത്രയുടെ എട്ടാം ദിനമാണിന്ന്. രാവിലെ ഏഴിന് മാൺഡ്യയിലെ കെ. മലെനഹള്ളിയിൽ നിന്ന് യാത്ര പുറപ്പെടും. ഇന്നലെ മാൺഡ്യയിലെ കർഷകരുമായി രാഹുൽ ഗാന്ധി ആശയ സംവാദം നടത്തിയിരുന്നു. മേഖലയിൽ കർഷകരുടെ ആത്മഹത്യ വർധിക്കുന്ന സാഹചര്യത്തിനിടെയാണ് കൂടിക്കാഴ്ച നടന്നതെന്നത് ശ്രദ്ധേയമാണ്. ആത്മഹത്യ ചെയ്ത കർഷകരുടെ ബന്ധുക്കൾ രാഹുൽ ഗാന്ധിയെ കാണാൻ എത്തിയിരുന്നു.
ഇന്നലെ എഐസിസി അധ്യക്ഷ സോണിയ ഗാന്ധി യാത്രയ്ക്കൊപ്പം ചേർന്നിരുന്നു. മൈസൂരുവിന് സമീപം നാഗമംഗലയിലാണ് യാത്രയിൽ ചേർന്നത്. രണ്ട് ദിവസമായി മൈസൂരുവിൽ ക്യാമ്പ് ചെയ്യുന്ന സോണിയ ഗാന്ധി സംസ്ഥാനത്തെ പ്രധാന നേതാക്കളുമായി കൂടികാഴ്ച നടത്തിയിരുന്നു. ബെല്ലാരിയിൽ നടക്കുന്ന പൊതു സമ്മേളനത്തിൽ സോണിയ ഗാന്ധി പങ്കെടുത്തേക്കും.
കൂടാതെ കർണാടകയിൽ വിജയ ദശമി ദിനത്തിൽ സോണിയ ഗാന്ധി ക്ഷേത്ര ദർശനം നടത്തി. ബെഗൂർ ഗ്രാമത്തിലെ ബീമനകൊല്ലി ക്ഷേത്രത്തിലെത്തിയാണ് സോണിയാ ദസറ പ്രാർത്ഥന നടത്തിയത്.
നിയമസഭാ തെരെഞ്ഞെടുപ്പിന് ആറു മാസം മാത്രം ശേഷിക്കെ ഭിന്നിച്ച് നിൽക്കുന്ന സംസ്ഥാന നേതൃത്വത്തിൽ ഐക്യം കൊണ്ടുവരാനാണ് സോണിയ നേരിട്ട് ഇടപെട്ടത്. ഭാരത് ജോഡോ യാത്രയിലൂടെ കർണാടകയിൽ തെരെഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾക്ക് കൂടി തുടക്കമിടുകയാണ് കോൺഗ്രസ്.
പ്രിയങ്ക ഗാന്ധിയും കർണാടകയിലെ യാത്രയുടെ ഭാഗമാവുമെന്ന് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാറും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും നേരത്തെ അറിയിച്ചിരുന്നു. പ്രിയങ്ക വെള്ളിയാഴ്ച്ചയാണ് യാത്രയിൽ പങ്കെടുക്കുക.
Story Highlights: bharat jodo yatra one month
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here