Advertisement

പത്തനംതിട്ടയിൽ വൈദ്യവുമായി ജീവിച്ച ദമ്പതികൾ; ഭഗവലിന്റെ അച്ഛൻ പ്രസിദ്ധനായ തിരുമ്മലുകാരൻ; കുടുംബം നരബലി ചെയ്തുവെന്ന് വിശ്വസിക്കാനാകാതെ നാട്ടുകാർ

October 11, 2022
2 minutes Read
bhagaval singh kerala human sacrifice

കേരളം കേട്ട അരുംകൊലയിൽ നടുങ്ങു നിൽക്കുകയാണ് പത്തനംതിട്ട ഇലന്തൂർ നിവാസികൾ. പത്തനംതിട്ട ഇലന്തൂരിൽ പൂജയും മന്ത്രവും വൈദ്യവുമായി നാട്ടുകാർക്കിടയിൽ സാധാരണ ഒരു കുടുംബത്തെ പോലെ ജീവിച്ച വ്യക്തികളാണ് നരബലിയെ തുടർന്ന് പിടിയിലായ ഭഗവലും ഭാര്യ ലൈലയും. തങ്ങൾക്കെല്ലാം സുപരിചിതരായ ഇവരുടെ വീട്ടിൽ നരബലി നടന്നുവെന്ന് നാട്ടുകാർക്ക് വിശ്വസിക്കാനാകുന്നില്ല. ( bhagaval singh kerala human sacrifice )

വലിയ ഒഴിഞ്ഞ പറമ്പിലാണ് ഭഗവലും ഭാര്യയും താമസിക്കുന്ന വീട്. വീടിന് തൊട്ടടുത്തായി ഒരു കാവുണ്ട്. അവിടെയാണ് നരബലിയുമായി ബന്ധപ്പെട്ട പൂജ നടന്നിരിക്കുന്നത്. ശേഷം വീടിന് പിന്നിലുള്ള ഒഴിഞ്ഞ പറമ്പിലാണ് കൊലപാതകം നടത്തിയിരിക്കുന്നത്.

പണ്ട് മുതലേ ഇവിടെ താമസിക്കുന്നവരാണ് ഭഗവലും ലളിതയും. ഭഗവലിന്റെ അച്ഛൻ പ്രദേശത്തെ പ്രസിദ്ധനായ തിരുമ്മലുകാരനാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് ട്വന്റിഫോറിനോട് പറഞ്ഞു. ഭഗവലിനെ കുറിച്ച് നല്ല അഭിപ്രായം മാത്രമേ നാട്ടിലുണ്ടായിരുന്നുള്ളു. വീട്ടിൽ പൂജയും മന്ത്രവുമെല്ലാം നടക്കുന്നുണ്ടെന്ന് അറിയാമായിരുന്നുവെന്ന് മറ്റൊരു നാട്ടുകാരൻ ട്വന്റിഫോറിനോട് പറഞ്ഞു. നിലവിൽ കൊല്ലപ്പെട്ട സ്ത്രീകളുടെ മൃതദേഹം കണ്ടെത്താനായി വീടിന് പിന്നിലെ പറമ്പിൽ കുഴിച്ചുകൊണ്ടിരിക്കുകയാണ്.

ഇന്ന് രാവിലെയാണ് തിരുവല്ലയിൽ നരബലി നടന്നുവെന്ന വാർത്ത പുറത്ത് വന്നത്. ഐശ്വര്യവും സമ്പത്തും ലഭ്യമാകാനുള്ള സർവൈശ്വര്യ പൂജയ്ക്ക് വേണ്ടിയായിരുന്നു 2 സ്ത്രീകളെ കഴുത്തറുത്ത് കൊലപ്പെടുത്തിയതെന്നാണ് പൊലീസിന് പ്രതികൾ നൽകിയ മൊഴി. കൊച്ചി കടവന്ത്രയിൽ ലോട്ടറി വിൽപ്പനക്കാരിയായ പത്മയാണ് കൊല്ലപ്പെട്ടവരിൽ ഒരാൾ. പത്മയുടെ തിരോധാനമാണ് നരബലിയെ കുറിച്ചുള്ള വെളിപ്പെടുത്തലിലേക്ക് വഴി തെളിച്ചത്. കുറച്ച് നാൾ മുൻപ് കടവന്ത്രയിൽ നിന്ന് ലോട്ടറി വിൽപനക്കാരിയായ സ്ത്രീയെ കാണാതായിരുന്നു. കഴിഞ്ഞ മാസം 26-ാം തിയതിയാണ് പത്മയെ കാണാതാകുന്നത്. പത്മയെന്ന സ്ത്രീയുടെ തിരോധാനത്തെ കുറിച്ചുള്ള പൊലീസിന്റെ അന്വേഷണമാണ് കൊലപാതകത്തിലേക്കും അത് നരബലിയാണെന്നുമുള്ള വെളിപ്പെടുത്തലിലേക്കും വഴി തെളിച്ചത്. പത്മയുടെ മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പൊലീസിനെ തിരുവല്ലയിൽ എത്തിച്ചത്. പിന്നീടാണ് സമാന രീതിയിൽ കാലടിയിൽ നിന്ന് മറ്റൊരു യുവതിയേയും കാണാനില്ലെന്ന കാര്യം പൊലീസ് അന്വേഷണത്തിൽ കണ്ടെത്തുന്നത്. ജൂൺ മാസമാണ് തൃശൂർ സ്വദേശിനിയായ റോസ്ലിയെ കാലടിയിൽ നിന്ന് കാണാതാകുന്നത്.

Story Highlights: bhagaval singh kerala human sacrifice

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top