എൽദോസ് കുന്നപ്പള്ളിക്ക് നേരെയുള്ള ആരോപണവും കേസും അതീവ ഗൗരവതരം: വി.കെ.സനോജ്

എൽദോസ് കുന്നപ്പള്ളിക്ക് നേരെയുള്ള ആരോപണവും കേസും അതീവ ഗൗരവതരമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ്. കോൺഗ്രസ് നേതൃത്വം മറുപടി പറയണം. ഒത്തു തീർപ്പാക്കാൻ ശ്രമിച്ചു എന്നത് ഗൗരവമുള്ളതാണെന്നും സനോജ് കുറ്റപ്പെടുത്തി ( case against eldhose kunnappilly very serious: VK Sanoj ).
സ്ത്രീ പീഡകരെയും കൊലയാളികളെയും സംരക്ഷിക്കുന്ന പാർട്ടിയായി കോൺഗ്രസ് മാറി. ചിന്തൻ ശിബിരിൽ പോലും പീഡനം നടന്നു. ആ പെൺകുട്ടിയെ കെപിസിസി നേതൃത്വം നേരിട്ട് കണ്ട് പരാതി പിൻവലിപ്പിച്ചുവെന്നും സനോജ് ആരോപിച്ചു.
എൽദോസ് കുന്നപ്പിള്ളിക്കെതിരായ ആരോപണം എംഎൽഎക്കെതിരെ ശക്തമായ നടപടി വേണമെന്ന് ഡിവൈഎഫ്ഐ പറഞ്ഞു. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്തെ ഓർമിപ്പിക്കുന്ന സംഭവമെന്ന് എ.എ.റഹീം എംപി പറഞ്ഞു. ഭരണം നഷ്ടപ്പെട്ടിട്ടും അതേ രീതി തുടരുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എൽദോസ് കുന്നപ്പിള്ളിക്കെതിരെ മൊഴി നൽകാനെത്തിയ പരാതിക്കാരി കുഴഞ്ഞു വീണു. മൊഴി നൽകുന്നതിനിടെയാണ് കുഴഞ്ഞു വീണത്. യുവതിയെ ആശുപത്രിയിലേക്ക് മാറ്റി. കോവളം പൊലീസ് സ്റ്റേഷനിലാണ് യുവതി മൊഴി നൽകാൻ എത്തിയത്.
മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുക്കാനാണ് തീരുമാനം. പരാതിയിൽ ഉറച്ചുനിൽക്കുന്നുവെന്ന് കഴിഞ്ഞ ദിവസം വഞ്ചിയൂർ പൊലീസിനും മജിസ്‌ട്രേറ്റിനും യുവതി മൊഴി നൽകിയിരുന്നു.
കഴിഞ്ഞ മാസം 14-നാണ് എൽദോസ് കുന്നപ്പിള്ളിയും സുഹൃത്തായ യുവതിയും കോവളത്തെത്തിയത്. അവിടെവെച്ച് വാക്കുതർക്കമുണ്ടാവുകയും കുന്നപ്പിള്ളി മർദിച്ചുവെന്നുമാണ് യുവതിയുടെ പരാതി. പിന്നീട് സിറ്റി പൊലീസ് കമ്മീഷണർക്ക് യുവതി പരാതി നൽകിയിരുന്നു. പരാതി കോവളം സ്റ്റേഷനിലേക്ക് കൈമാറിയെങ്കിലും ഇതുമായി ബന്ധപ്പെട്ട് കേസെടുത്തിരുന്നില്ല. ഒരാഴ്ചയോളം പരാതിയിൽ കേസെടുക്കാതെയിരുന്ന പൊലീസ് ഇതുമായി ബന്ധപ്പെട്ട വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് യുവതിയോട് ഹാജരാകാൻ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടത്.
ഇതിനിടെ യുവതിയെ കാണാനില്ലെന്ന പരാതിയും വന്നു. ഇതേതുടർന്ന് വഞ്ചിയൂർ പൊലീസ് കേസെടുക്കുകയും ചെയ്തു. ഇതിനുപിന്നാലെ തിങ്കളാഴ്ച വൈകുന്നേരത്തോടെ കോവളം പൊലീസ് സ്റ്റേഷനിൽ ഹാജരായ യുവതി എംഎൽഎക്കെതിരായ പരാതിയിൽ ഉറച്ചുനിൽക്കുകയാണെന്ന് പൊലീസിനെ അറിയിച്ചു. ഇതിനുശേഷം കാണാനില്ലെന്ന പരാതിയിൽ കേസെടുത്തതിനാൽ വഞ്ചിയൂർ സ്റ്റേഷനിലും യുവതി ഹാജരായി. തുടർന്ന് മജിസ്‌ട്രേറ്റിന് മുന്നിലും മൊഴി രേഖപ്പെടുത്തി. രാഷ്ട്രീയ സമ്മർദങ്ങളെ തുടർന്ന് മാറി നിൽക്കുകയായിരുന്നുവെന്നാണ് യുവതി മൊഴി നൽകിയതെന്നാണ് സൂചന. കേസെടുക്കാൻ വൈകിയതിൽ പൊലീസിനെതിരേ ആരോപണം ഉന്നയിച്ചതായും സൂചനയുണ്ട്. എന്നാൽ ഇതിന് ശേഷം സംഭവത്തിൽ മൊഴി നൽകാൻ യുവതി തയ്യാറായിരുന്നില്ല. ഇതിനെ തുടർന്ന് പൊലീസ് പരാതിയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാതെ മുന്നോട്ടുപോവുകയായിരുന്നു.
Story Highlights: case against eldhose kunnappilly very serious: VK Sanoj
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here