Advertisement

വധൂവരന്മാരുടെ മതം ചൂണ്ടിക്കാട്ടി വിവാഹ രജിസ്ട്രേഷന് വിസമ്മതിച്ചാൽ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി: എം.ബി.രാജേഷ്

October 13, 2022
Google News 2 minutes Read

വധൂവരന്മാരുടെയോ രക്ഷിതാക്കളുടെയോ മതം ചൂണ്ടിക്കാട്ടി, വിവാഹങ്ങൾ രജിസ്റ്റർ ചെയ്തു നൽകാൻ വിസമ്മതിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി എം.ബി.രാജേഷ്.

മതം പരിശോധിക്കാതെ തന്നെ എല്ലാ വിവാഹങ്ങളും രജിസ്റ്റർ ചെയ്ത് നൽകണമെന്ന നിർദേശം തദ്ദേശ സ്വയം ഭരണ വകുപ്പ് 2021 നവംബർ 23ന് ഉദ്യോഗസ്ഥർക്ക് നൽകിയതാണ്. മതാചാര പ്രകാരമല്ലാത്ത വിവാഹങ്ങളുടെ കാര്യവും നിർദേശത്തിൽ എടുത്ത് പറഞ്ഞിട്ടുണ്ട്. 2008ലെ വിവാഹങ്ങൾ രജിസ്റ്റർ ചെയ്യൽ പൊതുചട്ടത്തിലും ഇക്കാര്യം കൃത്യമായി വിശദീകരിച്ചിട്ടുണ്ട്.

ഹൈക്കോടതിയിലെത്തിയ ഉദയംപേരൂർ സ്വദേശികളുടെ വിവാഹരജിസ്ട്രേഷനുമായി ബന്ധപ്പെട്ട വിഷയത്തിൽ അടിയന്തര റിപ്പോർട്ട് തേടിയിട്ടുണ്ട്‌. കർശന നടപടിയുണ്ടാകും. സർക്കാർ നയത്തിന് വിരുദ്ധമായി ഏതെങ്കിലും ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നത് അംഗീകരിക്കാനാകില്ല. മതനിരപേക്ഷമായ വിവാഹങ്ങളെ നിരുത്സാഹപ്പെടുത്തുന്ന രീതിയിൽ ഉദ്യോഗസ്ഥർ പെരുമാറരുത്.

Read Also: സിപിഐഎം ഭരിക്കുന്ന സഹകരണ ബാങ്കുകളിൽ സാമ്പത്തിക ക്രമക്കേട്; പി.കെ.ശശിക്കെതിരായ പരിശോധിക്കാൻ സംസ്ഥാന സെക്രട്ടറിയുടെ നിർദേശം

ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാനും ഒന്നിച്ചുജീവിക്കാനും ഏതൊരു പൗരനും അവകാശമുള്ള നാടാണ് നമ്മുടെത്. വിവാഹം നടന്നതിൻറെയും, വധൂവരന്മാരുടെ പ്രായവും തെളിയിക്കുന്ന രേഖകൾ ഹാജരാക്കിയാൽ വിവാഹം രജിസ്റ്റർ ചെയ്തുനൽകണം. നിയമപ്രശ്നങ്ങൾക്ക് വഴിവെക്കുന്ന ഇത്തരം വീഴ്ചകളിൽ ശക്തമായ ഇടപെടലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

വിവാഹത്തിൻറെ സാധുത നിർണയിക്കാൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ രജിസ്ട്രാർമാരെ ചുമതലപ്പെടുത്തിയിട്ടില്ല. രജിസ്ട്രേഷനായി വധൂവരന്മാർ നൽകുന്ന സത്യവാങ്മൂലത്തിൽ മതമോ, വിവാഹം നടന്ന രീതിയോ, രക്ഷിതാക്കളുടെ മതമോ രേഖപ്പെടുത്തേണ്ടതില്ല. പ്രായം തെളിയിക്കുന്ന രേഖ നിർബന്ധമാണ്. ഒപ്പം വിവാഹം നടന്നുവെന്ന് തെളിയിക്കാൻ ഗസറ്റഡ് ഓഫിസർ/എംപി/എംഎൽഎ/തദ്ദേശസ്ഥാപന അംഗം ആരെങ്കിലും നൽകുന്ന സാക്ഷ്യപത്രം മതിയാകും.

ഇതല്ലെങ്കിൽ മതാധികാര സ്ഥാപനം നൽകുന്ന സാക്ഷ്യപത്രത്തിൻറെ പകർപ്പോ, സ്റ്റാറ്റ്യൂട്ടറി വ്യവസ്ഥ പ്രകാരം നടന്ന വിവാഹങ്ങൾക്ക് വിവാഹ ഓഫിസറുടെ സാക്ഷ്യപത്രമോ തെളിവായി സമർപ്പിക്കാം. വിവാഹത്തിനായി നൽകുന്ന അപേക്ഷകളിലെവിടെയും മതമോ ആചാരമോ രേഖപ്പെടുത്താൻ ആവശ്യപ്പെടുന്നില്ല. എങ്കിലും സ്കൂൾ സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള രേഖകളും, പേരും പരിശോധിച്ച് ചില രജിസ്ട്രാർമാർ മതം നിർണയിക്കുന്നതായി ആക്ഷേപമുണ്ട്. അങ്ങനെ ചെയ്യുന്നത് നിയമവിരുദ്ധമാണ്. നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു.

Story Highlights: Strict action against officials who refuse to register marriages on the grounds of religion: MB Rajesh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here