Advertisement

ദുരാത്മാവിനെ അകറ്റാൻ 14 കാരിയെ പട്ടിണിക്കിട്ടും മർദിച്ചും കൊലപ്പെടുത്തി: അച്ഛൻ ഉൾപ്പെടെ 2 പേർ അറസ്റ്റിൽ

October 14, 2022
2 minutes Read

അന്ധവിശ്വാസത്തിന്റെ പേരിൽ ഗുജറാത്തിൽ 14 കാരിയെ അച്ഛനും അമ്മാവനും ചേർന്ന് കൊലപ്പെടുത്തി. പെൺകുട്ടിയെ ദിവസങ്ങളോളം പട്ടിണിക്കിടുകയും, പറമ്പിൽ കെട്ടിയിട്ട് മർദിക്കുകയും ചെയ്തതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു. മകൾ ഒരു ദുരാത്മാവിന്റെ സ്വാധീനത്തിലാണെന്ന് പിതാവ് സംശയിച്ചിരുന്നതായും അതിനാലാണ് സഹോദരന്റെ സഹായത്തോടെ കൊലപാതകം നടത്തിയതെന്നും പൊലീസും വ്യക്തമാക്കുന്നു.

ഗിർ സോമനാഥ് ജില്ലയിലെ ധവ ഗ്രാമത്തിലാണ് ദാരുണമായ സംഭവം നടന്നതെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് മനോഹർസിൻഹ് ജഡേജ മാധ്യമങ്ങളോട് പറഞ്ഞു. ധൈര്യ അക്ബരി എന്ന പെൺകുട്ടിയെ ഒക്ടോബർ 1 മുതൽ 7 വരെ പിതാവ് ഭവേഷ് അക്ബറിയുടെ ഫാമിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. ധൈര്യയെ ദുരാത്മാവ് ബാധിച്ചുവെന്ന് സഹോദരൻ ദിലീപ് പറഞ്ഞതിനാൽ മന്ത്രവാദം ചെയ്യാൻ വേണ്ടിയാണ് മകളെ ഫാമിൽ എത്തിച്ചത്. ഒക്ടോബർ 1ന് കുട്ടിയെ കരിമ്പിന് തോട്ടത്തിൽ കെട്ടിയിട്ടു.

Read Also: തന്റെ സഹോദരന് ആരെയും വേദനിപ്പിക്കാൻ അറിയില്ല; ഭഗവൽ സിങ്ങിന്റെ സഹോദരി

രണ്ടിന് ദിലീപും ഭവേഷും ചേർന്ന് വടിയും ഇരുമ്പ് കമ്പിയും ഉപയോഗിച്ച് മർദിക്കുകയും പെൺകുട്ടിയെ വടികൊണ്ട് ബന്ധിച്ച് തലകീഴായി തൂക്കിയിടുകയും ചെയ്തു. എന്നും 2 മണിക്കൂറോളം തീയുടെ അടുത്ത് നിർത്തി. 7 ദിവസത്തോളം വെള്ളവും ഭക്ഷണവും നൽകാതെ പട്ടിണിക്കിട്ടു. ഒക്ടോബർ 7 ന് അവർ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. ഒക്ടോബർ 8 ന് ആരെയും അറിയിക്കാതെ ഗ്രാമത്തിലെ ഒരു ശ്മശാനത്തിൽ ധൈര്യയുടെ അന്ത്യകർമങ്ങൾ നടത്തി.

ധൈര്യയുടെ അമ്മ കപിലബെൻ സംഭവത്തെ കുറിച്ച് അറിഞ്ഞിരുന്നില്ല. ശവസംസ്കാരത്തിന് ശേഷം അമ്മയെയും വിവരമറിയിച്ചു. സാംക്രമിക രോഗത്തെ തുടർന്നാണ് ധൈര്യ മരിച്ചതെന്ന് വീട്ടുകാരെ പറഞ്ഞു തെറ്റിദ്ധരിപ്പിച്ചു. കുട്ടിയുടെ മരണവിവരം അറിഞ്ഞ ഭാവേഷിന്റെ ഭാര്യാപിതാവ് വാൽജിഭായ് ഡോബ്രിയ തലാല പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകി. പിന്നാലെ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് മരണത്തിലെ ചുരുളഴിച്ചു. സംഭവത്തിൽ പ്രതികളായ ഭവേഷ് അക്ബരിയെയും സഹോദരൻ ദിലീപിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

Story Highlights: Gujarat Teen Thought To Be Possessed Starved Tortured By Father Dies

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement