Advertisement

ഹോററോ… ത്രില്ലറോ…കുടുംബ ചിത്രമോ !!!കാഴ്ചക്കാരെ പിടിച്ചിരുത്തി ‘വിചിത്രം’ | Vichithram Review

October 14, 2022
Google News 2 minutes Read
vichitram malayalam movie review

നിഗൂഢതയുണർത്തുന്ന ടൈറ്റിൽ പോസ്റ്റർ, സസ്പെൻസ് ഇട്ട ഒരു ത്രില്ലിംഗ് ട്രയ്ലർ, പേര് പോലെ തന്നെ സിനിമയുടെ അവതരണത്തിലും ഒരു വിചിത്ര സ്വഭാവം. ഷൈൻ ടോം, ബാലു വർ​ഗീസ്, ലാൽ, കനികുസൃതി, എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന നവാഗതനായ അച്ചു വിജയൻ സംവിധാനം ചെയ്ത ‘വിചിത്ര’ ത്തെ ഇങ്ങനെത്തന്നെ വിശേഷിപ്പിക്കാം. വ്യത്യസ്ത രീതിയിൽ ഉള്ള അവതരണം തന്നെ ആണ് ചിത്രത്തെ പ്രേക്ഷകരിലേക്ക് അടുപ്പിക്കുന്നത്. തുടക്കത്തിൽ തന്നെ എന്താണ് സിനിമ എന്ന് സൂചന തരാതെ പശ്ചാത്തല സംഗീതം കൊണ്ടും ആഴത്തിൽ ഉള്ള അർത്ഥങ്ങൾ പകരുന്ന ദൃശ്യങ്ങൾ കൊണ്ടും പ്രേക്ഷകരെ പിടിച്ചിരുത്തുകയാണ് വിചിത്രം ( vichitram malayalam movie review ).

ജാസ്മിൻ എന്ന അമ്മയും ആ അമ്മയുടെ 5 മക്കളും, അവരുടെ കുടുംബം നേരിടുന്ന പ്രതിസന്ധികളും ആണ് ചിത്രത്തിന്റെ പ്രമേയം. മൂത്തമകനായ ജാക്സൺ ആയി എത്തുന്നത് ഷൈൻ ടോം ചാക്കോ ആണ്. ബിസിനസ് ചെയ്ത് കോടികൾ ഉണ്ടാക്കാൻ നടക്കുന്ന കഥാപാത്രമായി ഷൈൻ എത്തിയപ്പോൾ ഉത്തരവാദിത്വം അത്ര കാണിക്കാത്ത, ഒരു പക്കാ ന്യൂ ജോൺ കഥാപാത്രമായി എത്തിയത് ബാലു വർഗീസ് ആയിരുന്നു. ജേഷ്ഠന്മാർ രണ്ടു പേരെക്കാളും ഉത്തരവാദിത്വവും പക്വതയും കാണിക്കുന്ന കഥാപത്രങ്ങൾ ആണ് അനിയന്മാരുടേത്. ഒരു സാധാരണ കുടുംബത്തിലെ ഇണക്കങ്ങളും പിണക്കങ്ങളും ഉള്ള ഈ സഹോദരന്മാർക്ക് തങ്ങളുടെ അമ്മയോടുള്ള സ്നേഹവും അവരുടെ സന്തോഷവുമെല്ലാം ആദ്യ പകുതിയിൽ കാണിച്ചിട്ടുണ്ട്. ഈ കുടുംബം അവരുടെ പൂർവിക വീട്ടിൽ താമസിക്കാൻ തുടങ്ങുമ്പോൾ ഒരിക്കൽ നടന്ന ഒരു സംഭവപരമ്പരയിൽ ഏർപ്പെടുന്നതിന്റെ കഥയാണിത്.

ഇടവേളക്ക് തൊട്ട് മുൻപ് ഒരു ‘പഞ്ച്’ രംഗത്തിൽ നിന്നാണ് പിന്നീട് രണ്ടാം പകുതിയിൽ കഥയെ കുറിച്ചുള്ള സൂചന നൽകുന്നത്. ഒരു കുടുംബത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ചിത്രമെങ്കിലും പിന്നീട് ഒരു ‘ഹോർറോർ’ സിനിമയെന്ന ഭീതി പടർത്തി, ത്രില്ലെർ എന്ന ചിന്തയുണർത്തി പ്രേക്ഷരെ തിയേറ്ററിൽ പിടിച്ചിരുത്തുകയാണ് വിചിത്രം. ചിത്രത്തിന്റെ രണ്ടാം പകുതി കാണുന്ന പ്രേക്ഷകന് ഇതൊരു ഹോറർ ആണോ, ത്രില്ലെർ ആണോ എന്ന സംശയം ജനിപ്പിക്കും വിധം ഓരോ ഷോർട്ടുകളും, ഓരോ രംഗങ്ങളും പകർത്തി ഒരുക്കിവെച്ചിട്ടുണ്ട്. ചിത്രത്തിന്റെ അവസാനം മാത്രമാണ് എന്ത് തരം ചിത്രമാണ് എന്നുള്ള ഒരു പൂർണ രൂപം നമ്മുടെ മനസുകളിലേക്ക് വരികയുള്ളു.

സ്വന്തം കഴിവ് കൊണ്ടും പരിശ്രമം കൊണ്ടും വളർന്നു വന്ന നടൻ എന്ന് നിസംശയം പറയാവുന്ന ഷൈൻ ന്റെ ജാക്സൺ എന്ന കഥാപാത്രം നൂറു ശതമാനം നീതി പുലർത്തിയിട്ടുണ്ട്. ബാലതാരമായിരിക്കുമ്പോൾ തന്നെ ഒരുപാട് നല്ല കഥാപത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച നടൻ ബാലു വർഗീസ് തന്റെ കഥാപത്രം കൊണ്ട് പ്രേക്ഷകരെ രസിപ്പിക്കുകയും ചെയ്തിട്ടുണ്ട്. വ്യത്യസ്തമായ, വിചിത്രമായ കഥാപാത്രങ്ങൾ ചെയ്ത് ഫലിപ്പിച്ചിട്ടുള്ള കനി കുസൃതി എന്ന നടിയുടെ പ്രകടനം വിചിത്രത്തെ മികവുറ്റതാക്കുന്നു. മലയാളത്തിൽ മുൻപ് അഭിനയിച്ചിട്ടുണ്ടെകിലും അത്ര സജീവമല്ലാത്ത നടി കേതകി നാരായൺ കനി കുസൃതിയോടൊപ്പം മികച്ച പ്രകടനമാണ് ചിത്രത്തിൽ കാഴ്ചവെച്ചിട്ടുള്ളത്.

Read Also: യുഎഇയില്‍ മകനെ കാണാന്‍ മുഖ്യമന്ത്രിയ്ക്ക് കേന്ദ്രം അനുമതി നല്‍കിയിരുന്നു; വി മുരളീധരന്റെ വാദങ്ങള്‍ പൊളിയുന്നു

എടുത്തു പറയേണ്ടത് സംവിധായകൻ അച്ചു വിജയനെ കുറിച്ചാണ്, തന്റെ കന്നി സംവിധാനമാണെങ്കിലും നേരത്തെ തന്നെ നല്ലൊരു ചിത്രസംയോജകനായ ഇദ്ദേഹം ചിത്രത്തിന്റെ മേക്കിങ് ഉം വളരെ നന്നായി ശ്രദ്ധ കൊടുത്ത് ഒരുക്കിയിട്ടുണ്ട്. ചിത്രത്തിന്റെ കുറച്ചുഭാഗങ്ങളിൽ മാത്രമേ ലാൽ എന്ന നടന്റെ സാനിധ്യം ഉള്ളു എങ്കിലും, വളരെ ഒരു കാമ്പുള്ള കഥാപാത്രമാണ് ലാലിന്റേത്. നിഖില്‍ രവീന്ദ്രന്‍ എന്ന തിരക്കഥാകൃത്തിന്റെ മനസിൽ ഉള്ള ചിത്രത്തിന്റെ പൂർണ രൂപം അതുപോലെ തന്നെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ വിചിത്രത്തിനു സാധിച്ചു എന്നുള്ളതും എടുത്തു പറയേണ്ടതാണ്.

അർജുൻ ബാലകൃഷ്ണന്റെ ക്യാമറ കണ്ണുകൾ ചിത്രത്തിന്റെ ഓരോ രംഗവും ആഴത്തിൽ ഒപ്പിയെടുത്തപ്പോൾ ചിത്രത്തിന് ജീവൻ നൽകുന്ന സംഗീതമൊരുക്കി മിഥുൻ മുകുന്ദനും തന്റെ കഴിവ് തെളിയിച്ചു. ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അജിത് ജോയും അച്ചു വിജയനും ചേര്‍ന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. പേരുകൊണ്ടും പോസ്റ്ററിന്റെ പ്രത്യേകതകള്‍ കൊണ്ടും ശ്രദ്ധേയമായ വിചിത്രം പ്രേക്ഷകർക്ക് നല്ലൊരു തിയേറ്റർ അനുഭവം തരുമെന്ന കാര്യത്തിൽ സംശയമില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here