Advertisement

‘നിന്റെ കുറ്റമല്ല , നമ്മൾ കടന്നു വന്ന നാടിന്റെ പ്രശ്‌നമാ’; തെക്കൻ കേരളത്തിനെതിരെ വിവാദ പരാമർശവുമായി കെ.സുധാകരൻ

October 16, 2022
Google News 2 minutes Read
k sudhakaran against southern kerala

തെക്കൻ കേരളത്തിനെതിരായ കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെ പരാമർശം വിവാദമാകുന്നു. കേരളത്തിന്റെ തെക്കൻ മേഖലയിലും മലബാർ മേഖലയിലുമുള്ള രാഷ്ട്രീയക്കാർ തമ്മിൽ എത്ര വ്യത്യാസമുണ്ടെന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തോടായിരുന്നു കെ.സുധാകരന്റെ പരാമർശം. ( k sudhakaran against southern kerala )

ചോദ്യം : തെക്കൻ കേരളത്തിലെയും മലബാറിലെയും രഷ്ട്രീയക്കാർ എത്രകണ്ട് വ്യത്യസ്തരാണ് ?

ഉത്തരം : അതെ , അതിന് ചരിത്രപരമായ കാരണങ്ങൾ ഉണ്ട് . ഞാനൊരു കഥ പറയാം. രാവണനെ കൊന്ന ശേഷം പുഷ്പക വിമാനത്തിൽ ഭാര്യ സീതക്കും സഹോദരൻ ലക്ഷ്മണനും ഒപ്പം ലങ്കയിൽ നിന്ന് രാമൻ മടങ്ങുകയാണ് . കേരളത്തിന്റെ തെക്കൻ പ്രദേശത്തിന് മുകളിലൂടെ വിമാനം കടന്നുപോകുമ്പോൾ ..ലക്ഷ്മണൻ ആലോചിച്ചു …രാമനെ കടലിലേക്ക് തള്ളിയിട്ട് സീതയുമായി കടന്നാലോ എന്ന് . അപ്പോഴേക്കും വിമാനം തൃശൂർ എത്തുകയും ലക്ഷ്മണന്റെ മനസ്സ് മാറുകയും ചെയ്തു . മാത്രമല്ല അദ്ദേഹത്തിന് പശ്ചാത്താപം ഉണ്ടായി. രാമനാകട്ടെ അവന്റെ തോളത്തു തട്ടി പറഞ്ഞു .. ‘അതെ, നിന്റെ മനസ്സ് ഞാൻ വായിച്ചു . നിന്റെ കുറ്റമല്ല , നമ്മൾ കടന്നു വന്ന നാടിന്റെ പ്രശ്‌നമാ ..’ ( ചിരിക്കുന്നു ).

ന്യൂ ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിലായിരുന്നു ഈ വിവാദ പ്രസ്താവന. കേരളത്തിൽ സിപിഐഎം, കോൺഗ്രസ് , ബിജെപി പാർട്ടികളുടെ തലപ്പത്ത് മലബാറിൽ നിന്നുള്ള നേതാക്കളാകാൻ കാരണം മലബാറ് സ്വദേശികളുടെ സത്യസന്ധതയും ധൈര്യവുമാണെന്നും ചിരിച്ചുകൊണ്ട് അദ്ദേഹം വ്യക്തമാക്കി.

Read Also: ‘നന്മയാഗ്രഹിക്കുന്ന മനുഷ്യമനസുകളെ ഒന്നിച്ചുചേർത്ത് നടന്നു നീങ്ങുകയാണ് രാഹുൽ ഗാന്ധി’: കെ സുധാകരൻ

ഈ അഭിമുഖത്തിൽ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂരിനെതിരായും വിവാദ പരാമർശങ്ങളുണ്ട്. തരൂര് നല്ല മനുഷ്യനാണെങ്കിലും സംഘടനാ പ്രവർത്തന കാര്യത്തിൽ തരൂരിന് പരിചയ സമ്പത്തില്ലെന്നായിരുന്നു സുധാകരന്റെ പ്രതികരണം. ഇക്കാര്യം തരൂരുമായി സംസാരിച്ചിരുന്നുവെന്നും എന്നാൽ തന്റെ തീരുമാനത്തിൽ തരൂർ ഉറച്ച് നിൽക്കുകയായിരുന്നുവെന്നും സുധാകരൻ പറഞ്ഞു. തരൂർ പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് വേണ്ടി മത്സരിക്കുന്നത് ഒരു ട്രെയ്‌നി ഫാക്ടറി ഓപറേഷൻസിന്റെ മുഴുവൻ ചുമതലയും ഏറ്റെടുക്കുന്നത് പോലെയാണെന്ന് സുധാകരൻ പറയുന്നു.

അഭിമുഖത്തിൽ പിണറായി വിജയനെ കുറിച്ചും പരാമർശമുണ്ടായിരുന്നു. പിണറായി വിജയൻ വളരെ ബുദ്ധിമാനും കൗശലശാലിയുമാണെന്നും ഒരു തീരുമാനമെടുത്താൽ അത് നടപ്പാക്കാൻ ഏതറ്റം വരെയും പോകുന്ന വ്യക്തിയാണെന്നും കെ.സുധാകരൻ പറഞ്ഞു. അതേസമയം തന്നെ പിണറായി വിജയൻ ക്രൂരനാണെന്നും കരുണയില്ലാത്തവനാണെന്നും കെ.സുധാകരൻ ചൂണ്ടിക്കാട്ടി.

കോൺഗ്രസും സിപിഐഎമ്മും രാഷ്ട്രീയ ശത്രുക്കളാണെങ്കിലും സിപിഐഎമ്മിൽ തനിക്ക് സുഹൃത്തുക്കളുണ്ടെന്ന് സുധാകരൻ പറഞ്ഞു. സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ തന്റെ സുഹൃത്താണെന്നും അദ്ദേഹത്തിന്റെ മകന്റെ വിവാഹത്തിന് തന്നെ ക്ഷണിച്ചിരുന്നുവെന്നും സുധാകരൻ വ്യക്തമാക്കി. അന്തരിച്ച നേതാവ് കോടിയേരി ബാലകൃഷ്ണന്റെ രണ്ട് മക്കളും തന്നെ എപ്പോൾ കണ്ടാലും ‘ആങ്കിൾ’ എന്ന് വിളിച്ച് അടുത്ത് വരാറുണ്ടെന്നും സുധാകരൻ പറഞ്ഞു.

Story Highlights: k sudhakaran against southern kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here