എന്താണ് ടി20 ലോകകപ്പിന്റെ റിസർവ് ഡേ റൂൾ ?

ടി20 ലോകകപ്പിന് ഓസ്ട്രേലിയയിൽ തുടക്കമായി. ഒക്ടോബർ 16ന് ശ്രീലങ്കയും നമീബിയയും തമ്മിലായിരുന്നു ആദ്യ മത്സരം. ഇനിയുള്ള നാളുകൾ ലോകകപ്പിനായി 16 ടീമുകൾ കൊമ്പുകോർക്കും. ഇത്തവണ ആരാകും ചാമ്പ്യനെന്നറിയാനുള്ള ആകാംഷയിലാണ് ക്രിക്കറ്റ് ലോകവും. കാര്യമൊക്കെ ശരിതന്നെ ലോകകപ്പ് മത്സരത്തിൽ മഴ പെയ്താൽ അല്ലെങ്കിൽ ഒരു മത്സരം ടൈ ആയാൽ എന്ത് സംഭവിക്കും? അറിയാം ടൂർണമെന്റുമായി ബന്ധപ്പെട്ട ചില നിയമങ്ങൾ.
ഐസിസി നിയമങ്ങൾ?
ഇത്തരം സാഹചര്യത്തിൽ ടൂർണമെന്റിനായി ഐസിസി വ്യത്യസ്ത നിയമങ്ങൾ തയ്യാറാക്കിയിട്ടുണ്ട്, അതിനനുസരിച്ച് കാര്യങ്ങൾ മുന്നോട്ട് പോകും. ആദ്യ യോഗ്യതാ റൗണ്ടിലും തുടർന്ന് സൂപ്പർ-12 ഘട്ടത്തിലും പോയിന്റ് സമ്പ്രദായം അനുസരിച്ച് ടീമുകൾ മുന്നേറും. ഒരു വിജയത്തിന് രണ്ട് പോയിന്റും തോറ്റാൽ പൂജ്യം പോയിന്റും ലഭിക്കും. മത്സരം സമനിലയിലാവുകയോ റദ്ദാക്കുകയോ ചെയ്താൽ രണ്ട് ടീമുകൾക്കും 1 പോയിന്റ് വിഭജിക്കപ്പെടും. യോഗ്യതാ റൗണ്ട്, സൂപ്പർ-12 റൗണ്ടുകൾക്ക് റിസർവ് ഡേ ഇല്ല, മത്സരം റദ്ദാക്കിയാൽ അത് റദ്ദാക്കിയതായി കണക്കാക്കും.
Read Also: ‘കാണട്ടെ നിൻ്റെ ടാലന്റ്’; 11 കാരനോട് നെറ്റ്സിൽ പന്തെറിയാൻ ആവശ്യപ്പെട്ട് രോഹിത് | VIDEO
സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾക്കുള്ള റിസർവ് ദിനം?
പ്ലേ ഓഫ് മത്സരങ്ങൾക്കായി മാത്രമാണ് ഐസിസി റിസർവ് ദിനങ്ങൾ വച്ചിരിക്കുന്നത്. അതായത് സെമിഫൈനലിനും ഫൈനൽ മത്സരത്തിനും റിസർവ് ഡേയുണ്ട്. ഈ മത്സരങ്ങൾ നടക്കുന്ന ദിവസം മഴ പെയ്യുകയോ മറ്റെന്തെങ്കിലും കാരണത്താൽ മത്സരം നടക്കാതിരിക്കുകയോ ചെയ്താൽ റിസർവ് ദിനത്തിൽ മത്സരം നടക്കും. എന്നാൽ ഓവറുകൾ കുറയ്ക്കേണ്ടി വന്നാലും നിശ്ചയിച്ച ദിവസം തന്നെ മത്സരം പൂർത്തിയാക്കാനാണ് ആദ്യ ശ്രമം. സാഹചര്യങ്ങൾക്കനുസരിച്ച് അഞ്ച് ഓവർ പോലും എറിയാനുള്ള സാഹചര്യമില്ലെങ്കിൽ റിസർവ് ഡേ ഉപയോഗിക്കും. മത്സരം അതിന്റേതായ സമയത്ത് ആരംഭിക്കുകയും അതിനിടയിൽ മഴ വരികയും മത്സരം പുനരാരംഭിക്കാൻ കഴിയാതെ വരികയും ചെയ്താൽ റിസർവ് ദിനത്തിൽ മത്സരം നിർത്തിയിടത്ത് നിന്ന് മുന്നോട്ട് പോകും.
പാകിസ്താനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം
ടൈറ്റിൽ വരൾച്ച അവസാനിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് ടീം ഇന്ത്യ 2022 ലോകകപ്പിന് ഇറങ്ങുന്നത്. ഒക്ടോബർ 23ന് മെൽബണിൽ പാകിസ്താനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഇതിനുശേഷം ഒക്ടോബർ 27ന് ഗ്രൂപ്പ്-എയിലെ റണ്ണർഅപ്പ് ടീമുമായി മത്സരമുണ്ടാകും. തുടർന്ന് രോഹിത് ബ്രിഗേഡ് ഒക്ടോബർ 30 ന് ദക്ഷിണാഫ്രിക്കയെയും നവംബർ 2 ന് ബംഗ്ലാദേശിനെയും നേരിടും. തുടർന്ന് ടീം ഇന്ത്യ സൂപ്പർ-12 ഘട്ടത്തിലെ അവസാന മത്സരം നവംബർ ആറിന് ഗ്രൂപ്പ്-ബിയിലെ വിജയികളായ ടീമിനെ നേരിടും.
Story Highlights: What Is The Reserve Day Rule For T20 World Cup 2022?
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here