Advertisement

ഗവർണർ ആർഎസ്എസിന്റെ വൈറ്റ് റൂം ടോർച്ചറിന് വിധേയമാവുകയാണോ എന്നാണ് സംശയം; ഡോ.തോമസ് ഐസക്ക്

October 17, 2022
Google News 2 minutes Read

തടവുകാരനെ മാനസികമായി തളര്‍ത്തി അയാളില്‍ നിന്ന് വേണ്ട വിവരങ്ങള്‍ ശേഖരിക്കാന്‍ ഉപയോഗിക്കുന്ന രീതിയാണ് വൈറ്റ് റൂം ടോര്‍ച്ചറിംഗ്. റോഷാക് സിനിമ ഇറങ്ങിയതോടെ വൈറ്റ് റൂം ടോര്‍ച്ചറിംഗിനെക്കുറിച്ചാണ് എങ്ങും സംസാരമെന്ന് തോമസ് ഐസക്ക് പറഞ്ഞു. ഗവര്‍ണറുടെ പുതിയ ഭീഷണി കേട്ടതോടെ, രാജ്ഭവനില്‍ അദ്ദേഹം ആര്‍എസ്എസിന്റെ വൈറ്റ് റൂം ടോര്‍ച്ചറിന് വിധേയമാവുകയാണോ എന്നാണ് തന്റെ സംശയമെന്ന് തോമസ് ഐസക്ക് ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:

റോഷാക് സിനിമ ഇറങ്ങിയതോടെ വൈറ്റ് റൂം ടോർച്ചറിംഗിനെക്കുറിച്ചാണ് എങ്ങും സംസാരം. ഗവർണറുടെ പുതിയ ഭീഷണി കേട്ടതോടെ, രാജ്ഭവനിൽ അദ്ദേഹം ആർഎസ്എസിന്റെ വൈറ്റ് റൂം ടോർച്ചറിന് വിധേയമാവുകയാണോ എന്നാണ് എന്റെ സംശയം. മന്ത്രിയെ പുറത്താക്കാനൊക്കെ തനിക്ക് അധികാരമുണ്ടെന്ന് ഏതായാലും സുബോധമുള്ള ഒരു ഗവർണറും ഭീഷണി മുഴക്കില്ല.
പ്രീതി പിൻവലിക്കുമെന്നാണ് അദ്ദേഹത്തിന്റെ ഭീഷണി. ആർഎസ്എസ് മേധാവിയുടെ പ്രീതി നഷ്ടപ്പെട്ടാൽ ഗവർണറുടെ ജോലി തെറിക്കുമായിരിക്കും. ആ ഭീതി ആരിഫ് മുഹമ്മദ് ഖാനെ അലട്ടുന്നുണ്ടാകും. പക്ഷേ, അതുപോലെ ഗവർണർക്കു തെറിപ്പിക്കാൻ കഴിയുന്ന പദവിയല്ല മന്ത്രിസ്ഥാനം. ജനാധിപത്യസംവിധാനത്തിൽ താങ്കളുടെ പ്രീതിയ്ക്ക് ഒരു സ്ഥാനവുമില്ലെന്ന് വിനയത്തോടെ അദ്ദേഹത്തെ ഓർമ്മിപ്പിക്കട്ടെ.

പ്രീതിയും തിരുവുള്ളക്കേടുമൊക്കെ രാജവാഴ്ചയുടെ ബാക്കി പത്രങ്ങളാണ്. തിരുവുള്ളക്കേടുണ്ടായാൽ ജോലിയിലും പദവിയിലും നിന്നു പുറത്താക്കാൻ ബ്രിട്ടീഷ് രാജാവിന് അധികാരമുണ്ടായിരുന്നു. അതാണ് പ്രീതി പ്രമാണം (doctrine of pleasure). ബ്രിട്ടണിൽ രാജാവ് സേവകനെ പുറത്താക്കിയാൽ ചോദ്യം ചെയ്യാനോ കോടതിയിൽ പോകാനോ നഷ്ടപരിഹാരത്തിനോ വകുപ്പില്ല. പക്ഷേ, ഈ സങ്കൽപം നമ്മുടെ ഭരണഘടനയിൽ ബ്രിട്ടണെ അതേപോലെ പകർത്തി വെയ്ക്കുകയല്ല ചെയ്തത്.

ഇവിടെ പ്രസിഡന്റിന്റിനും ഗവർണർക്കും തിരുവുള്ളക്കേടുണ്ടായാൽ ആരെയും പുറത്താക്കാനാവില്ല. എന്തു തീരുമാനമെടുക്കുന്നതും മന്ത്രിസഭയുടെ നിർദ്ദേശമനുസരിച്ചു വേണം. അക്കാര്യം ഭരണഘടന നിഷ്കർഷിച്ചിട്ടുണ്ട്. അങ്ങനെയേ ചെയ്യാവൂ എന്ന് ഏറ്റവുമൊടുവിൽ ബി പി സിംഗാള്‍ കേസിൽ സുപ്രിംകോടതി അടിവരയിട്ട് ഉറപ്പിച്ചിട്ടുമുണ്ട്. ഇപ്പോഴും ഭരണഘടനയും സുപ്രിംകോടതിയുമൊക്കെ രാജ്യത്ത് നിലനിൽക്കുന്നുണ്ടെന്നു വിനയത്തോടെ ആരിഫ് മുഹമ്മദ് ഖാനെ ഓർമ്മിപ്പിക്കുന്നു.

Story Highlights: Thomas Issac Reacts Arif Mohammad Khan’s Statement

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here