Advertisement

വോളി അസോസിയേഷനെതിരെ കോടതി കയറി ദേശീയ ഗെയിംസിൽ സ്വർണം; കേരള ടീം മാസാണ്

October 17, 2022
2 minutes Read
volleyball association national games
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇത്തവണ ദേശീയ ഗെയിംസ് വോളിബോളിൽ കേരളത്തിനായി പുരുഷ, വനിതാ ടീമുകൾ സ്വർണം നേടിയിരുന്നു. ചുണ്ടിനോട് വിരൽ ചേർത്തുവച്ചാണ് പുരുഷ ടീം മെഡലുമായി ഫോട്ടോയ്ക്ക് പോസ് ചെയ്തത്. കേരള വോളിബോൾ അസോസിയേഷൻ്റെ അംഗീകാരം നഷ്ടപ്പെട്ടതിനാൽ കേരള സ്പോർട്സ് കൗൺസിലാണ് വോളി ടീമിനെ തെരഞ്ഞെടുത്തത്. എന്നാൽ, ഈ ടീമിനെ ടൂർണമെൻ്റിന് അയക്കാതിരിക്കാൻ വോളി അസോസിയേഷനും ഒളിമ്പിക്സ് അസോസിയേഷനും ചേർന്ന്, സുപ്രിം കോടതി വരെ നടത്തിയ ചരടുവലികളാണ് ഈ ‘നിശബ്ദ’ പോസിനു പിന്നിൽ. (volleyball association national games)

Read Also: പ്രൈം വോളിബോള്‍ ലീഗ്; കിരീടം കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സിന്

കഴിഞ്ഞ വർഷം ഒക്ടോബർ ഒന്നിനാണ് കേരള വോളിബാൾ അസോസിയേഷന്റെ അംഗീകാരം സംസ്ഥാന സ്പോർട്സ് കൗൺസിൽ റദ്ദാക്കിയത്. വോളിബാൾ ഫെഡറേഷൻ ഓഫ് ഇന്ത്യക്ക് 2020 ജൂൺ 25 മുതൽ അംഗീകാരമില്ല. വോളിബാൾ അസോസിയേഷന്റെ സമ്മർദ്ദങ്ങൾ അതിജീവിച്ച് വോളിബോൾ സെലക്ഷൻ ട്രയൽസുകളും കൃത്യമായി ഏജ് ഗ്രൂപ്പ് അനുസരിച്ചുള്ള മത്സരങ്ങളും സ്പോർട്സ് കൗൺസിൽ സംഘടിപ്പിച്ചു. മെറിറ്റ് അടിസ്ഥാനത്തിൽ അവർ ഒരു ടീമിനെയും തിരഞ്ഞെടുത്തു. ഇതിനിടെ പ്രൈം വോളി ആരംഭിച്ചു. പണവും പരിചയസമ്പത്തും ലക്ഷ്യമിട്ട് താരങ്ങൾ ടീമുകളിൽ ചേരാൻ ആരംഭിച്ചു. ടീമുകളിൽ ചേർന്നാൽ പുറത്താക്കുമെന്ന വോളി അസോസിയേഷൻ്റെയും ദേശീയ ഫെഡറേഷൻ്റെയും ഭീഷണികൾ അവഗണിച്ചായിരുന്നു താരങ്ങളുടെ തീരുമാനം. ഇത് വോളി അസോസിയേഷനെ ചൊടിപ്പിച്ചു. പ്രൈം വോളിയിൽ പങ്കെടുത്തവരെ ഒരു മത്സരത്തിലും പരിഗണിക്കില്ലെന്ന് അവർ വാശി പിടിച്ചു. പ്രൈം വോളിയിൽ മലയാളികൾ തിളങ്ങിയെന്നത് പറയേണ്ടതില്ലല്ലോ.

ദേശീയ ഗെയിംസിനു മുന്നോടിയായി ഓഗസ്റ്റ് ഏഴിന് സ്പോർട്സ് കൗൺസിൽ ഓപ്പൺ സെലക്ഷൻ ട്രയൽസ് നടത്തി. ഇതിൽ നിന്ന് തെരഞ്ഞെടുത്ത താരങ്ങളെ വച്ച് ആഗസ്റ്റ് 15 മുതൽ പരിശീലന ക്യാമ്പും ആരംഭിച്ചു. തെരഞ്ഞെടുക്കപ്പെട്ടവർ പ്രൈം വോളിയിൽ കളിച്ചവരായിരുന്നു. ഇതോടെ വോളി അസോസിയേഷൻ ഹൈക്കോടതിയെ സമീപിച്ചു. ഉചിതമായ ടീമിനെ തെരഞ്ഞെടുത്ത് അയക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചതോടെ സ്പോർട്സ് കൗൺസിൽ തെരഞ്ഞെടുത്ത താരങ്ങളെ ഒഴിവാക്കി വോളി അസോസിയേഷൻ ടീം തെരഞ്ഞെടുത്തു. തുടർന്നായിരുന്നു താരങ്ങൾ കോടതി കയറിയത്. സ്പോർട്സ് കൗൺസിൽ ടീമിന് ദേശീയ ഗെയിംസിൽ പങ്കെടുക്കാൻ ഹൈക്കോടതി അനുവാദം നൽകി. എന്നാൽ, പിന്മാറാൻ തയ്യാറാവാതിരുന്ന വോളി അസോസിയേഷൻ ലക്ഷങ്ങൾ മുടക്കി സുപ്രിം കോടതിയെ സമീപിച്ചു. എന്നാൽ, സുപ്രിം കോടതി ഹൈക്കോടതി ഉത്തരവിൽ ഇടപെടാനാവില്ലെന്ന് നിലപാടെടുത്തു. തുടർന്ന് ദേശീയ ഗെയിംസിൽ കളിച്ച സ്പോർട്സ് കൗൺസിൽ ടീം സ്വർണ മെഡൽ നേടുകയായിരുന്നു.

Read Also: പ്രൈം വോളി; സെമിഫൈനൽ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം

സ്പോർട്സ് കൗൺസിൽ ടീമിനെ ആദ്യം രജിസ്റ്റർ ചെയ്യാൻ വോളി അസോസിയേഷൻ തയ്യാറായില്ലെന്ന് ടീം പരിശീലകനും മുൻ വോളിബോൾ താരവുമായ ടോം ജോസഫ് 24നോട് പറഞ്ഞു. ആദ്യ ഘട്ടത്തിൽ വോളി അസോസിയേഷൻ്റെ തന്നെ ടീമിനെയാണ് ഗെയിംസിനായി രജിസ്റ്റർ ചെയ്തത്. സുപ്രിം കോടതി വിധി വന്നതിനു ശേഷം ഇത് മാറ്റി സ്പോർട്സ് കൗൺസിൽ ടീമിനെ രജിസ്റ്റർ ചെയ്തു. ഇപ്പോൾ ഇതിങ്ങനെ കഴിഞ്ഞെങ്കിലും ഇനി വരുന്ന ടൂർണമെൻ്റുകളിലും ഈ താരങ്ങൾക്ക് അവസരം ലഭിക്കാൻ ബുദ്ധിമുട്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അപ്പോഴും വോളി അസോസിയേഷൻ ഇടങ്കോലിടാൻ സാധ്യതയുണ്ട്. കളിക്കണമെങ്കിൽ താരങ്ങൾക്ക് അപ്പോഴും നിയമത്തെ കൂട്ടുപിടിക്കേണ്ടിവന്നേക്കാം എന്നും ടോം ജോസഫ് പ്രതികരിച്ചു.

Story Highlights: volleyball association national games court

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement