Advertisement

ദേശീയ ഗെയിംസില്‍ 49 മെഡലുകള്‍, 29 സ്വര്‍ണം, ആര്‍ക്കും തകര്‍ക്കാന്‍ പറ്റിയിട്ടില്ലാത്ത മൂന്ന് ദേശീയ റെക്കോര്‍ഡുകള്‍; റിച്ച മിശ്രയെന്ന മിന്നും താരം

February 10, 2025
Google News 3 minutes Read
Richa Mishra got a total of 49 medals in National games

ദേശീയ ഗെയിംസില്‍ ഏറ്റവും അധികം മെഡല്‍ നേടിയത് ഡല്‍ഹിയുടെ റിച്ച മിശ്ര ആയിരിക്കും. ആകെ 49 മെഡല്‍.29 സ്വര്‍ണം. ഇക്കുറി റിച്ച മത്സരരംഗത്തില്ല.കഴിഞ്ഞ ഗോവ ദേശീയ ഗെയിംസില്‍ നാലാം സ്ഥാനത്തായതോടെ മെഡല്‍ നേട്ടത്തില്‍ അര്‍ധ സെഞ്ചുറി എന്ന ലക്ഷ്യം റിച്ച ഉപേക്ഷിച്ചു. 2022 ല്‍ ഒരു വെള്ളി കിട്ടി. പക്ഷേ, നീന്തല്‍ ഉപേക്ഷിച്ചിട്ടില്ല. അഖിലേന്ത്യാ പൊലീസ് ഗെയിംസിനുള്ള തയാറെടുപ്പിലാണ് റിച്ച.സി.ആര്‍.പി.എഫില്‍ ആണ് റിച്ച. (Richa Mishra got a total of 49 medals in National games)

2002 ല്‍ ദേശീയ ഗെയിംസില്‍ 11 സ്വര്‍ണം നേടിയ റിച്ച 2002, 07, 11 ദേശീയ ഗെയിംസില്‍ മികച്ച വനിതാ കായിക താരമായിരുന്നു.ഇടത്തരം കുടുംബത്തില്‍ പിറന്ന റിച്ച ചേച്ചി ചാരു മിശ്ര ക്‌ളബ് തലത്തില്‍ നീന്തലില്‍ മെഡല്‍ നേടുന്നതു കണ്ട് നീന്തല്‍ പരിശീലനം തുടങ്ങിയതാണ്. 1997ല്‍ ബെംഗളുരു ദേശീയ ഗെയിംസില്‍ അരങ്ങേറുമ്പോള്‍ റിച്ചയുടെ ലക്ഷ്യം സ്വര്‍ണത്തേക്കാളുപരി അമ്മയ്ക്ക് ഒരു വാഷിങ് മെഷീന്‍ സമ്മാനിക്കുക എന്നതായിരുന്നു. അന്ന് പ്രധാന പ്രായോജകരായ വിഡിയോകോണ്‍ സ്വര്‍ണം നേടുന്നവര്‍ക്ക് വാഷിങ് മെഷീന്‍ വാഗ്ദാനം ചെയ്തിരുന്നു. പക്ഷേ, സ്വപ്നം തെന്നി മാറി.റിലേയില്‍ ഡല്‍ഹി മൂന്നാമതായി. സമ്മാനമായി കിട്ടിയത് മ്യൂസിക് സിസ്റ്റം. നൂറും ഇരുനൂറും രൂപ സമ്മാനത്തില്‍ നിന്ന് റിച്ച ലക്ഷങ്ങള്‍ സമ്മാനം നേടുന്ന താരമായി വളര്‍ന്നു. ഒളിംപിക് യോഗ്യതാ മാര്‍ക്ക് തലനാരിഴയ്ക്ക് നഷ്ടപ്പെട്ട റിച്ച രണ്ട് ഏഷ്യന്‍ ഗെയിംസില്‍ മല്‍സരിച്ചു.

Read Also: ‘മുസ്‌ലിം സ്ത്രീയ്ക്ക് പകരം ആദിവാസി പെണ്ണിനെ കോണ്‍ഗ്രസ് ഇടപെട്ട് പ്രസിഡന്റാക്കി’ പനമരത്തെ സിപിഐഎം പൊതുയോഗത്തിലെ പ്രസംഗം വിവാദത്തില്‍

1998 ല്‍ ദേശീയ ചാംപ്യന്‍ഷിപ്പില്‍ ആദ്യ മെഡല്‍ നേടിയ റിച്ച മിശ്ര നാല്പതിലും മത്സരരംഗത്ത് സജീവമായിരുന്നു. നീന്തല്‍ മത്സര രംഗത്ത് കാല്‍ നൂറ്റാണ്ടിന്റെ അനുഭവസമ്പത്ത്.ഇപ്പോഴും മൂന്നു ദേശീയ റെക്കോര്‍ഡുകള്‍ സ്വന്തം പേരില്‍. 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ (2007) ,800 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍ (2011), 400 മീറ്റര്‍ വ്യക്തിഗത മെഡ്‌ലെ ( 2018). ഇതില്‍ ബട്ടര്‍ഫ്‌ളൈയിലെ റെക്കോര്‍ഡ് ഏറ്റവും അധികനാള്‍ നിലനിന്ന റെക്കോര്‍ഡ് ആയി ഇതിനകം രേഖപ്പെടുത്തിക്കഴിഞ്ഞു.കായികക്ഷമത നിലനിര്‍ത്താന്‍ നീന്തല്‍ പരിശീലനം തുടരുന്ന റിച്ച മിശ്ര 1500 മീറ്റര്‍ നീന്തലും 40 കിലോമീറ്റര്‍ സൈക്ക്‌ളിങ്ങും 10 കിലോമീറ്റര്‍ ഓട്ടവും ഉള്‍പ്പെട്ട ട്രയാത്‌ല നില്‍ മത്സരിച്ചിട്ടുണ്ട്. മൂന്നു വര്‍ഷം മുന്‍പ് ദേശീയ നീന്തലില്‍ 400 മീറ്റര്‍ മെഡ്‌ലെ സ്വര്‍ണം നേടിയ റിച്ച കൗമാര, യുവ താരങ്ങള്‍ക്ക് ആവേശം പകരാനാണ് മത്സരരംഗത്ത് തുടരുന്നത്. റിച്ചയുടെ ദേശീയ ഗെയിംസിലെ 49 മെഡല്‍ എന്ന നേട്ടവും പുതിയ തലമുറയ്ക്ക് ആവേശമാകട്ടെ.

Story Highlights : Richa Mishra got a total of 49 medals in National games

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here