‘മുസ്‌ലിം സ്ത്രീയ്ക്ക് പകരം ആദിവാസി പെണ്ണിനെ കോണ്‍ഗ്രസ് ഇടപെട്ട് പ്രസിഡന്റാക്കി’ പനമരത്തെ സിപിഐഎം പൊതുയോഗത്തിലെ പ്രസംഗം വിവാദത്തില്‍

വയനാട് പനമരത്ത് സിപിഐഎം പൊതുയോഗത്തിലെ പ്രസംഗത്തില്‍ വീണ്ടും വിവാദം. ജില്ലാ കമ്മിറ്റി അംഗം എ എന്‍ പ്രഭാകരന്റെ പ്രസംഗത്തിലെ പരാമര്‍ശം ചൂണ്ടിക്കാട്ടി യൂത്ത് ലീഗ് പോലീസില്‍ പരാതി നല്‍കി. പനമരം പഞ്ചായത്തില്‍ പ്രസിഡന്റായി നിശ്ചയിച്ച മുസ്ലിം വനിതയെ മാറ്റി ആദിവാസി പെണ്ണിന് സ്ഥാനം നല്‍കിയത് കോണ്‍ഗ്രസ് ഇടപെടലിനെ തുടര്‍ന്നാണ് എന്നായിരുന്നു പ്രസംഗത്തിലെ പരാമര്‍ശം. (Panamaram cpim meeting speech controversy)
വയനാട്ടിലെ മുതിര്‍ന്ന സിപിഐഎം നേതാവും ജില്ലാ കമ്മിറ്റി അംഗവുമായ എ എന്‍ പ്രഭാകരന്റെ ഈ വാക്കുകളാണ് വിവാദമായത്. പ്രഭാകരന്റേത് വര്‍ഗീയ പരാമര്‍ശമെന്ന് ആരോപിച്ച് മുസ്ലിം യൂത്ത് ലീഗ് പോലീസില്‍ പരാതി നല്‍കി.
താന്‍ ആരെയും വ്യക്തിപരമായി കുറ്റപ്പെടുത്തിയിട്ടില്ല എന്നായിരുന്നു എഎന്‍ പ്രഭാകരന്റെ മറുപടി. കോണ്‍ഗ്രസിന് അടിപ്പെട്ടാണ് മുസ്ലിം ലീഗ് പനമരത്തെ തീരുമാനം മാറ്റിയത്. ഈ വിഷയം ആണ് ഉന്നയിച്ചത് എന്നും എ എന്‍ പ്രഭാകരന്‍ ട്വന്റിഫോറിനോട് പറഞ്ഞു. എല്‍ഡിഎഫ് ഭരിച്ചിരുന്ന പനമരം പഞ്ചായത്ത് അവിശ്വാസ പ്രമേയത്തിലൂടെ യുഡിഎഫ് പിടിച്ചെടുത്തിരുന്നു. എല്‍ഡിഎഫിലെ ബെന്നി ചെറിയാന്‍ യുഡിഎഫിന് അനുകൂലമായി നിലപാടെടുത്തതാണ് അട്ടിമറിക്കു കാരണം. ഇതിന്റെ തുടര്‍ച്ചയായി കഴിഞ്ഞദിവസം സിപിഐഎം നടത്തിയ പൊതുയോഗത്തിലാണ് വിവാദ പ്രസംഗം ഉണ്ടായത്.
Story Highlights : Panamaram cpim meeting speech controversy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here