Advertisement

‘പരാമർശം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു; തെറ്റായ പ്രചാരണം തള്ളിക്കളയണം’: വിശദീകരണവുമായി സിഎച്ച് കുഞ്ഞമ്പു

October 18, 2022
Google News 2 minutes Read
kunhambu facebook post endosulfan

എൻഡോസൾഫാൻ ഇരകളെപ്പറ്റിയുള്ള പരാമർശത്തിൽ വിശദീകരണവുമായി ഉദുമ എംഎൽഎ സിഎച്ച് കുഞ്ഞമ്പു. പരാമർശം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു എന്ന് അദ്ദേഹം പറഞ്ഞു. ദുരിതബാധിതർക്ക് സഹായം നൽകേണ്ട എന്നോ നൽകിയത് അധികമായിപ്പോയി എന്നോ താൻ ഉദ്ദേശിച്ചിട്ടില്ല. തെറ്റായ പ്രചാരണം തള്ളിക്കളയണമെന്നും തൻ്റെ ഫേസ്ബുക്ക് പേജിൽ അദ്ദേഹം കുറിച്ചു. (kunhambu facebook post endosulfan)

Read Also: എൻഡോസൽഫാൻ ഇരകൾക്ക് രാഷ്ട്രീയമില്ല; സി എച്ച് കുഞ്ഞമ്പു എംഎൽഎയുടേത് മനുഷ്യത്വ ഹീനമായ നടപടിയെന്ന് വി. ഡി സതീശൻ

സിഎച്ച് കുഞ്ഞമ്പുവിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:

24 ന്യൂസിന്റെ ചാനലിൽ സംസാരിക്കവേ ഞാൻ പറഞ്ഞ ഒരു പരാമർശം തെറ്റായി വ്യാഖ്യാനിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. എൻഡോസൾഫാൻ ദുരിതബാധിതർക്ക് സഹായം നൽകേണ്ട എന്നോ നൽകിയത് അധികമായിപ്പോയി എന്നോ ഞാൻ ഉദ്ദേശിച്ചിട്ടില്ല. എൻഡോസൾഫാൻ ഇരകൾക്ക് സർക്കാർ 5ലക്ഷം വീതം ധനസഹായം നൽകി ദിവസങ്ങൾ ആവുന്നതേയുള്ളൂ. ആ കാര്യം ചാനലിൽ പ്രതിപാദിക്കവേ അവതാരിക അതിനെതിരായി സംസാരിച്ചപ്പോഴാണ് എത്ര കിട്ടിയാലും മതിയാവാത്തവരുണ്ട് എന്ന് കോമൺ ആയി പറഞ്ഞത്. അത് നാടൻ പ്രയോഗമാണ് എന്നത് കാസർകോട്കാർക്ക് അറിയാവുന്നതാണല്ലോ. എന്നാലാ പ്രയോഗം തീർത്തും എൻഡോസൾഫാൻ ബാധിതരെ ഉദ്ദേശിച്ചായിരുന്നില്ല. മാത്രമല്ല എൻഡോസൾഫാൻ എന്ന മാരക വിഷത്തിന്റെ ദൂഷ്യഫലം അനുഭവിക്കുന്ന ജനങ്ങൾക്ക് എത്ര സാമ്പത്തിക സഹായം നൽകിയാലും, മറ്റ് എന്ത് സഹായം നൽകിയാലും അവർ അനുഭവിക്കുന്ന കഷ്ടപ്പാടുകൾക്കും ദുരിതങ്ങൾക്കും പകരമാവില്ല. അവർക്ക് പരമാവധി സഹായം നൽകണമെന്ന് തന്നെയാണ് എൻറെയും നിലപാട്.2006 മുതൽ നിയമസഭക്ക് അകത്തും പുറത്തും എൻഡോസൾഫാൻ ദുരിതമനുഭവിക്കുന്നവർക്ക് വേണ്ടി പരമാവധി പ്രവർത്തിച്ചിട്ടുണ്ട്. ഇനിയുള്ള കാലവും അവർക്ക് വേണ്ടി ആത്മാർത്ഥമായി തന്നെ പരിശ്രമിക്കുകയും ചെയ്യും. ദുരിതബാധിതരുടെ കടം എഴുതി തള്ളിയതും അവർക്ക് പെൻഷൻ അനുവദിച്ചതും ചികിത്സ നൽകാൻ ആവശ്യമായ സംവിധാനം ഒരുക്കിയതും എൽഡിഎഫ് ഗവൺമെന്റുകളാണ്. എന്നാൽ ഇടക്കാലത്ത് വന്ന യുഡിഎഫ് ഗവൺമെൻറ് ഇവർക്കുവേണ്ടി കാര്യമായി ഒന്നും ചെയ്തിട്ടില്ല. ഈ വസ്തുത ടിവി ചാനൽ ചർച്ചയിൽ ഫോണിലൂടെ ചൂണ്ടിക്കാണിക്കുകയായിരുന്നു ഞാൻ. അതിനെയാണ് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ചില ഭാഗത്തുനിന്ന് ബോധപൂർവ്വമായ ശ്രമങ്ങൾ ഉണ്ടാകുന്നത്. എൻഡോൾഫാൻ ഇരകളോടൊപ്പം എന്നും ഉണ്ടാവുമെന്നും ഈ തെറ്റായ പ്രചരണം തള്ളി കളയണമെന്നും അഭ്യർത്ഥിക്കുന്നു.

Story Highlights: ch kunhambu facebook post endosulfan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here