ഷബ്‌ന എവിടെ ? 4 വർഷം മുൻപ് കൊല്ലം ബീച്ചിൽ നിന്നും കാണാതായ തൃക്കടവൂർ സ്വദേശിനിക്കായുള്ള അന്വേഷണം എങ്ങും എത്തിയില്ല

നാലുവർഷം മുൻപ് കൊല്ലം ബീച്ചിൽ നിന്നും കാണാതായ തൃക്കടവൂർ നീരാവിൽ സ്വദേശിനിയായ ഷബ്‌നക്കായുള്ള അന്വേഷണം എങ്ങും എത്തിയില്ല. ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തെങ്കിലും തെളിവുകളുടെ അഭാവത്തിൽ ഇരുട്ടിൽ തപ്പുകയാണ് ഉദ്യോഗസ്ഥർ. ഷബ്‌നക്കായി രൂപീകരിച്ചിരിക്കുന്ന ആക്ഷൻ കൗൺസിൽ കുട്ടിയെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് 5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. ( shabna missing case )
ഷബ്‌ന കൊല്ലം ബീച്ചിലേക്ക് എത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചതാണ്. ബീച്ചിനോട് ചേർന്നുള്ള സ്വകാര്യ ഹോട്ടലിലെ ക്യാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. പിഎസ്സി കോച്ചിങ്ങിനായാണ് ഷബ്‌ന വീട്ടിൽ നിന്നിറങ്ങിയത്. പക്ഷേ, കൊല്ലം ബീച്ചിലേക്ക് എന്തിനു വന്നു എന്നത് ഇപ്പോഴും ദുരൂഹത. രാവിലെ 11 മണിയോടെയാണ് വിദ്യാർത്ഥിനിയുടെ ബാഗും സർട്ടിഫിക്കറ്റുകളും മറ്റു രേഖകളും ബീച്ചിൽ നിന്ന് പൊലീസ് കണ്ടെത്തിയത്. കോസ്റ്റ് ഗാർഡിന്റെ സഹായത്തോടെ കടലിൽ തിരച്ചിൽ നടത്തി. ഷബ്‌നയുമായി അടുപ്പം ഉണ്ടായിരുന്നു എന്ന് പറയുന്ന ബന്ധുവായ യുവാവിനെ കേന്ദ്രീകരിച്ചും അന്വേഷിച്ചു. ഒന്നിനും ഫലമുണ്ടായില്ല. ഷബ്‌നയുടെ തിരോധാനത്തോടെ പിതാവ് ഇബ്രാഹിംകുട്ടിയും മാതാവ് റജിലയും രോഗികളായി.
Read Also: ‘കാണാതായവരെ കണ്ടെത്തുന്നതിൽ കേരളം ഒന്നാം സ്ഥാനത്ത്’; കേരളാ പൊലീസ്
ഷബ്‌നയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു. മുഖ്യമന്ത്രിക്കും ഡിജിപി ക്കും മനുഷ്യാവകാശ കമ്മീഷനും ഉൾപ്പെടെ പരാതി നൽകി. ഇതിനായി മനുഷ്യാവകാശ കമ്മീഷൻ രണ്ട് സിറ്റിംഗ് നടത്തിയിട്ടും പ്രയോജനം ഉണ്ടായില്ല. ഇപ്പോൾ ക്രൈംബ്രാഞ്ച് ഈ വിഷയം കാര്യമായി അന്വേഷിക്കുന്നുമില്ല. കേസ് സി ബി ഐക്ക് കൈമാറണം എന്നാണ് ഇപ്പോഴത്തെ ആവശ്യം. സംസ്ഥാനത്തിന് അകത്തും പുറത്തും ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. സോഷ്യൽ മീഡിയയിൽ വിവരങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു. എന്നിട്ടും ഫലം ഉണ്ടായില്ല. കണ്ടെത്തുന്ന വർക്ക് പാരിതോഷികമായി ആക്ഷൻ കൗൺസിൽ ആദ്യം ഒരു ലക്ഷവും പിന്നീട് 2 ലക്ഷവും പ്രഖ്യാപിച്ചു. ഇപ്പോൾ അത് 5 ലക്ഷം രൂപയായി ഉയർത്തിയിട്ടുണ്ട്.
Story Highlights : shabna missing case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here