മന്ത്രവാദവും ആഭിചാരവും തടയാൻ നിയമ നിർമ്മാണം; പൊതുതാല്പര്യ ഹർജി ഇന്ന് പരിഗണിക്കും

മന്ത്രവാദവും ആഭിചാരവും തടയാൻ നിയമനിർമാണം ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇലന്തൂർ നരബലിയുടെ പശ്ചാത്തലത്തിൽ കേരള യുക്തിവാദി സംഘമാണ് ഹർജി സമർപ്പിച്ചത്.
ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. നിയമ നിർമാണത്തിന് കേന്ദ്രസർക്കാരിനോ, സംസ്ഥാന സർക്കാരിനോ നിർദേശം നൽകണമെന്നാണ് ഹർജിയിലെ ആവശ്യം. കേരളത്തിലെ തിരോധാനങ്ങൾ അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.
മഹാരാഷ്ട്ര, കർണ്ണാടക സംസ്ഥാനങ്ങളിൽ ഇത്തരം നിയമം നടപ്പിലാക്കിയിട്ടുണ്ട്. സമാനമായ കൊലപാതകങ്ങൾ കേരളത്തിൽ ഇതിനു മുൻപും നടന്നിരുന്നുവെന്നും ഈ സാഹചര്യത്തിൽ അടിയന്തരമായി ഇത്തരം അനാചാരങ്ങൾ തടയാൻ നിയമനിർമ്മാണം ആവശ്യമാണെന്നും ഹർജിയിൽ പറയുന്നു.
Read Also: കുട്ടികളെ ഉപയോഗിച്ചുള്ള മന്ത്രവാദം പ്രത്യേക സംഘം അന്വേഷിക്കും; ട്വന്റിഫോർ ബിഗ് ഇംപാക്ട്
അനാചാരങ്ങൾ തടയാനായി ജസ്റ്റിസ് കെ ടി തോമസ് അധ്യക്ഷനായ നിയമ പരിഷ്കാര കമ്മീഷൻ റിപ്പോർട്ടിലെ ശുപാർശകളിന്മേൽ തീരുമാനമെടുക്കാൻ സംസ്ഥാന സർക്കാരിനോട് നിർദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
Story Highlights: Witchcraft And Sorcery Pil Petition Will Be Considered Today In High Court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here