‘കശ്‌മീർ എന്ന രാജ്യത്തെ ആളുകളെ എന്തുവിളിക്കും?’; ചോദ്യ പേപ്പർ വിവാദത്തിൽ

ജമ്മു കശ്‌മീരിനെ ഒരു രാജ്യമെന്ന് പരിഗണിച്ചുള്ള ചോദ്യപ്പേപ്പർ വിവാദമാവുന്നു. ബീഹാറിലെ ഏഴാം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള ചോദ്യ പേപ്പറിലാണ് വിവാദ പരാമർശം കടന്നുകൂടിയത്. വിവിധ രാജ്യങ്ങളിലെ ആളുകളെ എന്തുവിളിക്കുമെന്ന ചോദ്യങ്ങളിലൊന്ന് ‘കശ്‌മീർ എന്ന രാജ്യത്തെ ആളുകളെ എന്തുവിളിക്കും?’ എന്നായിരുന്നു.
നേപ്പാൾ, ഇംഗ്ലണ്ട്, ഇന്ത്യ എന്നീ രാജ്യങ്ങൾക്കൊപ്പമാണ് കശ്‌മീരും ഉൾപ്പെട്ടത്. മാതൃകയാക്കി ചൈനയിലെ ജനങ്ങളെ എന്തുവിളിക്കുമെന്ന ചോദ്യവും ചൈനീസ് എന്ന ഉത്തരവും ചോദ്യ പേപ്പറിൽ കാണിച്ചിട്ടുണ്ട്. ബീഹാറിലെ അരാരിയ, കിഷൻഗഞ്ച്, കതിഹാർ ജില്ലകളിലെ വിദ്യാർഥികൾക്കായി നടത്തിയ പരീക്ഷയിലായിരുന്നു വിവാദ ചോദ്യം.
സംഭവം വിവാദമായതോടെ സ്കൂളിലെ പ്രധാനാധ്യാപകൻ വിശദീകരണവുമായി രംഗത്തെത്തി. മാനുഷികമായി സംഭവിച്ച ഒരു പിഴവ് മാത്രമാണ് ഇതെന്ന് പ്രധാനാധ്യാപകൻ എസ്കെ ദാസ് പറഞ്ഞു. സംഭവം ഗൗരവമേറിയതാണെന്നും അന്വേഷണം നടത്തുമെന്നും വിദ്യാഭ്യാസമന്ത്രി ചന്ദ്ര ശേഖർ സിംഗ് വ്യക്തമാക്കി.
വിഷയം ബിജെപി ഏറ്റെടുത്തിട്ടുണ്ട്. സംസ്ഥാന അധ്യക്ഷൻ സഞ്ജയ് ജയ്സ്വാൾ തൻ്റെ ഫേസ്ബുക്ക് പേജിലൂടെ വിഷയത്തിൽ പ്രതികരിച്ചു. കശ്‌മീർ ഇന്ത്യയുടെ ഭാഗമല്ലെന്ന് അവർക്ക് തോന്നുമ്പോഴും ബീഹാർ സർക്കാർ നിശബ്ദരാണെന്നത് തന്നെ അസ്വസ്ഥനാക്കുന്നു എന്ന് അദ്ദേഹം കുറിച്ചു. അതേസമയം, പാകിസ്താൻ്റെ ഭാഗമായ തക്ഷശിലയെ ബീഹാറിൻ്റെ ഭാഗമാണെന്ന് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എന്തുകൊണ്ട് ആരും ചോദ്യം ചെയ്യുന്നില്ല എന്ന് ദ്യാഭ്യാസമന്ത്രി ചന്ദ്ര ശേഖർ സിംഗ് ചോദിച്ചു.
Story Highlights: Kashmir Country Bihar Exam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here