സൈനികനെയും സഹോദരനെയും കള്ളക്കേസില്‍ കുടുക്കി ക്രൂരമായി മര്‍ദിച്ച സംഭവം; പൊലീസുകാര്‍ക്ക് സ്ഥലംമാറ്റം മാത്രം

കൊല്ലം കിളികൊല്ലൂരില്‍ സൈനികനെയും സഹോദരനെയും കള്ളക്കേസില്‍ കുടുക്കി ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ഡിജിപിയുടെ ഇടപെടല്‍. റിപ്പോര്‍ട്ട് തേടാന്‍ ഡിജിപി തിരുവനന്തപുരം റേഞ്ച് എജിക്ക് നിര്‍ദേശം നല്‍കി. രണ്ട് മാസം മുന്‍പാണ് കരിക്കോട് സ്വദേശിയായ സൈനികന്‍ വിഷ്ണുവിനെയും സഹോദരന്‍ വിഘ്‌നേഷിനെയും പൊലീസ് അതിക്രൂരമായി മര്‍ദിച്ചതും കള്ളക്കേസില്‍ കുടുക്കിയതും. എംഡിഎംഎ കേസിലെ പ്രതിക്ക് ജാമ്യമെടുക്കാന്‍ വന്നവര്‍ പൊലീസിനെ മര്‍ദിച്ചുവെന്നായിരുന്നു കെട്ടിച്ചമച്ച കേസ്.(Only transfer for policemen in kilikollur police station incident)
സ്‌പെഷ്യല്‍ ബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ പൊലീസ് കേസ് കെട്ടിച്ചമച്ചതാണെന്ന് വ്യക്തമായി. സംഭവവത്തില്‍ എസ്‌ഐ അടക്കം മൂന്ന് പൊലീസുകാര്‍ക്ക് സ്ഥലംമാറ്റം നല്‍കുക മാത്രമാണ് നടപടിയായി സ്വീകരിച്ചത്. സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ ഓരോരുത്തരായി തങ്ങളെ ക്രൂരമായി അടിച്ച് അവശരാക്കുകയായിരുന്നുവെന്നാണ് മര്‍ദനമേറ്റവരുടെ വെളിപ്പെടുത്തല്‍. യാഥാര്‍ഥ്യം പുറത്തായതോടെ കിളികൊല്ലൂര്‍ എസ്.ഐ എ.പി. അനീഷ്, സീനിയര്‍ സി.പി.ഒമാരായ ആര്‍. പ്രകാശ് ചന്ദ്രന്‍, വി.ആര്‍.ദിലീപ് എന്നിവരെയാണ് സ്ഥലംമാറ്റിയത്.
മര്‍ദിച്ച് അവശനാക്കിയ ശേഷം കുടിക്കാന്‍ പോലും വെള്ളം തന്നില്ലെന്നാണ് സൈനികന്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.
‘കിളികൊല്ലൂര്‍ എസ്.ഐ എ.പി. അനീഷും മറ്റ് പൊലീസുകാരും ചേര്‍ന്ന് എം.ഡി.എം.എ കേസിലെ പ്രതിയായി തന്നെ ചിത്രീകരിച്ചു. തനിക്കെതിരെ ഇട്ടിരിക്കുന്ന എട്ട് സെക്ഷനില്‍ 5 എണ്ണം നോണ്‍ ബെയ്‌ലബിളാണ്. 12 ദിവസമാണ് തന്നെയും ചേട്ടനെയും കൊല്ലം ജില്ലാ ജയിലില്‍ ഇട്ടത്.
Read Also: സംസ്ഥാന സർക്കാരിൻ്റെ നിലപാട് തള്ളി സുപ്രിം കോടതി; മണിച്ചൻ ഇന്ന് ജയിൽ മോചിതനായേക്കും
മജിസ്‌ട്രേറ്റിനോട് വിവരം തുറന്നുപറഞ്ഞാല്‍ ജീവിതം തുലച്ചുകളയുമെന്നായിരുന്നു പൊലീസുകാരുടെ ഭീഷണി. ഈ സംഭവം കൊണ്ട് ചേട്ടന്റെ കല്യാണം മുടങ്ങി. 7 വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ചേട്ടന്റെ വിവാഹം ഉറപ്പിച്ചത്. അതാണ് മുടങ്ങിപ്പോയത്. തന്റെ കാല്‍ അടിച്ചുപൊട്ടിച്ചു, കൈയ്ക്ക് ശക്തമായ അടിയേറ്റതിനാല്‍ ഒരു സ്പൂണ്‍ പോലും പിടിക്കാനാവാത്ത അവസ്ഥയാണിപ്പോള്‍. ജയിലില്‍ നിന്ന് ഇറങ്ങിയത് എസ്.ഐ എ.പി. അനീഷിനെ കൊല്ലണമെന്ന മാനസികാവസ്ഥയിലാണ്. അത്രത്തോളമാണ് ശാരീരികമായി തന്നെ ഉപദ്രവിച്ചത്. ലാത്തിയെടുത്ത് സ്റ്റേഷനുള്ളില്‍ ഓടിച്ചിട്ടാണ് തന്നെ മൃഗീയമായി മര്‍ദിച്ചത്. ചോര വന്നിട്ടും അടി നിര്‍ത്താന്‍ എസ്.ഐ തയ്യാറായില്ലെന്നും സൈനികന്‍ പറയുന്നു.
Read Also: മലപ്പുറത്ത് വിദ്യാര്‍ത്ഥിയെ മര്‍ദിച്ച കേസ്; പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരെ രക്ഷിക്കാന്‍ ശ്രമമെന്ന് ആരോപണം
വസ്തുത മറച്ചുവച്ച് പൊലീസുകാര്‍ ഏറെ നാടകീയമായ തിരക്കഥ ചമച്ചാണ് സംഭവം മാധ്യമപ്രവര്‍ത്തകരോടടക്കം വിശദീകരിച്ചത്. ജാമ്യത്തിലിറങ്ങിയ യുവാക്കള്‍ കമ്മിഷണര്‍ക്ക് നല്‍കിയ പരാതിയില്‍ സ്‌പെഷ്യല്‍ ബ്രാഞ്ചും ക്രൈം ബ്രാഞ്ചും സ്റ്റേഷനിലെ നിരീക്ഷണാ കാമറ ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചാണ് പൊലീസുകാര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്
Story Highlights: Only transfer for policemen in kilikollur police station incident
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here