Advertisement

സർവകലാശാലാ വി.സിമാർ രാജിവെയ്ക്കേണ്ടി വരും; കെ. മുരളീധരൻ

October 23, 2022
Google News 1 minute Read
University VCs resign K Muraleedharan

ഒൻപത് സർവകലാശാല വി.സിമാരോടും രാജിവയ്ക്കാൻ ഗവർണർ ആവശ്യപ്പെട്ട പശ്ചാത്തലത്തിൽ സർക്കാർ ദുർവാശി വെടിയണമെന്നും വി.സിമാർ രാജിവെയ്ക്കേണ്ടി വരുമെന്നും കോൺ​ഗ്രസ് നേതാവ് കെ. മുരളീധരൻ. വിദഗ്ധരായ വിസിമാരെ തെരഞ്ഞെടുക്കാനുള്ള സെർച്ച് കമ്മിറ്റി ഗവർണറുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കണം. ഇതുവരെ തെറ്റായ പ്രവർത്തനമാണ് നടന്നത്. ഇതിന് ഗവർണറും കൂട്ടുനിന്നു. അതിന്റെ ഫലമാണ് ഇപ്പോഴുണ്ടാവുന്നത്. ഇക്കാര്യത്തിൽ ​ഗവർണർക്കും സർക്കാരിനും ഉത്തരവാദിത്തമുണ്ടെന്നും ആരും നല്ലവരല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വി.സിമാരോട് രാജിവയ്ക്കാൻ ആവശ്യപ്പെട്ട ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സ്വാഗതം ചെയ്യുകയാണ് പ്രതിപക്ഷം. ചെയ്ത തെറ്റ് തിരുത്താൻ തയ്യാറായതിനെ സ്വാഗതം ചെയ്യുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസരംഗം കുത്തഴിഞ്ഞ അവസ്ഥയിലാണ്. പൂർണ അനിശ്ചിതത്വമാണ് ഉന്നത വിദ്യാഭ്യാസ രംഗത്ത് നിലനിൽക്കുന്നത്. പിൻവാതിൽ നിയമനങ്ങൾ തകൃതിയായി നടത്താൻ വേണ്ടി മാത്രമാണ് സ്വന്തക്കാരേയും ഇഷ്ടക്കാരേയും വൈസ് ചാൻസിലർമാരാക്കിയത്. ഇക്കാര്യം പ്രതിപക്ഷം പലവട്ടം ചൂണ്ടിക്കാട്ടിയിരുന്നു. അപ്പോഴെല്ലാം സർക്കാരിൻ്റെ ചട്ടവിരുദ്ധ നിയമനങ്ങൾക്ക് ഗവർണറും കൂട്ടുനിന്നു. ഗവർണർ ചെയ്ത തെറ്റ് ഇപ്പോൾ തിരുത്താൻ തയാറായതിനെ സ്വാഗതം ചെയ്യുന്നു.

യു.ജി.സി മാനദണ്ഡങ്ങളും നടപടിക്രമങ്ങളും കാറ്റിൽപ്പറത്തി വൈസ് ചാൻസിലർമാരെ നിയമിച്ച സർക്കാർ നടപടിക്കുള്ള തിരിച്ചടിയാണ് ഗവർണറുടെ തീരുമാനം. സാങ്കേതിക സർവകലാശാല വി.സി നിയമനത്തിലെ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഗവർണർ ഈ തീരുമാനം എടുത്തതെന്നാണ് മനസിലാക്കുന്നത്. വി.സി നിയമനത്തിലെ യുജിസി മാനദണ്ഡങ്ങൾ വളരെ കൃത്യമാണ്. സെർച്ച് കമ്മിറ്റിയിൽ അക്കാദമിക് വിദഗ്ധരെ ഉൾപ്പെടുത്തണം, യുജിസി പ്രതിനിധി വേണം, മൂന്ന് മുതൽ അഞ്ച് വരെ പേരുകൾ നിയമനത്തിനായി ശുപാർശ ചെയ്യണം തുടങ്ങിയവയാണ് മാനദണ്ഡങ്ങൾ. എന്നാൽ ചീഫ് സെക്രട്ടറിയെ സെർച്ച് കമ്മിറ്റി അംഗമാക്കിയാണ് പലപ്പോഴും വി.സി നിയമനത്തിനുള്ള സമിതി സംസ്ഥാനം രൂപീകരിച്ചത്.

Read Also: സർവകലാശാലകളെ അനാഥമാക്കി മാറ്റാനാണ് ​ഗവർണറുടെ നീക്കം; മന്ത്രി ആർ. ബിന്ദു

സർവകലാശാലയുമായി ബന്ധമുള്ളവരെ സെർച്ച് കമ്മിറ്റിയിൽ ഉൾപ്പെടുത്തരുതെന്ന മാനദണ്ഡം സംസ്ഥാനം പല തവണ ലംഘിച്ചു. ചട്ടവിരുദ്ധമായി ഒരാളെ മാത്രം വി.സി സ്ഥാനത്തേക്ക് ശുപാർശ ചെയ്ത സംഭവങ്ങളുമുണ്ട്. ഗവർണറും സർക്കാരും ഒത്തുതീർപ്പിലായിരുന്ന കാലത്ത് നിയമ വിരുദ്ധമായ കാര്യങ്ങൾ നടന്നപ്പോൾ അത് തുറന്ന് കാട്ടിയത് പ്രതിപക്ഷമാണ്. ലക്ഷകണക്കിന് കുട്ടികളുടെ ഭാവി തുലാസിൽ ആക്കിയുള്ള കളികളാണ് ഇരുകൂട്ടരും ചേർന്ന് നടത്തിയത്. അന്ന് പ്രതിപക്ഷം പറഞ്ഞത് ഇന്ന് ഗവർണർ അംഗീകരിച്ചു. വൈകിയ വേളയിലാണെങ്കിലും ഗവർണർ തെറ്റ് തിരുത്തിയതിനെ സ്വാഗതം ചെയ്യുന്നു.

ഏകപക്ഷീയമായ നിലപാടാണ് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കൈക്കൊള്ളുന്നതെന്നും സർവകലാശാലകളെ അനാഥമാക്കി മാറ്റാനുള്ള നീക്കം അംഗീകരിക്കാൻ കഴിയില്ലെന്നും മന്ത്രി ആർ. ബിന്ദു പ്രതികരിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയെ പിന്നോട്ടടിക്കുന്ന നടപടിയാണിത്. ഇപ്പോൾ പറയുന്ന കാര്യത്തിന് ഗവർണർ തന്നെയും പുറത്താക്കിയേക്കും. പക്ഷെ ഇക്കാര്യങ്ങൾ പറയാതിരിക്കാൻ കഴിയില്ല. ഒരു കൂടിയാലോചനയും നടത്താതെയാണ് അസാധാരണമായ ഈ തീരുമാനം ​ഗവർണർ എടുത്തത്. ഉന്നതവിദ്യാഭ്യാസ മേഖലയെ സ്തംഭിപ്പിക്കാനാണ് ശ്രമമെന്നും മന്ത്രി വിമർശിച്ചു.

ഒൻപത് സർവകലാശാല വി.സിമാരോടും രാജിവയ്ക്കാനാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആവശ്യപ്പെട്ടത്. 21ന് പുറത്തുവന്ന സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നിർദ്ദേശം. കേരള, എം.ജി, കുസാറ്റ്, ഫിഷറീസ്, കണ്ണൂർ, കാലടി, സാങ്കേതിക സർവകലാശാല, കാലിക്കറ്റ്, മലയാളം സർവകലാശാലാ വിസിമാരോടാണ് ​ഗവർണർ രാജി ആവശ്യപ്പെട്ടത്. നാളെ രാവിലെ 11.30ന് മുമ്പ് രാജി വെക്കണമെന്നാണ് ​ഗവർണറുടെ നിർദേശം.

Story Highlights: University VCs resign K Muraleedharan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here