‘ഗവര്‍ണര്‍ സംഘപരിവാര്‍ അജണ്ട നടപ്പിലാക്കാന്‍ ശ്രമിക്കുന്നു, അതിന് പ്രതിപക്ഷനേതാവും കൂട്ട്’; ലീഗ് ആപത്ത് തിരിച്ചറിഞ്ഞെന്ന് മുഖ്യമന്ത്രി

കേരളത്തിലെ ഒന്‍പത് സര്‍വകലാശാലകളിലെ വിസിമാരുടെ രാജി ആവശ്യപ്പെട്ട് ഗവര്‍ണര്‍ അന്ത്യശാസനം നല്‍കിയതിന് പിന്നാലെ സര്‍ക്കാര്‍-ഗവര്‍ണര്‍ പോര് അതിരൂക്ഷമാകുകയാണ്. ഗവര്‍ണര്‍ കേരളത്തില്‍ സംഘപരിവാറിന് അഴിഞ്ഞാടാന്‍ കളമൊരുക്കരുതെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തിലൂടെ ആഞ്ഞടിച്ചു. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ തകര്‍ക്കാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നതെന്നും ഇതിന് പിന്നില്‍ സംഘപരിവാര്‍ അജണ്ടയാണെന്നുമാണ് സര്‍ക്കാര്‍ നിലപാട്. ക്ഷുദ്രശക്തികള്‍ക്ക് കൂട്ടുനില്‍ക്കരുതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. (governor is trying to implement sangh parivar agenda in kerala says cm pinarayi vijayan)
യൂണിവേഴ്‌സിറ്റിക്ക് പുറത്ത് ചാന്‍സലര്‍ക്ക് ഒരു അധികാരവും ഇല്ലെന്ന് ഗവര്‍ണര്‍ ഓര്‍മിപ്പിച്ചു. സംഘപരിവാര്‍ അജണ്ട നടപ്പിലാക്കാനുള്ള ഗവര്‍ണറുടെ നീക്കത്തിന് പ്രതിപക്ഷ നേതാവ് കൂട്ടുനില്‍ക്കുന്നുവെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. ലീഗ് നേതാക്കള്‍ ആപത്ത് തിരിച്ചറിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read Also: ‘ഉത്തരത്തെ താങ്ങിനിർത്തുന്നത് താനെന്ന മൗഢ്യം, ഗവർണർ സ്വയം പരിഹാസ്യനാകരുത്’; വി സിയെ മാറ്റാൻ ഗവർണർക്ക് അധികാരമില്ലെന്ന് മുഖ്യമന്ത്രി
സര്‍വകലാശാല നിയമങ്ങളില്‍ വി.സിയെ മാറ്റാന്‍ ഗവര്‍ണര്‍ക്ക് അധികാരം നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബില്ലുകളില്‍ ഒപ്പിടില്ലെന്ന പ്രസ്താവന നിയമസഭയോടുള്ള അവഹേളനമാണ്. ഗവര്‍ണര്‍ക്ക് സ്വന്തം നിലയില്‍ മന്ത്രിമാരെ പുറത്താക്കാനോ നിയമിക്കാനോ വിവേചന അധികാരം ഇല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
മറ്റ് രാജ്യങ്ങളിലെ മികവിന്റെ കേന്ദ്രങ്ങളില്‍ പഠിക്കാന്‍ കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം ലഭിക്കുന്നത് കേരളത്തിലെ വിദ്യാഭ്യാസത്തിന്റെ മേന്മ കൂടിയാണെന്ന് ചിന്തിക്കാന്‍ ഗവര്‍ണര്‍ക്ക് എന്തുകൊണ്ട് കഴിയുന്നില്ലെന്ന് മുഖ്യമന്ത്രി ചോദിച്ചു. കേരളത്തിലെ എല്ലാ വിസിമാരും പ്രഗത്ഭമതികളാണ്. ചാന്‍സലറായിരിക്കാന്‍ ഗവര്‍ണര്‍ യോഗ്യനല്ല. ഗവര്‍ണര്‍ സമൂഹത്തിന് മുന്നില്‍ സ്വയം പരിഹാസ്യനാകരുതെന്നും മുഖ്യമന്ത്രി ആഞ്ഞടിച്ചു.
വി സിമാര്‍ രാജിവയ്ക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തത വരുത്തി. ഗവര്‍ണറുടെ അമിത അധികാര പ്രവണത ഒരു കാരണവശാലും അനുവദിക്കില്ല. ഗവര്‍ണര്‍ ക്ഷുദ്രശക്തികള്‍ക്ക് കൂട്ടുനില്‍ക്കരുതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.
Story Highlights: governor is trying to implement sangh parivar agenda in kerala says cm pinarayi vijayan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here