‘മദ്യം കൂടുതലായി ഉപയോഗിക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം ആദ്യ അഞ്ചിൽ പോലുമില്ല’: ഗവർണർ സ്വയം പരിഹാസ്യനാകരുത്; മുഖ്യമന്ത്രി

മദ്യം കൂടുതലായി ഉപയോഗിക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം ആദ്യ അഞ്ചിൽ പോലുമില്ല, സമൂഹത്തിന് മുന്നിൽ ഗവർണർ സ്വയം പരിഹാസ്യനാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ ദിവസം ഗവർണർ സംസാരിക്കുന്നതിനിടയിൽ കേരളത്തിലേക്ക് മറ്റ് നിക്ഷേപങ്ങളൊന്നും വരില്ല, മദ്യവും ലോട്ടറിയുമാണ് ഇവിടത്തെ പ്രധാന വരുമാനമാർഗങ്ങൾ എന്ന് പരിഹാസരൂപേണ പറയുകയുണ്ടായി.(pinarayi vijayan against aarif muhammed khan)
ഇന്ത്യൻ കൗൺസിൽ ഫോർ റിസർച്ച് ഓൺ ഇന്റർനാഷണൽ ഇക്കണോമിക് റിലേഷൻസ് (ഐസിആർഐഇആർ) നടത്തിയ പഠനത്തിൽ ഇന്ത്യയിൽ മദ്യം കൂടുതലായി ഉപയോഗിക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം ആദ്യ അഞ്ചിൽ പോലുമില്ല എന്ന് മുഖ്യമന്ത്രി വിമർശിച്ചു.
Read Also: കിളികൊല്ലൂർ കള്ളക്കേസ്; പൊലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുന്നതിൽ ക്രൈംബ്രാഞ്ച് നിയമോപദേശം തേടും
കേരളത്തിന്റെ ബജറ്റ് രേഖകൾ നോക്കിയാൽ തന്നെ ഇവിടെ മറ്റു നികുതിവിഭാഗങ്ങൾ എക്സൈസ് നികുതിയേക്കാൾ മുന്നിലാണെന്ന് കാണാം. ഇന്ത്യൻ ഭരണരീതി അനുസരിച്ചു കേന്ദ്രത്തിന് മാത്രമേ പ്രത്യക്ഷനികുതികൾ ചുമത്താനുള്ള അധികാരമുള്ളൂ. ഇതുപ്രകാരം സംസ്ഥാനങ്ങൾക്ക് പരിമിതമായ നികുതിയധികാരങ്ങളേ നിലവിൽ ഉള്ളു.
മനുഷ്യ ഉപഭോഗത്തിനായുള്ള മദ്യവും അതിന്റെ മുകളിൽ നികുതി ചുമത്താനുമുള്ള അധികാരവും സംസ്ഥാനങ്ങൾക്കാണ്. സ്വാഭാവികമായും അതിൽ നിന്ന് കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് നികുതി ലഭിക്കുന്നുണ്ട്. അതിനെ ചൂണ്ടി കേരളത്തിനെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ പല വഴിക്ക് നടന്നു വരുന്നു.
സംസ്ഥാനത്തിന്റെ ഭരണത്തലവനായ ഗവർണറും അതിന് കൂട്ടുനിൽക്കുന്നത് മിതമായ ഭാഷയിൽ പറഞ്ഞാൽ ഔചിത്യമല്ല. കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയെ ഹിന്ദുത്വ വർഗീയവാദത്തിന് തീറെഴുതാൻ പലകാരണങ്ങളാൽ താല്പര്യമുണ്ടാവാം. അത്തരം നീക്കങ്ങളെ ഇവിടെ ശക്തമായിതന്നെ എതിർക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Story Highlights: pinarayi vijayan against aarif muhammed khan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here