Advertisement

ഗവർണറുടെ പശ്ചാത്താപത്തിനെയാണ് പ്രതിപക്ഷവും കോൺഗ്രസും സ്വാഗതം ചെയ്തത്; പി.എം.എ സലാം

October 24, 2022
Google News 2 minutes Read
PMA Salam response Governor issue

9 സർവകലാശാലകളിലെ വൈസ് ചാൻസിലർമാരോട് ​ആരിഫ് മുഹമ്മദ് ഖാൻ രാജിവെക്കാൻ ആവശ്യപ്പെട്ട വിഷയത്തിൽ ഗവർണറുടെ പശ്ചാത്താപത്തിനെയാണ് പ്രതിപക്ഷവും കോൺഗ്രസും സ്വാഗതം ചെയ്തതെന്ന് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. അതിര് കടന്ന നടപടിയിലേക്ക് ഗവർണറെ എത്തിച്ചതിൽ സർക്കാരിനും പങ്കുണ്ട്. മാനദണ്ഡം ലംഘിച്ച് ആണ് നിയമനങ്ങൾ നടന്നത്. സർവകലാശാല നിയമനങ്ങളിൽ ഉൾപ്പെടെ മാനദണ്ഡം ലംഘിക്കുന്ന നടപടി ഉണ്ടായിരുന്നുവെന്ന് വ്യക്തമാണ്. ലീഗിൻ്റെ നിലപാട് മുഖ്യമന്ത്രി പുകഴ്ത്തിയ കാര്യം ചോദിച്ചപ്പോൾ മുഖ്യമന്ത്രി ചെയ്ത തെറ്റ് സമ്മതിച്ചുവെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ( PMA Salam response Governor issue ).

ഗവർണറുടെ നോട്ടീസ് സ്റ്റേ ചെയ്യണമെന്ന് കാട്ടി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് വി.സിമാർ. സ്ഥാനത്ത് തുടരാൻ അനുവദിക്കണമെന്നാണ് വി.സിമാരുടെ ആവശ്യം. ഗവർണറുടെ നോട്ടീസ് നിയമപരമല്ല. നടപടിക്രമങ്ങൾ പാലിക്കാതെയാണ് അദ്ദേഹം തങ്ങളോട് രാജി വെയ്ക്കാൻ ആവശ്യപ്പെടുന്നത്. കാരണം കാണിക്കൽ നോട്ടീസ് നൽകി അന്വേഷണം നടത്തിയാലേ നടപടിയെടുക്കാൻ സാധിക്കൂ. ഗുരുതമായ ചട്ടലംഘനമോ പെരുമാറ്റദൂഷ്യമോ ഉണ്ടായാൽ മാത്രമേ വി.സിമാരെ പുറത്താക്കാൻ സാധിക്കൂവെന്നും വി.സിമാർ ഹർജിയിൽ വ്യക്തമാക്കുന്നു. വിസിമാർ സമർപ്പിച്ച ഹർജി ഇന്ന് നാല് മണിക്ക് ഹൈക്കോടതി പരി​ഗണിക്കും. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.

Read Also: ഗവർണറുടെ നോട്ടീസ് സ്റ്റേ ചെയ്യണം, ഹൈക്കോടതിയെ സമീപിച്ച് വി.സിമാർ; ഇന്ന് നാല് മണിക്ക് വിധിയറിയാം

സർവകലാശാലകളിലെ വൈസ് ചാൻസിലർമാരോട് ​ഗവർണർ രാജിവെക്കാൻ ആവശ്യപ്പെട്ട വിഷയത്തിൽ കോൺഗ്രസിലും യു.ഡി.എഫിലും ഭിന്നത രൂപപ്പെടുകയാണ്. വിഷയത്തിൽ ആരിഫ് മുഹമ്മദ് ഖാനെ സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ രം​ഗത്തെത്തിയതിന് പിന്നാലെയാണ് ​ഗവർണറെ വിമർശിച്ചുകൊണ്ട് എഐസിസി അം​ഗം കെ.സി വേണു​ഗോപാൽ എത്തുന്നത്. ഗവർണ്ണറുടെ നടപടി അതിരുകടന്നതാണെന്ന തരത്തിൽ ഇന്നലെ മുസ്ലിം​ലീ​ഗും വാർത്താക്കുറിപ്പ് പുറത്തിറക്കിയിരുന്നു. ഇതോടെ ഈ വിഷയത്തിൽ കോൺഗ്രസിലും യു.ഡി.എഫിലും വലിയ ഭിന്നതയാണ് രൂപപ്പെട്ടിരിക്കുന്നത്.

ജനാധിപത്യ-ഭരണഘടനാ മൂല്യങ്ങളെ ലംഘിച്ചുകൊണ്ട് രാജ്യത്തുടനീളം ഉന്നത വിദ്യാഭ്യാസ രംഗത്ത് കൈകടത്താനുള്ള കേന്ദ്രസർക്കാരിന്റെ ഏറ്റവും പുതിയ ശ്രമമാണ് കേരളാ ഗവർണറുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നതെന്ന് അർത്ഥശങ്കയ്ക്കിടയില്ലാത്ത വിധം വ്യക്തമാക്കുകയാണ് കെ.സി വേണു​ഗോപാൽ. സർവകലാശാലകളുടെ സ്വയംഭരണാവകാശത്തെ ഹനിക്കുന്ന നിലപാട് ചാൻസലർ സ്ഥാനത്തിരുന്ന് ഗവർണർ സ്വീകരിച്ചാൽ അതിനെ ചോദ്യം ചെയ്യേണ്ടതാണെന്ന കൃത്യമായ നിലപാടാണ് അദ്ദേഹം ഈ വിഷയത്തിൽ സ്വീകരിക്കുന്നത്. സംസ്ഥാന കോൺ​ഗ്രസ് നേതൃത്വം സ്വീകരിച്ച നിലപാടിന് തീർത്തും വിരുദ്ധമാണിത്.

ചെയ്ത തെറ്റ് തിരുത്താൻ ഗവർണർ തയ്യാറായതിനെ സ്വാഗതം ചെയ്യുകയാണെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചു. ഇക്കാര്യം പ്രതിപക്ഷം പലവട്ടം ചൂണ്ടിക്കാട്ടിയിരുന്നു. അപ്പോഴെല്ലാം സർക്കാരിൻ്റെ ചട്ടവിരുദ്ധ നിയമനങ്ങൾക്ക് ഗവർണറും കൂട്ടുനിന്നു. ഗവർണറുടെ നടപടിയെ സ്വാ​ഗതം ചെയ്യുകയാണെന്നുതന്നെയാണ് കേരളത്തിലെ കോൺ​ഗ്രസ് നേതാക്കൾ പ്രതികരിച്ചത്. എന്നാൽ എ.പി.ജെ അബ്ദുൽ കലാം സർവ്വകലാശാല വി.സിയുടെ നിയമനം സുപ്രീം കോടതി റദ്ദാക്കിയ സാഹചര്യത്തിൽ മറ്റ് ഒമ്പത് സർവ്വകലാശാല വി.സിമാരോടും രാജി ആവശ്യപ്പെട്ട ഗവർണ്ണറുടെ നടപടി അതിരുകടന്നതാണെന്ന നിലപാടാണ് മുസ്ലിം ലീഗ് സ്വീകരിച്ചിരിക്കുന്നത്.

Story Highlights: PMA Salam response Governor issue

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here