പൂജാര സസക്സിൽ തുടരും; കരാർ നീട്ടി കൗണ്ടി ക്ലബ്

ഇന്ത്യൻ ക്രിക്കറ്റ് താരം ചേതേശ്വർ പൂജാര കൗണ്ടി ക്ലബായ സസക്സിൽ തുടരും. ഒരു സീസണിലേക്ക് കൂടിയാണ് താരത്തെ ക്ലബ് നിലനിർത്തിയത്. കഴിഞ്ഞ കൗണ്ടി സീസണിലും വൺ ഡേ കപ്പ് സീസണിലും ക്ലബിനു വേണ്ടി തകർപ്പൻ പ്രകടനങ്ങളാണ് പൂജാര നടത്തിയത്. ഇതേ തുടർന്നാണ് പൂജാരയെ വരുന്ന സീസണിലും ക്ലബ് നിലനിർത്തിയത്.
Read Also: 131 പന്തിൽ 174 റൺസ്! അഞ്ച് മത്സരങ്ങളിൽ രണ്ട് സെഞ്ചുറിയും ഒരു ഫിഫ്റ്റിയും; ഏകദിന കപ്പിലും ഫോം തുടർന്ന് പൂജാര
കഴിഞ്ഞ കൗണ്ടി സീസണിൽ വെറും 8 മത്സരങ്ങൾ മാത്രം കളിച്ച പൂജാര 109.4 ശരാശരിയിൽ 1094 റൺസാണ് നേടിയത്. മൂന്ന് ഇരട്ടസെഞ്ചുറികളും താരം നേടിയിരുന്നു. എന്നാൽ, ടീം നിരാശപ്പെടുത്തിയപ്പോൾ ഒരു മത്സരം മാത്രമേ സസ്ക്സിനു വിജയിക്കാനായുള്ളൂ. ആകെ 8 ടീമുകളിൽ ഏഴാം സ്ഥാനത്താണ് സസക്സ് ഫിനിഷ് ചെയ്തത്. റോയൽ ലണ്ടൻ വൺ ഡേ കപ്പിലും പൂജാര തൻ്റെ ഫോം തുടർന്നു. 9 മത്സരങ്ങളിൽ നിന്ന് 89 ശരാശരിയിൽ 624 റൺസാണ് പൂജാര നേടിയത്. 112 ആയിരുന്നു സ്ട്രൈക്ക് റേറ്റ്. 3 സെഞ്ചുറികളും താരം സീസണിൽ നേടി. പട്ടികയിൽ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത സസക്സ് സെമിയിൽ ലങ്കാഷയറിനോട് പരാജയപ്പെടുകയായിരുന്നു.
Read Also: ഓഫ് സ്പിന്നർക്കെതിരെ പുജാര ഉയർത്തി അടിച്ചാൽ മീശ പാതി വടിക്കും: അശ്വിൻ
ഇംഗ്ലണ്ടിൽ നിന്ന് തിരികെയെത്തിയ പൂജാര സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ സൗരാഷ്ട്രക്ക് വേണ്ടിയും മികച്ച പ്രകടനമാണ് നടത്തിയത്. 5 മത്സരങ്ങളിൽ നിന്ന് 140 സ്ട്രക്ക് റേറ്റും 35 ശരാശരിയും സൂക്ഷിച്ച് 177 റൺസാണ് പൂജാര നേടിയത്. രണ്ട് ഫിഫ്റ്റിയും താരത്തിനുണ്ട്. ഗ്രൂപ്പ് ഡിയിൽ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത സൗരാഷ്ട്രയ്ക്ക് അടുത്ത റൗണ്ടിലെത്താനായില്ല.
Story Highlights: sussex county cheteshwar pujara
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here