Advertisement

131 പന്തിൽ 174 റൺസ്! അഞ്ച് മത്സരങ്ങളിൽ രണ്ട് സെഞ്ചുറിയും ഒരു ഫിഫ്റ്റിയും; ഏകദിന കപ്പിലും ഫോം തുടർന്ന് പൂജാര

August 14, 2022
Google News 2 minutes Read
pujara royal london cup

കൗണ്ടി സീസണിലെ തകർപ്പൻ ഫോം റോയൽ ലണ്ടൻ വൺ ഡേ കപ്പിലും തുടർന്ന് ഇന്ത്യൻ താരം ചേതേശ്വർ പുജാര. സസക്സിനായി അഞ്ച് മത്സരങ്ങൾ കളിച്ച താരം രണ്ട് സെഞ്ചുറിയും ഒരു ഫിഫ്റ്റിയും നേടി. ഇന്ന് സറേയ്ക്കെതിരായ മത്സരത്തിൽ 131 പന്തുകൾ നേരിട്ട് 174 റൺസെടുത്ത പൂജാര നോട്ടൗട്ടായി ക്രീസിൽ തുടർന്നു. (pujara royal london cup)

സസക്സിനായി ഇക്കഴിഞ്ഞ കൗണ്ടി സീസണിൽ 8 മത്സരങ്ങൾ കളിച്ച പൂജാര 109.40 എന്ന അമ്പരപ്പിക്കുന്ന ശരാശരിയിൽ 1094 റൺസാണ് അടിച്ചുകൂട്ടിയത്. വെറും 13 ഇന്നിംഗ്സുകളിൽ നിന്നാണ് പൂജാരയുടെ ഈ നേട്ടം. സീസണിൽ ഏറ്റവുമധികം റൺസ് നേടിയ താരങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തായിരുന്നു പൂജാര. ഗ്ലാമോർഗനു വേണ്ടി 19 ഇന്നിംഗ്സുകളിൽ നിന്ന് 1127 റൺസ് നേടിയ സാം നോർത്തീസ്റ്റാണ് പട്ടികയിൽ ഒന്നാമതെത്തിയത്.

Read Also: സീസണിലെ മൂന്നാം ഇരട്ടസെഞ്ചുറിയുമായി പൂജാര; ലോർഡ്സിൽ ഇന്ത്യൻ താരത്തിന് സ്റ്റാൻഡിങ് ഒവേഷൻ

ഈ തകർപ്പൻ പ്രകടനം പൂജാര ഏകദിന കപ്പിലും തുടരുകയാണ്. നോട്ടിങ്‌ഹംഷെയറിനെതിരായ ആദ്യ മത്സരത്തിൽ പൂജാരയ്ക്ക് 9 റൺസ് മാത്രമേ നേടാനായുള്ളൂ. കളി സസക്സ് 65 റൺസിന് പരാജയപ്പെടുകയും ചെയ്തു. ഗ്ലോസെസ്റ്റെർഷയറിനെതിരായ രണ്ടാം മത്സരത്തിൽ പൂജാര ഫിഫ്റ്റിയടിച്ചു. 71 പന്തുകൾ നേരിട്ട താരം 63 റൺസെടുത്താണ് പുറത്തായത്. കളി 51 റൺസിന് സസക്സ് വിജയിച്ചു. ലെസെസ്റ്റർഷെയറിനെതിരെയായിരുന്നു സസക്സിൻ്റെ അടുത്ത മത്സരം. 7 പന്തുകൾ നേരിട്ട് 14 റൺസെടുത്ത പൂജാര കളിയിൽ പുറത്താവാതെ നിന്നു. 8 വിക്കറ്റിന് സസക്സ് കളിയിൽ വിജയിക്കുകയും ചെയ്തു. വാർവിക്ക്‌ഷെയറിനെതിരായ അടുത്ത മത്സരത്തിൽ പൂജാരയുടെ മാസ്റ്റർ പീസ് ഇന്നിംഗ്സ്. 79 പന്തുകളിൽ നിന്ന് 107 റൺസെടുത്ത പൂജാര കൈമെയ് മറന്ന് പൊരുതിയെങ്കിലും സസക്സ് 4 റൺസിനു പരാജയപ്പെട്ടു. ഇന്ന് സറേയ്ക്കെതിരെ പൂജാരയുടെ കളി വേറെ ലെവൽ. 20 ബൗണ്ടറികളും അഞ്ച് സിക്സറുകളും അകമ്പടി സേവിച്ച ഇന്നിംഗ്സിൻ്റെ ബലത്തിൽ സസക്സ് നിശ്ചിത 50 ഓവറിൽ 6 വിക്കറ്റ് നഷ്ടപ്പെടുത്തി 378 റൺസ് നേടിയിട്ടുണ്ട്.

Story Highlights: cheteshwar pujara royal london one day cup

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here