Advertisement

സീസണിലെ മൂന്നാം ഇരട്ടസെഞ്ചുറിയുമായി പൂജാര; ലോർഡ്സിൽ ഇന്ത്യൻ താരത്തിന് സ്റ്റാൻഡിങ് ഒവേഷൻ

July 21, 2022
Google News 2 minutes Read
cheteshwar pujara county double century

കൗണ്ടി സീസണിലെ മൂന്നാം ഇരട്ടസെഞ്ചുറിയുമായി ഇന്ത്യൻ താരം ചേതേശ്വർ പൂജാര. മിഡിൽസെക്സിനെതിരായ മത്സരത്തിൽ സസക്സ് ക്യാപ്റ്റനായ പൂജാര 231 റൺസെടുത്താണ് പുറത്തായത്. ഇരട്ടസെഞ്ചുറി നേടിയ പൂജാരയെ ലോർഡ്സിലെ കാണികൾ എഴുന്നേറ്റുനിന്ന് കയ്യടിച്ചാണ് അഭിനന്ദിച്ചത്. (cheteshwar pujara county double century)

403 പന്തുകളിൽ 21 ബൗണ്ടറിയും മൂന്ന് സിക്സറും സഹിതമാണ് പൂജാര 231ലെത്തിയത്. സസക്സിനായി ടോം അൽസോപ്പും (135) തിളങ്ങി. ഇരുവരുടെയും ബാറ്റിംഗ് മികവിൽ സസക്സ് 523 റൺസെടുത്ത് ഓൾഔട്ടായി. മിഡിൽസെക്സിനായി ഇന്ത്യൻ താരം ഉമേഷ് യാദവ് ഇറങ്ങിയെങ്കിലും താരത്തിന് വിക്കറ്റൊന്നും ലഭിച്ചില്ല.

ലോർഡ്സിൽ ഇരട്ടശതകം നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് പൂജാര. ഒപ്പം, 118 വർഷത്തെ ചരിത്രത്തിൽ ഒരു സീസണിൽ മൂന്ന് ഇരട്ട ശതകം നേടുന്ന ആദ്യ സസക്സ് താരം എന്ന റെക്കോർഡും പൂജാരയ്ക്ക് സ്വന്തമായി. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ പൂജാരയുടെ 16ാമത്തെ ഇരട്ട ശതകമാണ് ഇത്. സീസണിൽ 10 ഇന്നിംഗ്സുകൾ കളിച്ച പൂജാര ആകെ 997 റൺസ് നേടിക്കഴിഞ്ഞു. 4 സെഞ്ചുറിയും മൂന്ന് ഇരട്ടസെഞ്ചുറിയുമാണ് സീസണിൽ പൂജാര സ്കോർ ചെയ്തത്.

Read Also: സീസണിലെ അഞ്ചാം സെഞ്ചുറി; സസക്സ് ക്യാപ്റ്റൻ സ്ഥാനം ആഘോഷിച്ച് പൂജാര

കഴിഞ്ഞ ദിവസമാണ് പൂജാരയെ ടീം ക്യാപ്റ്റനാക്കിയത്. സ്ഥിരം ക്യാപ്റ്റൻ ടോം ഹൈൻസിനു പരുക്കേറ്റതോടെയാണ് പൂജാരയ്ക്ക് നറുക്കുവീണത്. ടോം ഹൈൻസ് ആറാഴ്ചയോളം പുറത്തിരിക്കുമെന്നാണ് റിപ്പോർട്ട്.

അതേസമയം, ഇന്ത്യയുടെ വെസ്റ്റ് ഇൻഡീസ് പര്യടനം നാളെ ആരംഭിക്കും. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയോടെയാണ് പര്യടനം ആരംഭിക്കുക. പരമ്പരയിലെ ആദ്യ മത്സരം നാളെ ഇന്ത്യൻ സമയം രാത്രി ഏഴിന് ട്രിനിഡാഡിലെ ക്വീൻസ് പാർക്ക് ഓവലിൽ ആരംഭിക്കും. മലയാളി താരം സഞ്ജു സാംസൺ 16 അംഗ ടീമിൽ ഇടംപിടിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ജൂലായ് മാസത്തിൽ ശ്രീലങ്കക്കെതിരെയാണ് സഞ്ജു ആദ്യമായും അവസാനമായും കളിച്ച ഏകദിന മത്സരം. കളിയിൽ താരം 46 റൺസെടുത്ത് പുറത്തായിരുന്നു.

ശിഖർ ധവാൻ ക്യാപ്റ്റനാവുമ്പോൾ താരം തന്നെ ഒരു ഓപ്പണറാവും. ഇഷാൻ കിഷൻ, ഋതുരാജ് ഗെയ്ക്‌വാദ്, ശുഭ്മൻ ഗിൽ എന്നീ മൂന്ന് ഓപ്പണർമാരിൽ ഒരാൾ ധവാനൊപ്പം ഇറങ്ങും. കിഷന് തന്നെ നറുക്ക് വീഴാനാണ് സാധ്യത. ശുഭ്മൻ ഗിൽ മൂന്നാം നമ്പറിലും ശ്രേയാസ് അയ്യർ നാലാം നമ്പറിലും കളിച്ചേക്കും. ദീപക് ഹൂഡയോ സഞ്ജുവോ ആകും അഞ്ചാം നമ്പറിൽ. സമീപകാല ഫോം പരിഗണിക്കുമ്പോൾ ഹൂഡയ്ക്ക് നറുക്ക് വീഴാനാണ് കൂടുതൽ സാധ്യത. സൂര്യകുമാർ യാദവ് ആറാം നമ്പറിലും രവീന്ദ്ര ജഡേജ ഏഴാം നമ്പറിലും കളിച്ചേക്കും. സൂര്യ അഞ്ചാം നമ്പറിൽ കളിച്ച് ഹൂഡ ആറാം നമ്പറിൽ ഇറങ്ങാനും ഇടയുണ്ട്. അക്സർ പട്ടേലിനെയും പരിഗണിച്ചേക്കും. ശാർദ്ദുൽ താക്കൂർ, മുഹമ്മദ് സിറാജ്, ആവേശ് ഖാൻ അല്ലെങ്കിൽ പ്രസിദ്ധ് കൃഷ്ണ എന്നീ പേസർമാർക്കൊപ്പം യുസ്‌വേന്ദ്ര ചഹാൽ ആവും സ്പെഷ്യലിസ്റ്റ് സ്പിന്നർ.

Story Highlights: cheteshwar pujara county double century

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here