Advertisement

‘ആണവാക്രമണം ഗുരുതരമായ തെറ്റ്’: റഷ്യക്ക് മുന്നറിയിപ്പുമായി ജോ ബൈഡൻ

October 26, 2022
Google News 2 minutes Read

യുക്രൈനുമായുള്ള യുദ്ധത്തിൽ ആണവായുധം ഉപയോഗിക്കുന്നതിനെതിരെ യുഎസ് പ്രസിഡന്റ്. തന്ത്രപരമായി ആണവായുധം ഉപയോഗിക്കുന്നത് ഗുരുതരമായ തെറ്റാണെന്ന് ജോ ബൈഡൻ റഷ്യയ്ക്ക് മുന്നറിയിപ്പ് നൽകി. അഞ്ചാമത്തെ കൊവിഡ് വാക്സിൻ ബൂസ്റ്റർ ഡോസ് സ്വീകരിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുക്രൈൻ സ്വന്തം മണ്ണിൽ ഒരു ‘ഡേർട്ടി ബോംബ്’ ആക്രമണത്തിന് തയ്യാറെടുക്കുകയാണെന്ന് റഷ്യ ആരോപണം ഉന്നയിച്ചിരുന്നു. ‘ഡേർട്ടി ബോംബ്’ പ്രയോഗിക്കുന്നത് ഉൾപ്പെടുന്ന പ്രകോപനപരമായ നടപടികൾ യുക്രൈൻ കൈക്കൊള്ളുന്നതിനെ കുറിച്ച് ആശങ്കയുണ്ടെന്ന് റഷ്യൻ പ്രതിരോധ മന്ത്രി സെർജി ഷോയിഗു ആണ് യുകെ പ്രതിരോധ മന്ത്രിയോട് പറഞ്ഞത്. എന്നാൽ മന്ത്രിയോ റഷ്യയോ ഇത് സംബന്ധിച്ച തെളിവൊന്നും പുറത്തു വിട്ടിട്ടില്ല.

റഷ്യ ഉപയോഗിക്കുന്ന ‘ഡേർട്ടി ബോംബി’നെതിരെ ലോകം കരുതിയിരിക്കണം എന്ന് യുക്രൈൻ പ്രസിഡൻ്റ് വ്ളോഡിമിർ സെലൻസ്കി മുന്നറിയിപ്പ് നൽകി. അതേസമയം കിഴക്കൻ, തെക്കൻ യുക്രൈനിലെ ആണവായുധ ആക്രമണത്തെ ന്യായീകരിക്കാൻ റഷ്യ ‘ഡേർട്ടി ബോംബ്’ ഉപയോഗിച്ചേക്കാമെന്ന് യുഎസും സഖ്യകക്ഷികളും സംശയിക്കുന്നുണ്ട്. ഒരു സ്ഫോടനത്തിൽ വ്യാപിക്കുന്ന റേഡിയോ ആക്ടീവ്, ബയോളജിക്കൽ അല്ലെങ്കിൽ കെമിക്കൽ പദാർത്ഥങ്ങൾ അടങ്ങിയ പരമ്പരാഗത ബോംബാണ് ‘ഡേർട്ടി ബോംബ്’.

ഡേര്‍ട്ടി ബോംബുകള്‍ എത്രത്തോളം അപകടകാരിയാണ്?

എത്രമാത്രം റേഡിയോ ആക്ടീവ് പദാര്‍ത്ഥങ്ങളാണ് നിര്‍മാണസമയത്ത് ഉപയോഗിച്ചത് എന്നതിനെ ആശ്രയിച്ചാണ് ഡേര്‍ട്ടി ബോംബുകള്‍ മൂലമുള്ള അപകടം കണക്കാക്കുക. കാറ്റ് ഉള്‍പ്പെടെയുള്ള ചില ബാഹ്യഘടകങ്ങളും അപകടം കൂട്ടിയേക്കാം. കാറ്റുള്ള പ്രദേശങ്ങളില്‍ ഡേര്‍ട്ടി ബോംബുകള്‍ കൂടുതല്‍ മലിനീകരണം ഉണ്ടാക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. മലിനീകരണം കുറവാണെങ്കില്‍ മിക്കപ്പോഴും ഇവ മരണത്തിന് ഇടയാക്കില്ല. പക്ഷേ ഇവ നീണ്ടുനില്‍ക്കുന്ന മാനസികാഘാതം ജനങ്ങളില്‍ സൃഷ്ടിച്ചേക്കാം.

Story Highlights: Joe Biden warns Russia

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here