Advertisement

ടി-20 ലോകകപ്പ്: പെർത്തിൽ സൂര്യ രക്ഷകനായി; ഇന്ത്യക്ക് മാന്യമായ സ്കോർ

October 30, 2022
Google News 2 minutes Read
india innings south africa

ടി-20 ലോകകപ്പ് സൂപ്പർ 12 ഗ്രൂപ്പ് രണ്ടിൽ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് മാന്യമായ സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടപ്പെടുത്തി 133 റൺസ് ആണ് നേടിയത്. മുൻനിര തകർന്നടിഞ്ഞപ്പോൾ സൂര്യകുമാർ യാദവിൻ്റെ ഒറ്റയാൾ പോരാട്ടം (40 പന്തിൽ 68) ഇന്ത്യയെ മാന്യമായ സ്കോറിലെത്തിക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കക്കായി ലുങ്കി എങ്കിഡി 4 വിക്കറ്റ് വീഴ്ത്തി. (india innings south africa)

Read Also: ടി-20 ലോകകപ്പ്: ഇന്ത്യക്ക് ബാറ്റിംഗ്; ജയിച്ചാൽ സെമിയിൽ

പേസ് ബൗളർമാരുടെ പറുദീസയായ പെർത്തിൽ ദക്ഷിണാഫ്രിക്കൻ പേസ് അറ്റാക്ക് ഇന്ത്യയെ തകർത്തെറിയുകയായിരുന്നു. അഞ്ചാം ഓവറിലാണ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്. തൻ്റെ ആദ്യ ഓവറിലെ രണ്ടാം പന്തിൽ എങ്കിഡി (15) സ്വന്തം ബൗളിംഗിൽ രോഹിത് ശർമയെ പിടികൂടി. അതേ ഓവറിലെ അവസാന പന്തിൽ ലോകേഷ് രാഹുലിനെ (9) എയ്ഡൻ മാർക്രം പിടികൂടി. തൻ്റെ അടുത്ത ഓവറിൽ ഫോമിലുള്ള വിരാട് കോലിയെ (12) വീഴ്ത്തിയ എങ്കിഡി ഇന്ത്യയെ തകർച്ചയിലേക്ക് തള്ളിവിട്ടു. ദീപക് ഹൂഡ (0) ആൻറിച് നോർക്കിയയുടെ പന്തിൽ ക്വിൻ്റൺ ഡികോക്കിൻ്റെ കൈകളിൽ അവസാനിച്ചു.

ഒരുവശത്ത് വിക്കറ്റുകൾ തുടരെ നഷ്ടമാവുമ്പോഴും പിടിച്ചുനിന്ന സൂര്യകുമാർ യാദവ് സാവധാനം സ്കോർ ഉയർത്തി. തുടക്കത്തിൽ അല്പം ബുദ്ധിമുട്ടിയെങ്കിലും പന്ത് പഴകിയതോടെ സൂര്യ ട്രാക്കിലെത്തി. ഇതിനിടെ ഹാർദിക് പാണ്ഡ്യയെ (2) റബാഡയുടെ കൈകളിലെത്തിച്ച എങ്കിഡി 4 വിക്കറ്റ് നേട്ടം സ്വന്തമാക്കിയിരുന്നു.

Read Also: ബാബർ അസം ക്യാപ്റ്റൻ സ്ഥാനമൊഴിയണമെന്ന് കമ്രാൻ അക്‌മൽ

ആറാം വിക്കറ്റിൽ സൂര്യകുമാർ യാദവും ദിനേശ് കാർത്തികും ചേർന്ന കൂട്ടുകെട്ടാണ് ഇന്ത്യൻ ഇന്നിംഗ്സിനെ താങ്ങിനിർത്തിയത്. 52 റൺസ് നീണ്ട കൂട്ടുകെട്ടിൽ ദിനേശ് കാർത്തികിൻ്റെ സമ്പാദ്യം വെറും 6 റൺസായിരുന്നു. 16ആം ഓവറിൽ കാർത്തികിനെ റൈലി റുസോയുടെ കൈകളിലെത്തിച്ച വെയിൻ പാർണൽ ഈ കൂട്ടുകെട്ട് പൊളിച്ചു. ഇതിനിടെ 30 പന്തുകളിൽ സൂര്യകുമാർ ഫിഫ്റ്റി തികച്ചു. ആർ അശ്വിൻ (7) പാർനലിൻ്റെ പന്തിൽ റബാഡയ്ക്ക് വിക്കറ്റ് സമ്മാനിച്ചുമടങ്ങി. മുഹമ്മദ് ഷമി (0) റണ്ണൗട്ടായി.

Story Highlights: india innings south africa t20 world cup

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here