മകനെ ബോധപൂർവം വിളിച്ച് കൊലപ്പെടുത്തിയതാണെന്ന് ഷാരോണിൻ്റെ പിതാവ്

പാറശാലയിലെ ഷാരോണിൻ്റെ കൊലപാതകത്തിൽ പ്രതികരിച്ച് പിതാവ്. പെൺസുഹൃത്ത് കുറ്റം സമ്മതിച്ച സാഹചര്യത്തിലാണ് പിതാവ് 24നോട് പ്രതികരിച്ചത്. ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തിയതാണെന്ന് പിതാവ് പറഞ്ഞു. അമ്മയും മകളും ചേച്ചിയും കൂടെ ചേർന്നാണ് മകനെ കൊന്നതെന്നും പിതാവ് പ്രതികരിച്ചു.
“ബോധപൂർവം കൊലപ്പെടുത്തിയതാണ്. വീട്ടിലേക്ക് വിളിച്ചുവരുത്തി കൊന്നതാണ്. പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കും. അത് ഏതരം വരെ പോയാലും. വിളിച്ചുവരുത്തി കൊന്നതാണ്. അമ്മയും മകളും ചേച്ചിയും കൂടെ ചേർന്ന്. ക്രൈംബ്രാഞ്ചിനോടും സർക്കാരിനോടും നന്ദി.”- പിതാവ് പറയുന്നു.
ചോദ്യം ചെയ്യലിനൊടുവിൽ പെൺകുട്ടി തന്നെയാണ് കുറ്റം സമ്മതിച്ചത്. മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോൾ ഷാരോണിനെ ഒഴിവാക്കാൻ തീരുമാനിച്ചുവെന്നും അതുകൊണ്ടാണ് കഷായത്തിൽ വിഷം കലർത്തി നൽകിയതെന്നുമാണ് യുവതി പൊലീസിനോട് വെളിപ്പെടുത്തിയത്.
ചില കാര്യങ്ങളിൽ വ്യക്തത വരുത്താനുണ്ടെന്ന് പൊലീസ് പറയുന്നു. പെൺകുട്ടിയുടെ സുഹൃത്തിനെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണെന്നും ശാസ്ത്രീയ പരിശോധനകൾ വേണമെന്നും പൊലീസ് വ്യക്തമാക്കുന്നു.
അന്വേഷണം ഇന്നലെ ജില്ലാ ക്രൈംഞ്ച്രാഞ്ച് ഏറ്റെടുത്തിരുന്നു. പിന്നാലെ തന്നെ നടപടികളുമാരംഭിച്ചു. പെൺകുട്ടിയുടെ മാതാപിതാക്കളും ജ്യൂസ് വാങ്ങി നൽകിയ ബന്ധുവും ഉടൻ ഹാജരാകണമെന്ന് പൊലീസ് നിർദേശിച്ചിരുന്നു. അതിനിടയിലാണ് പെൺകുട്ടി സത്യം വെളിപ്പെടുത്തുന്നത്.
Story Highlights: sharon father response parassala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here