സയ്യിദ് മുഷ്താഖ് അലി ട്രോഫി; സഞ്ജുവും സച്ചിനും പൊരുതിയെങ്കിലും കേരളത്തിനു തോൽവി

സയ്യിദ് മുഷ്താഖ് അലി ട്രോഫി പ്രീ ക്വാർട്ടറിൽ കേരളത്തിനെതിരെ സൗരാഷ്ട്രയ്ക്ക് ജയം. 9 റൺസിന് കേരളത്തെ മറികടന്ന സൗരാഷ്ട്ര ക്വാർട്ടറിലെത്തി. 184 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കേരളത്തിന് നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 174 റൺസെടുക്കാനേ സാധിച്ചുള്ളൂ. സച്ചിൻ ബേബി (47 പന്തിൽ 64 നോട്ടൗട്ട്), സഞ്ജു സാംസൺ (38 പന്തിൽ 59) എന്നിവരാണ് കേരളത്തിനായി തിളങ്ങിയത്. സൗരാഷ്ട്രക്ക് വേണ്ടി പ്രേരക് മങ്കാദ് 2 വിക്കറ്റ് വീഴ്ത്തി. (trophy kerala lost saurashtra)
Read Also: സയ്യിദ് മുഷ്താഖ് അലി ട്രോഫി; കേരളത്തിനെതിരെ സൗരാഷ്ട്രയ്ക്ക് പടുകൂറ്റൻ സ്കോർ
കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ കേരളത്തിന് ആദ്യ ഓവറിൽ തന്നെ മുഹമ്മദ് അസ്ഹറുദ്ദീനെ (0) നഷ്ടമായി. ജയ്ദേവ് ഉനദ്കട്ടിനായിരുന്നു വിക്കറ്റ്. മൂന്നാം നമ്പറിലെത്തിയ സഞ്ജു സാംസണും രോഹൻ കുന്നുമ്മലും ചേർന്ന് ഉയർത്തിയ 30 റൺസ് കൂട്ടുകെട്ട് കേരളത്തെ കളിയിൽ നിലനിർത്തി. അഞ്ചാം ഓവറിൽ രോഹൻ കുന്നുമ്മലിനെ (22) ചേതൻ സക്കരിയ മടക്കിയതോടെ സച്ചിൻ ബേബി ക്രീസിലെത്തി. ഇരുവരും ചേർന്ന് 98 റൺസാണ് കൂട്ടിച്ചേർത്തത്. 27 പന്തിൽ സഞ്ജുവും 35 പന്തിൽ സച്ചിൻ ബേബിയും ഫിഫ്റ്റി തികച്ചു. 11 ഓവർ വരെ വിജയത്തിലേക്ക് കുതിയ്ക്കുകയായിരുന്ന കേരളത്തെ 12, 13 ഓവറുകളിൽ സൗരാഷ്ട്ര പിടിച്ചുനിർത്തി. ഫിഫ്റ്റിക്ക് ശേഷം സഞ്ജുവിനും ബൗണ്ടറികൾ നേടാനായില്ല. ഇത് സഞ്ജുവിൻ്റെ വിക്കറ്റിലേക്ക് നയിച്ചു. കേരള നായകനെ പ്രേരക് മങ്കാദ് ആണ് പുറത്താക്കിയത്.
തുടർന്ന് സച്ചിൻ ബേബി ശ്രമിച്ചെങ്കിലും ഗംഭീരമായി പന്തെറിഞ്ഞ സൗരാഷ്ട്ര അർഹിച്ച വിജയം സ്വന്തമാക്കുകയായിരുന്നു. അബ്ദുൽ ബാസിത്ത് (12), വിഷ്ണു വിനോദ് (12 നോട്ടൗട്ട്) എന്നിവരാണ് കേരളത്തിൻ്റെ മറ്റ് സ്കോറർമാർ. അവസാന ഓവറുകളിലെ ബൗണ്ടറി വരൾച്ചയാണ് കേരളത്തെ പരാജയപ്പെടുത്തിയത്. ഫീൽഡിൽ കേരളത്തിൻ്റെ മോശം പ്രകടനവും മത്സരഫലത്തിൽ നിർണായകമായി.
Read Also: ജമ്മു കശ്‌മീരിനു നന്ദി; സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളം അടുത്ത റൗണ്ടിൽ
ആദ്യം ബാറ്റ് ചെയ്ത സൗരാഷ്ട്ര നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടപ്പെടുത്തി 183 റൺസ് നേടി. 44 പന്തിൽ 64 റൺസ് നേടിയ ഷെൽഡൻ ജാക്ക്സണാണ് സൗരാഷ്ട്രയുടെ ടോപ്പ് സ്കോറർ. സമർത്ഥ് വ്യാസ് (34), വിശ്വരാജ് ജഡേജ (31) എന്നിവരും സൗരാഷ്ട്രയ്ക്കായി മികച്ച പ്രകടനം നടത്തി. 3 വിക്കറ്റ് വീഴ്ത്തിയ കെ എം ആസിഫാണ് കേരളത്തിനായി മികച്ചുനിന്നത്.
Story Highlights: syed mushtaq ali trophy kerala lost saurashtra
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here