Advertisement

‘അരിക്ക് തീവില, അഴിമതി, ലൈംഗികാരോപണങ്ങള്‍’; സര്‍ക്കാരിനെതിരെ ശക്തമായ സമരപരിപാടികള്‍ക്കൊരുങ്ങി യുഡിഎഫ്

October 30, 2022
Google News 3 minutes Read

സംസ്ഥാന സര്‍ക്കാരിനെതിരെ ശക്തമായ സമരപരിപാടികള്‍ക്കൊരുങ്ങി യുഡിഎഫ്. ‘പിണറായി ഭരണത്തിനെതിരെ പൗരവിചാരണ’ എന്ന ക്യാമ്പയിനിലൂടെ നവംബര്‍ ഒന്നുമുതല്‍ വിവിധ സമര പരിപാടികളാണ് യുഡിഎഫ് ആവിഷ്‌ക്കരിച്ചിരിക്കുന്നത്. നവംബര്‍ ഒന്നിന് കൊച്ചിയില്‍ സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിനിലൂടെയാണ് സമര പരിപാടികള്‍ക്ക് തുടക്കം കുറിക്കുന്നത്. നവംബര്‍ ഒന്നിന് കൊച്ചിയിലെ ലഹരി വിരുദ്ധ ക്യാമ്പയിനില്‍ തുടങ്ങുന്ന പ്രതിഷേധം ഡിസംബര്‍ രണ്ടാം വാരത്തിലെ സെക്രട്ടറിയേറ്റ് വളയല്‍ വരെ നീളും.(udf planning strike programmes against kerala government)

Read Also: ഹാലോവീന്‍ ആഷോഘത്തിനിടെ ദക്ഷിണകൊറിയയില്‍ ദുരന്തം; തിരക്കില്‍പ്പെട്ട് 50 പേര്‍ മരിച്ചു

ജനവിരുദ്ധ നിലാപാടുകളെയും അഴിമതികളെയും പ്രതിപക്ഷം നിയമസഭയില്‍ ചോദ്യം ചെയ്തതാണ്. അതുകൊണ്ടൊന്നും തിരുത്താന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല. ഈ സാഹചര്യത്തിലാണ് ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകാന്‍ പ്രതിപക്ഷം തീരുമാനിച്ചതെന്ന് വി ഡി സതീശന്‍ പറഞ്ഞു. സമരപരിപാടികള്‍ക്ക് എല്ലാ ജനാധിപത്യ വിശ്വാസികളുടെയും പിന്തുണ തേടുന്നതായും പ്രതിപക്ഷ നേതാവ് ഫേസ്ബുക്കില്‍ കുറിച്ചു.

വി ഡി സതീശന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

അരിക്കും പച്ചക്കറികള്‍ക്കും തീവില…
നിത്യോപയോഗ സാധനങ്ങളുടെ വില ഇരട്ടിയോളമായിട്ടും വിപണി ഇടപെടല്‍ നടത്താതെ നോക്കുകുത്തിയായി സര്‍ക്കാര്‍…
നെല്ല് സംഭരണം അട്ടിമറിച്ചും നാണ്യവിളകള്‍ക്കുള്ള താങ്ങുവില പ്രഖ്യാപനത്തില്‍ ഒതുക്കിയും കര്‍ഷകരെ കണ്ണീരിലാഴ്ത്തി…
നിയമം നടപ്പാക്കേണ്ട പൊലീസ് ഗുണ്ടാ സംഘങ്ങളെ പോലെ അഴിഞ്ഞാടുന്നു….
തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ ഗുണ്ടാ കൊറിഡോര്‍…
ലഹരിക്കടത്ത്- ഗുണ്ട മാഫിയകളെയും പൊലീസിനെയും നിയന്ത്രിക്കുന്നത് സി.പി.എം നേതാക്കള്‍…
സ്ത്രീകള്‍ക്ക് പുറത്തിറങ്ങാനാകാത്ത അവസ്ഥ. 9 മാസത്തിനിടെ ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയായ 1795 പേര്‍ ഉള്‍പ്പെടെ പീഡനങ്ങള്‍ക്ക് ഇരയായത് 3859 സ്ത്രീകള്‍…
സര്‍വകലാശാലകളെ ബന്ധു നിയമനത്തിനുള്ള സ്ഥാപനങ്ങളാക്കി ഉന്നതവിദ്യാഭ്യാസരംഗത്തെ തകര്‍ത്തു…
മരുന്നില്ലാതെ ആശുപത്രികള്‍…
കോവിഡ് മറയാക്കി മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും അറിവോടെ കെള്ളയടിച്ചത് കോടികള്‍…
ക്ഷേമ പെന്‍ഷനുകള്‍ ഉള്‍പ്പെടെ പാവങ്ങള്‍ക്കുള്ള സഹായങ്ങളൊക്കെ നിലച്ചിട്ടും മുഖ്യമന്ത്രിയും മന്ത്രിമാരും ഇല്ലാത്ത വികസനത്തിന്റെ പേരില്‍ ഉല്ലാസയാത്ര…
സ്വര്‍ണക്കടത്തിനും ഡോളര്‍ക്കടത്തിനും പിന്നാലെ ഒന്നാം പിണറായി സര്‍ക്കാരിലെ പ്രമുഖര്‍ക്കെതിരെ ലൈംഗികാരോപണം…
സോളാര്‍ കേസ് പ്രതിയെ വിശ്വസിച്ചവര്‍ സ്വപ്‌നയുടെ മൊഴി വിശ്വസിക്കില്ലെന്നും കേസെടുക്കില്ലെന്നും പറയുന്നത് ഇരട്ടത്താപ്പല്ലാതെ മറ്റെന്താണ്?
കേന്ദ്ര ഏജന്‍സികളുടെ അന്വേഷണങ്ങളെല്ലാം അവസാനിപ്പിക്കാന്‍ സി.പി.എം-സംഘപരിവാര്‍ കൂട്ടുകെട്ട്…
വിഴിഞ്ഞം ഉള്‍പ്പെടെ പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ നിലനില്‍പ്പിന് വേണ്ടിയുള്ള സമരങ്ങളോട് മുഖ്യമന്ത്രിക്കും സര്‍ക്കാരിനും അവഗണന…
തൊഴിലില്ലായ്മ വര്‍ധിക്കുമ്പോഴും അപ്രഖ്യാപിത നിയമന നിരോധനം….
തുലാവര്‍ഷമെത്തിയിട്ടും അറ്റകുറ്റപ്പണി നടത്താത്ത റോഡുകള്‍…

സില്‍വര്‍ ലൈന്‍ നടപ്പാക്കാന്‍ ശ്രമിച്ചവര്‍ കെ.എസ്.ആര്‍.ടി.സിയെ തകര്‍ത്തു….

ജനവിരുദ്ധ നിലാപാടുകളെയും അഴിമതികളെയും പ്രതിപക്ഷം നിയമസഭയില്‍ ചോദ്യം ചെയ്തതാണ്. അതുകൊണ്ടൊന്നും തിരുത്താന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല. കോണ്‍ഗ്രസും യു.ഡി.എഫും ശക്തമായ സമര പരിപാടികളിലേക്ക് കടക്കുകയാണ്.
‘പിണറായി ഭരണത്തിനെതിരെ പൗരവിചാരണ’
നവംബര്‍ 1 യു.ഡി.എഫ് സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിന്‍ ഉദ്ഘാടനം കൊച്ചിയില്‍.
നവംബര്‍ 2 സ്ത്രീ സുരക്ഷയിലെ വീഴ്ചകള്‍ക്കെതിരെ മഹിളാ കോണ്‍ഗ്രസിന്റെ ഡി.ജി.പി ഓഫീസ് മാര്‍ച്ച്.
നവംബര്‍ 3 സെക്രട്ടേറിയറ്റിലേക്കും ജില്ലാ കളക്ട്രേറ്റുകളിലേക്കും കോണ്‍ഗ്രസ് മാര്‍ച്ച്.
നവംബര്‍ 8 യു.ഡി.എഫ് നേതൃത്വത്തില്‍ തൊഴിലുറപ്പ് തൊഴിലാളികളുടെ രാജ്ഭവന്‍ മാര്‍ച്ച്.
നവംബര്‍ 14 ‘നരബലിയുടെ തമസ്സില്‍ നിന്ന് നവോത്ഥാനത്തിന്റെ തുടര്‍ച്ചയിലേക്ക്’ ക്യാമ്പയിന്‍.
നവംബര്‍ 20 മുതല്‍ 30 വരെ വാഹന പ്രചരണ ജാഥകള്‍.
ഡിസംബര്‍ രണ്ടാം വാരത്തില്‍ ‘സെക്രട്ടേറിയറ്റ് വളയല്‍’.
സമരപരിപാടികള്‍ക്ക് എല്ലാ ജനാധിപത്യ വിശ്വാസികളുടെയും പിന്തുണ തേടുന്നു.

Story Highlights: udf planning strike programmes against kerala government

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here