ചോക്ലേറ്റ് മോഷ്ടിക്കുന്ന വീഡിയോ വൈറലായി, നാണക്കേട് ഭയന്ന് വിദ്യാർത്ഥിനി ജീവനൊടുക്കി

പശ്ചിമ ബംഗാളിൽ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഷോപ്പിംഗ് മാളിൽ ചോക്ലേറ്റ് മോഷ്ടിക്കുന്നതിന്റെ വീഡിയോ വൈറലായതോടെ നാണക്കേട് ഭയന്നാണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്ന് പൊലീസ് അറിയിച്ചു. അതേസമയം വീഡിയോ ഓൺലൈനിൽ പോസ്റ്റ് ചെയ്യുന്നവർക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രദേശവാസികൾ പ്രതിഷേധിച്ചു.
ഞായറാഴ്ചയാണ് വിദ്യാർത്ഥിനിയെ മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്. സെപ്തംബർ 29 ന് പെൺകുട്ടി സഹോദരിയുമൊത്ത് പ്രദേശത്തെ ഒരു ഷോപ്പിംഗ് മാളിലേക്ക് പോയിരുന്നുവെന്നും ചോക്ലേറ്റ് മോഷ്ടിക്കുന്നതിനിടെ കടയുടെ മാനേജർ പിടികൂടിയതായും പിതാവ് പറഞ്ഞു. പിന്നീട് വിദ്യാർത്ഥിനി ചോക്ലേറ്റിന്റെ വില നൽകുകയും സ്റ്റോർ അധികൃതരോട് മാപ്പ് പറയുകയും ചെയ്തിരുന്നു.
എന്നാൽ കടയിലുണ്ടായിരുന്ന ചിലർ സംഭവത്തിന്റെ വീഡിയോ പകർത്തി. പിന്നാലെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് വൈറലാക്കി. വീഡിയോ വൈറലായതോടെ വിദ്യാർത്ഥിനിയെ ആളുകൾ കളിയാക്കാൻ തുടങ്ങിയെന്ന് ഇരയുടെ കുടുംബം പറഞ്ഞു. സമൂഹമാധ്യമങ്ങളിലെ പരിഹാസം പെൺകുട്ടിയെ വേദനിപ്പിച്ചു. പിന്നാലെ അപമാനം സഹിക്കാനാവാതെ ജീവനൊടുക്കിയതായി പെൺകുട്ടിയുടെ പിതാവ് കൂട്ടിച്ചേർത്തു.
പൊലീസ് മൃതദേഹം ഏറ്റുവാങ്ങി പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. സംഭവത്തിൽ അന്വേഷണം നടത്തിവരികയാണ്. അതേസമയം പെൺകുട്ടിയുടെ ആത്മഹത്യയെത്തുടർന്ന് രോഷാകുലരായ ആളുകൾ ഷോപ്പിംഗ് മാളിന് പുറത്ത് പ്രകടനം നടത്തുകയും വീഡിയോ എടുത്ത് ഓൺലൈനിൽ പോസ്റ്റ് ചെയ്തവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.
Story Highlights: Bengal Student Dies By Suicide As Video Of Stealing Chocolate Goes Viral
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here