Advertisement

Kerala Piravi: കേരളത്തിൽ ഉറപ്പായും കണ്ടിരിക്കേണ്ട സ്ഥലങ്ങൾ

October 31, 2022
1 minute Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കേരളത്തിൽ കണ്ടിരിക്കേണ്ട സ്ഥലങ്ങൾ എന്ന് പറയുമ്പോൾ അതിനെ നമുക്ക് ചരിത്ര പരമായും, സാംസ്‌കാരികപരമായും, വിനോദപരമായും എന്നൊക്കെ വേർതിരിക്കേണ്ടി വരും. ഓരോ ആളുകളും യാത്രകൾ ചെയ്യുന്നതും സ്ഥലങ്ങൾ കാണുന്നതും വ്യത്യസ്തമായ കാഴ്ചപ്പാടുകളോട് കൂടിയായിരിക്കും. കേരളത്തിലെ ഏറ്റവും മികച്ച ചില ടൂറിസ്റ്റ് കേന്ദ്രങ്ങളെക്കുറിച്ച് കൂടുതല്‍ അറിയാം.

ആലപ്പുഴ

കടല്‍ത്തീരങ്ങളും കായലോരങ്ങളും നെല്‍പാടങ്ങളുമെല്ലാം നിറഞ്ഞ ആലപ്പുഴ കിഴക്കിന്‍റെ വെനീസെന്നാണ് അറിയപ്പെടുന്നത്. ഒരു മൂന്നുദിവസം മുഴുവന്‍ ചുറ്റിനടന്നു കാണാവുന്ന കാഴ്ചകള്‍ ഇവിടെയുണ്ട്. ഹൗസ്ബോട്ടില്‍ കായലിലൂടെ കറങ്ങാനും ഫ്രഷ്‌ മത്സ്യവിഭവങ്ങളും കള്ളുമെല്ലാം രുചിക്കാനും ആലപ്പുഴയെക്കാള്‍ മികച്ച മറ്റൊരിടമില്ല. ആലപ്പുഴ ബീച്ച്, കൃഷ്ണപുരം കൊട്ടാരം, കുമരകം പക്ഷി സങ്കേതം, മാരാരി ബീച്ച്, രേവി കരുണാകരൻ മ്യൂസിയം, മാരാരി ബീച്ച്, പുന്നമട തടാകം, പാതിരാമണൽ എന്നിങ്ങനെ ഒട്ടേറെ ഇടങ്ങള്‍ ആലപ്പുഴയിലുണ്ട്.

മൂന്നാർ

കണ്ണിനേയും മനസിനേയും ഒരുപോലെ വിസ്മയിപ്പിക്കും മൂന്നാറിന്റെ കാഴ്ചകൾ. മഞ്ഞണിഞ്ഞ തേയില തോട്ടങ്ങൾ, കാൻവാസിൽ കോറിയ ചിത്രം പോലെ കണ്ണെത്താ ദുരത്തോളം പരന്നു കിടക്കുന്ന മലമേടുകൾ, മഞ്ഞുപുതച്ച വഴികൾ. ഒപ്പം കോടമഞ്ഞു വാരി വിതറുന്ന സുഖകരമായ തണുപ്പും. വർണനകളിലൊതുക്കാനാകില്ല മൂന്നാറിന്റെ സൗന്ദര്യം. ബ്രിട്ടീഷുകാരുടെ വേനൽക്കാല തലസ്ഥാനമായിരുന്ന മൂന്നാർ ഹണിമൂണിനായി കേരളത്തിലെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. ടാറ്റ ടീ മ്യൂസിയം, മീശപുലിമല, ബ്ലോസം പാർക്ക്, പോതമേട് വ്യൂപോയിന്റ്, ലൈഫ് ഓഫ് പൈ ചർച്ച്, ആറ്റുകാൽ വെള്ളച്ചാട്ടം, ചീയപ്പാറ വെള്ളച്ചാട്ടം, ടോപ്പ് സ്റ്റേഷൻ, മറയൂർ ഡോൾമെൻസ്, ഇൻഡോ സ്വിസ് ഡയറി ഫാം, ആനമുടി, ഇരവികുളം നാഷണൽ പാർക്ക് എന്നിങ്ങനെ നിരവധി കാഴ്ചകള്‍ മൂന്നാറില്‍ സഞ്ചാരികളെ കാത്തിരിക്കുന്നു.

വയനാട്

കണ്ണുകൾ എവിടെക്കു പായിച്ചാലും മനം നിറഞ്ഞ കാഴ്ചകളിലേക്കുള്ള കയറ്റിറക്കങ്ങളാണ് സഞ്ചാരികളുടെ പറുദീസയായ വയനാട്. പ്രക‍ൃതി കനിഞ്ഞ് അനുഗ്രഹിച്ച വിസ്മയലോകം, കാടുകളുടെ നാട് വയനാട്, വിശേഷണങ്ങൾ അനവധിയാണ്. പശ്ചിമഘട്ടത്തിലെ പച്ചപ്പ് നിറഞ്ഞ ഈ പ്രദേശത്തിലെ കാഴ്ചകൾ ഒപ്പിയെടുക്കുവാൻ വിദേശികളും സ്വദേശികളുമടക്കം എത്തുന്ന സഞ്ചാരികൾ നിരവധിയാണ്. നഗരത്തിലെ തിരക്കേറിയ ജീവിതത്തിൽ നിന്നും മനസിനെ സ്വച്ഛമാക്കാന്‍ പറ്റിയ ഇടം. എന്തൊക്കെയാണെങ്കിലും മഴക്കാലത്തെ പ്രകൃതിക്കാഴ്ചകള്‍ കണ്ടു മതിമറക്കാന്‍ വയനാടിനോളം വരില്ല എവിടെയും. കോട മഞ്ഞും തടാകങ്ങളും താഴ്‍വാരങ്ങളും തിലകക്കുറിയായി ചരിത്രസ്മാരകങ്ങളും നാട്ടുപുറങ്ങളുടെ പച്ചപ്പും നിറഞ്ഞ വശ്യ സുന്ദരമായ പ്രകൃതിയാണ് ഇവിടം.

എടയ്ക്കല്‍ ഗുഹകള്‍, വയനാട് വന്യജീവി സങ്കേതം, ചെമ്പ്ര കൊടുമുടി, പൂക്കോട് തടാകം, തുഷാരഗിരി വെള്ളച്ചാട്ടം, തിരുനെല്ലി ക്ഷേത്രം, ബാണാസുര ഹിൽ, ലക്കിടി വ്യൂ പോയിന്റ്, കുറുവദ്വീപ്, പുളിയാർമല ജൈനക്ഷേത്രം, കബിനി, പാപനാശിനി നദി, പടിഞ്ഞാറത്തറ ഡാം, നീലിമല, തിരുനെല്ലി മഹാവിഷ്ണുക്ഷേത്രം, പക്ഷിപാതാളം, മീന്‍മുട്ടി, ചെതലയം എന്നിങ്ങനെ സന്ദര്‍ശിക്കാന്‍ നിരവധി ഇടങ്ങളുള്ള വയനാട്ടില്‍, ബാംബൂ റാഫ്റ്റിംഗ്, ക്യാമ്പിംഗ്, ബോട്ടിംഗ്, സൈക്ലിംഗ് തുടങ്ങിയ സാഹസിക വിനോദങ്ങള്‍ക്കും ഒട്ടേറെ അവസരങ്ങളുണ്ട്.

കാസര്‍ഗോഡ്‌

കോട്ടകളുടെയും തെയ്യങ്ങളുടെയും നാടാണ് കാസര്‍ഗോഡ്‌ .ഒരു വശത്ത് പശ്ചിമഘട്ടത്തിനും മറുവശത്ത് നീലനിറമുള്ള അറബിക്കടലിനും ഇടയിൽ സ്ഥിതി ചെയ്യുന്ന കാസർഗോഡ്, കേരളത്തിലെ ഏറ്റവും ഫോട്ടോജെനിക്കായ സ്ഥലങ്ങളിൽ ഒന്നായാണ് കണക്കാക്കപ്പെടുന്നത്. ലോകഭൂപടത്തില്‍ സ്ഥാനം പിടിച്ച ബേക്കല്‍ കോട്ട ഉള്‍പ്പെടെയുള്ള വിനോദസഞ്ചാരകേന്ദ്രങ്ങള്‍ ഈ ജില്ലയിലുണ്ട്.

ബേക്കലിന്‍റെ സൗന്ദര്യം ഒട്ടേറെ സിനിമകളിലൂടെ ലോകമെങ്ങും കണ്ട ഒന്നാണ്. ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച മൂന്ന് ഹണിമൂൺ സ്ഥലങ്ങളിൽ ഒന്നാണ് ബേക്കൽ. ബേക്കൽ കോട്ട, അനന്തപുര ക്ഷേത്രം, വലിയപറമ്പ് കായൽ, ബേക്കൽ ബീച്ച്, മല്ലികാർജുന ക്ഷേത്രം, ചന്ദ്രഗിരി കോട്ട, കാപ്പിൽ ബീച്ച്, നീലേശ്വരം, ബേക്കൽ ഹോൾ അക്വാ പാർക്ക്, മധൂർ ക്ഷേത്രം, തോണിക്കടവ്, അനന്തപുര തടാകം ക്ഷേത്രം, മാലോം വന്യജീവി സങ്കേതം, റാണിപുരം എന്നിവയാണ് ഇവിടുത്തെ ജനപ്രിയ വിനോദസഞ്ചാര കേന്ദ്രങ്ങൾ.

കോഴിക്കോട്

ചരിത്രം പറയുന്ന കഥകളിലൂടെ സംസ്കാരം തുളുമ്പുന്ന കോഴിക്കോടിന്റ മനോഹര സായാഹ്നങ്ങളും നഗരക്കാഴ്ചകളും തേടിയെത്തുന്ന സഞ്ചാരികള്‍ നിരവധിയാണ്. കണ്ണിനു കുളിരേകുന്ന കാഴ്ചകൾ മാത്രമല്ല നാവിനു രുചി പകരുന്ന കോഴിക്കോട്ടുകാരുടെ സ്വാദൂറും വിഭവങ്ങളും റെഡിയാണ്. കലർപ്പില്ലാത്ത രൂചിയൂറും ഭക്ഷണം പോലെ മധുരം നിറഞ്ഞ മനസാണ് കോഴിക്കോട്ടുകാർക്കെന്ന് പറയാറുണ്ട്.

കോഴിക്കോടന്‍ ഹല്‍വയും ദം ബിരിയാണിയും കല്ലുമ്മക്കായയും ചട്ടി പത്തിരിയുമെല്ലാം ലോകപ്രശസ്തമാണ്. ഇന്ത്യയില്‍ ആദ്യമായി യൂറോപ്യന്‍മാര്‍ വന്നിറങ്ങിയ കാപ്പാട് ബീച്ചും പ്രശസ്തമായ മിഠായിത്തെരുവ്, മാനാഞ്ചിറ, കണോലി കനാൽ, ഹിലൈറ്റ് മാൾ, കല്ലായി, തളി ക്ഷേത്രം, കോഴിക്കോട് ബീച്ച് , തുഷാരഗിരി വെള്ളച്ചാട്ടം മുതലായവയുമെല്ലാം കോഴിക്കോടിനെ ജനപ്രിയമാക്കുന്ന ഇടങ്ങളാണ്.

വർക്കല

ടൂറിസ്റ്റുകളുടെ സ്‌നേഹതീരമാണ് വര്‍ക്കല. അറബിക്കടല്‍ താലോലമാട്ടുന്ന തങ്കത്തൊട്ടില്‍. നീളമേറിയ കടല്‍ത്തീരം. കരയില്‍ സിന്ദുരവര്‍ണമണിഞ്ഞ ചെമ്മണ്‍കുന്നുകള്‍. അവയില്‍ നിന്ന് എക്കാലത്തും ഉറവ പൊട്ടുന്ന തെളിനീരിന്റെ മധുരം. ക്ലിഫ് കടന്നാല്‍ കായല്‍പ്പരപ്പിന്റെ കണ്ണെത്താത്ത സൗന്ദര്യം. ജലപാതയില്‍ വര്‍ക്കല തുരപ്പെന്ന നിര്‍മാണവിസ്മയം. ശിവഗിരിയും ജനാര്‍ദ്ദന സ്വാമി ക്ഷേത്രവും നല്‍കുന്ന തീര്‍ത്ഥാടനപുണ്യം.

ബോട്ട് സവാരി, സർഫിങ്, പാരാസെയിലിങ്, ജെറ്റിങ്, കുതിരസവാരി തുടങ്ങി വര്‍ക്കല ബീച്ചില്‍ എത്തുന്നവര്‍ക്ക് ഒട്ടേറെ ആക്റ്റിവിറ്റികളില്‍ പങ്കുചേരാം. ഒരു വശത്ത് പാറക്കെട്ടുകളും മറുവശത്ത് സമൃദ്ധമായ പച്ചപ്പും ഉള്ള ഈ മനോഹരതീരം വര്‍ഷംതോറും ആയിരക്കണക്കിന് വിനോദസഞ്ചാരികളെയും ജല-സാഹസിക പ്രേമികളെയും ആകർഷിക്കുന്നു. ഇവിടുത്തെ ഉദയവും അസ്തമയവും അതീവഹൃദ്യമായ കാഴ്ചയാണ്. ശിവഗിരി മഠം, കാപ്പിൽ തടാകം, പാപനാശം ബീച്ച്, ജനാർദന സ്വാമി ക്ഷേത്രം, വിഷ്ണു ക്ഷേത്രം, അഞ്ചെങ്കോ ഫോർട്ട്, ശാർക്കര ദേവി ക്ഷേത്രം, വർക്കല ടണൽ, കടുവയിൽ തങ്ങൾ ദർഗ എന്നിങ്ങനെയാണ് ഇവിടെയുള്ള പ്രധാന കാഴ്ചകള്‍.

പൊന്മുടി

തിരുവനന്തപുരം നഗരത്തിനടുത്ത് ഇത്ര ശാന്തവും പ്രകൃതിസുന്ദരവുമായ പ്രദേശം മറ്റെങ്ങുമില്ല. വൈകുന്നേരമാകുമ്പോഴേയ്ക്കും മൂടല്‍മഞ്ഞു പരക്കുന്ന പൊന്മുടി സ്വര്‍ഗീയമായ അനുഭവമാണ് സഞ്ചാരികള്‍ക്ക് നല്‍കുന്നത്. മലദൈവങ്ങൾ പൊന്നു സൂക്ഷിക്കുന്ന മലയായതിനാൽ പൊൻമുടി എന്ന പേരു വന്നതെന്ന് കാണിക്കാരായ ആദിവാസികൾ വിശ്വസിക്കുന്നു. പൊന്മുടിയിലെ തേയിലത്തോട്ടങ്ങൾ ഏറെ പ്രശസ്തമാണ്. ഏതു വേനൽക്കാലത്തും പൊന്മുടിയിലെ ചൂട് കൂടില്ല. ഏതു നിമിഷവും കോടയിറങ്ങാം.ഭാഗ്യമുള്ള യാത്രികനാണെങ്കിൽ പുൽമേടുകളിൽ വരയാടുകൾ ദർശനം തരും. ഫൊട്ടോഗ്രഫിയിൽ താൽപര്യമുണ്ടെങ്കിൽ നോക്കുന്നിടത്തെല്ലാം ഫ്രെയിം തെളിയും. അപ്പർ സാനിറ്റോറിയം വരെ വാഹനം കടത്തിവിടും

ചോലവനങ്ങളും പുൽമേടുകളുമാണ് പൊന്മുടിയുടെ അഴക്. പക്ഷി, പൂമ്പാറ്റ നിരീക്ഷണത്തിൽ കമ്പമുണ്ടെങ്കിൽ പൊന്മുടി കയറാൻ മടിക്കേണ്ട. തിരിച്ചിറങ്ങുമ്പോൾ പഴയ തേയിലത്തോട്ടങ്ങൾ കാണാം. തേയിലത്തോട്ടത്തിലെ തൊഴിലാളികൾ കാട്ടുപഴങ്ങളുമായി സഞ്ചാരികളെ കാത്തിരിക്കുന്നു. പൊന്മുടിയിലേക്കു പോകുമ്പോൾ താഴെ കല്ലാറിന്റെ കുളിരിലൊരു കുളി ഒഴിവാക്കരുത്.

കോവളം

അറബിക്കടലിന്റെ ഓരം ചേര്‍ന്നുകിടക്കുന്ന സ്വപ്നസുന്ദരിയാണ് കോവളം ബീച്ച്. കേരളത്തിലെ ഏറ്റവും മനോഹരമായ റൊമാന്റിക് ബീച്ചുകളില്‍ ഒന്നാണ് കോവളം. കേരളത്തിന്റെ തലസ്ഥാന നഗരിയിൽ നിന്നും 16 കിലോമീറ്റർ മാത്രം ദൂരെയായാണ് കോവളം. ബീച്ച് അംബ്രല്ലകളും സൺബാത്തും കടലിൽ നീന്തലും വിനോദസഞ്ചാരികളെ തൃപ്തരാക്കുന്നു. പാറക്കെട്ടുകൾ നിറഞ്ഞ തീരത്ത് സായാഹ്നങ്ങളും പ്രഭാതങ്ങളും ആസ്വദിക്കാനായി വിദേശീയരടക്കം സ്വദേശീയരും എത്തുന്നുണ്ട്. പാറകൾ നിറഞ്ഞതീരമായതിനാൽ തിരമാലകൾക്ക് ശക്തി കുറവാണ്. ധൈര്യത്തോടെ ഇറങ്ങി നീന്താം. അപകടം സംഭവിക്കാതിരിക്കാൻ മുഴുവൻ സമയം സന്നദ്ധരായി ലൈഫ് ഗാർഡുകൾ തീരത്തുണ്ട്.

ലൈറ്റ്ഹൗസ് ബീച്ച്, ഹവാ ബീച്ച് , ദി ലൈറ്റ്ഹൗസ്, സമുദ്ര ബീച്ച്, തിരുവല്ലം പരശുരാമ ക്ഷേത്രം, വിഴിഞ്ഞം മറൈൻ അക്വേറിയം, ഹാൽസിയോൺ കാസിൽ, ആക്കുളം തടാകം, വിഴിഞ്ഞം ഫിഷിംഗ് ഹാർബർ, കരമന നദി, അരുവിക്കര, റോക്ക് കട്ട് ഗുഹകൾ, വലിയതുറ കടവ് എന്നിങ്ങനെയുള്ള ആകര്‍ഷണങ്ങള്‍ കോവളത്തിന്‍റെ മാറ്റുകൂട്ടുന്നവയാണ്.

മൺറോ ദ്വീപ്

കൊല്ലം ജില്ലയിൽ അഷ്ടമുടിക്കായലിനും കല്ലടയാറിനും ഇടയിൽ മനോഹരമായൊരു തുരുത്തുണ്ട്. കണ്ടുപരിചയിച്ച കേരളീയ ഗ്രാമങ്ങളിൽ നിന്ന് തീർത്തും വ്യത്യസ്തമായൊരു ദ്വീപ്, മൺറോ തുരുത്ത്. കൊല്ലത്ത് നിന്ന് 27 കിലോമീറ്റർ അകലെ അഷ്ടമുടിക്കായലിന്‍റെയും കല്ലട നദിയുടെയും സംഗമസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന മൺറോ ദ്വീപ്, എല്ലാ വർഷവും സെപ്റ്റംബറിൽ നടക്കുന്ന കല്ലട വള്ളംകളിക്ക് പ്രസിദ്ധമാണ്.

ഓലമേഞ്ഞ വീടുകളും തെങ്ങിൻ തോട്ടങ്ങളും കനാലുകളും തടാകങ്ങളും കണ്ടൽക്കാടുകളുമെല്ലാം നിറഞ്ഞ ഈ ദ്വീപിലെ ഏറ്റവും വലിയ ആകര്‍ഷണം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസില്‍ നടത്തുന്ന കനാൽ ക്രൂയിസ് യാത്രയാണ്. തങ്കശ്ശേരി ലൈറ്റ് ഹൗസ്, കൊല്ലം ബീച്ച്, തിരുമുല്ലവാരം ബീച്ച് എന്നിങ്ങനെ ദ്വീപിനടുത്തായി വേറെയും കാഴ്ചകളുണ്ട്. മൺസൂൺ ഒഴികെയുള്ള സമയങ്ങളില്‍ ഇവിടം സന്ദര്‍ശിക്കാം.

കണ്ണൂർ

കോട്ടകളും കൊട്ടാരവും ബീച്ചും മാമലകളും ഒക്കെയായി കണ്ണൂർ സഞ്ചാരികൾക്ക് വിരുന്നൊരുക്കുന്നു. പതിറ്റാണ്ടുകളുടെ യുദ്ധത്തിന്റെയും യുദ്ധ തന്ത്രങ്ങളുടെയും കഥ പറയുന്ന കണ്ണൂർ കോട്ടയും കേരളത്തിലെ ഏക മുസ്ലീം രാജവംശമായ അറക്കൽ രാജവംശത്തിന്റെ കൊട്ടാരവും ഒക്കെയായി ഇവിടെ കാഴ്ചകൾ ഒരുപാടുണ്ട്.

പയ്യന്നൂരിനടുത്ത്, വടക്ക് നീലേശ്വരം മുതൽ തെക്ക് ചെമ്പല്ലിക്കുണ്ട് വരെ 40 കിലോമീറ്റർ നീളത്തില്‍ നീണ്ടുകിടക്കുന്ന കവ്വായി കായല്‍ കേരളത്തിലെ വലിയ മൂന്നാമത്തെ കായലാണ്. ഏഴ് പുഴകളുടെ സംഗമസ്ഥലമാണ് ഈ കായൽ. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കണ്ടൽകാടുകളുള്ള കുഞ്ഞിമംഗലത്തെ നീർത്തടങ്ങൾ, കുണിയൻ, ചെമ്പല്ലിക്കുണ്ട് പക്ഷിസങ്കേതങ്ങൾ എന്നിവയെല്ലാം കവ്വായി കായലിന്‍റെ മനോഹാരിത കൂട്ടുന്നു. കായലിലെ ദ്വീപുകളിലും പരിസരങ്ങളിലും ഹൗസ് ബോട്ടുകളിൽ യാത്ര ചെയ്യാം.

തൃശൂർ

‘കേരളത്തിന്‍റെ സാംസ്കാരിക തലസ്ഥാനം’ വിനോദസഞ്ചാരത്തിനും ഒട്ടും പുറകിലല്ല. മലനിരകളും കടലും പുഴകളും അതിരിടുന്ന തൃശൂരിൽ വിനോദസഞ്ചാരത്തിന് ഏറെ അവസരമാണുള്ളത്. ജില്ലയിലെ ജനങ്ങൾക്ക് ആഴ്ചയവസാനം ആസ്വദിക്കാനും വാർഷിക വിനോദത്തിനും പറ്റിയ ധാരാളം സ്ഥലങ്ങൾ ജില്ലയിലുണ്ട്.

തുടർച്ചയായി 3 ദിവസം വരെ ഇവിടെ താമസിച്ച് കാണാവുന്നതും പോകാവുന്നതുമായ സ്ഥലങ്ങളുണ്ട്. കൃത്യമായ ആസൂത്രണത്തിലൂടെ 3 ദിവസവും ആസ്വദിക്കാം.സ്നേഹതീരം ബീച്ച്, വാഴച്ചാൽ വെള്ളച്ചാട്ടം, വടക്കുംനാഥൻ ക്ഷേത്രം, പാറമേക്കാവ് ഭഗവതി ക്ഷേത്രം, അതിരപ്പിള്ളി വെള്ളച്ചാട്ടം എന്നിങ്ങനെ ഒട്ടേറെ കാഴ്ചകള്‍ ഇവിടെയുണ്ട്.

അതിരപ്പിള്ളി

ചാലക്കുടിപ്പുഴയിലുള്ള അതിരപ്പിള്ളി വെള്ളച്ചാട്ടം ഇന്ത്യ മുഴുവനുമുള്ള സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട ഇടമാണ്. ബാഹുബലി അടക്കം ഒട്ടേറെ സിനിമകള്‍ക്ക് ഇവിടം അരങ്ങൊരുക്കി. എൺപതടി ഉയരത്തിൽ നിന്നു പാറക്കെട്ടിലേക്കു വീണു ചിതറുന്ന പാല്‍നുര പോലുള്ള വെള്ളം ഉള്ളം കുളിര്‍പ്പിക്കും. കേരളത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമാണ് അതിരപ്പിള്ളി. അഞ്ചു കിലോമീറ്റര്‍ അകെലെയായി സ്ഥിതിചെയ്യുന്ന വാഴച്ചാല്‍ വെള്ളച്ചാട്ടവും കാണാന്‍ ഏറെ മനോഹരമാണ്.

പാലക്കാട്

കേരളത്തിന്റെ ഏറ്റവും പുരാതനവും സമ്പന്നവുമായ സാംസ്കാരിക പൈതൃകം എന്ന ഖ്യാതി പാലക്കാടിനുണ്ട്. കേരളത്തിന്റെ നെല്ലറയെന്ന് വിശേഷിപ്പിക്കപ്പെടുന്ന പാലക്കാട് പശ്ചിമഘട്ടമലനിരകളോട് ചേര്‍ന്നുകിടക്കുന്ന പ്രദേശമാണ്. വേനൽക്കാലം ഒഴികെ സഞ്ചാരികൾക്ക് എപ്പോൾ വേണമെങ്കിലും പാലക്കാടൻ സൗന്ദര്യം ആസ്വദിക്കുവാനായി അവിടേക്ക് പോകാവുന്നതാണ്.

കാനായി കുഞ്ഞിരാമന്‍റെ യക്ഷിശില്‍പ്പവും മലമ്പുഴ ഡാം, മലമ്പുഴ ഉദ്യാനം, റോപ് വേ, സ്നേക്ക് പാർക്ക്, റോക്ക് ഗാർഡൻ, മത്സ്യ ഉദ്യാനം എന്നിവയുമെല്ലാം മലമ്പുഴയെ സഞ്ചാരികള്‍ക്ക് പ്രിയങ്കരമാക്കുന്ന ഘടകങ്ങളാണ്. പാലക്കാട് ജില്ലയിലെ പ്രശസ്തമായ ഈ കൊച്ചുഗ്രാമം സഞ്ചാരികളെ ഒരിക്കലും മടുപ്പിക്കില്ല.

സൈലന്റ് വാലി

പാലക്കാട് ജില്ലയുടെ വടക്കുകിഴക്കേ മൂലയിൽ സ്ഥിതി ചെയ്യുന്ന സൈലന്‍റ് വാലി, കേരളത്തിലുള്ള സഞ്ചാരികള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഇടങ്ങളില്‍ ഒന്നാണ്. കടുവകൾ, പുള്ളിപ്പുലികൾ, ആനകൾ, പാമ്പുകൾ, സിംഹവാലൻ മക്കാക്കുകൾ, മലബാർ ഭീമൻ അണ്ണാൻ തുടങ്ങി എണ്ണിയാല്‍ ഒടുങ്ങാത്തത്ര ജൈവവൈവിധ്യമാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്. ട്രെക്കിംഗും ക്യാമ്പിംഗും പോലെ, യാത്രക്കാർക്കായി നിരവധി ഇക്കോ ടൂറിസം പാക്കേജുകൾ ഇവിടെ ഒരുക്കിയിട്ടുണ്ട്.

നിലമ്പൂർ

മലപ്പുറം ജില്ലയിലെ തമിഴ്നാട് അതിർത്തിപട്ടണങ്ങളിൽപെട്ടതാണു നിലമ്പൂർ. തേക്കുതോട്ടങ്ങൾക്കുള്ളിലൂടെ നീളുന്ന ഇരുളിമയാർന്ന പാതകളും നീലഗിരിയുടെ താഴ്വരകളിലെ ഇടതൂർന്ന കാടുകളുമെല്ലാം നിലമ്പൂരിനെ കാഴ്ചയ്ക്ക് സുന്ദരമാക്കുന്നു. കനോലി പ്ലോട്ട് എന്നു പേരുള്ള ലോകത്തിലെ ഏറ്റവും പഴക്കമുള്ള തേക്കിൻ‌തോട്ടം നിലമ്പൂരിലാണ് ഉള്ളത്. ഇവിടുത്തെ കേരള വന ഗവേഷണ കേന്ദ്രത്തിലുള്ള നിലമ്പൂർ തേക്ക് മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുള്ള പല ഇനത്തിലും ഗുണത്തിലും ഉള്ള തേക്കുകളും കാണാം.

നെടുങ്കയം, ആഡ്യൻ പാറ വെള്ളച്ചാട്ടം, കരുവാരക്കുണ്ട്, വാളംതോട് വെള്ളച്ചാട്ടം, ഇളമ്പാല മലകൾ, അരുവാക്കോട്, കോഴിപ്പാറ വെള്ളച്ചാട്ടം, പൊട്ടൻപാറ എന്നിങ്ങനെ വേറെയും നിരവധി വിനോദാനുഭവങ്ങള്‍ നിലമ്പൂരിനടുത്തുണ്ട്.

ഇലവീഴാപൂഞ്ചിറ

ഇടുക്കി, കോട്ടയം ജില്ലകളുടെ അതിർത്തിയിലായി സ്ഥിതിചെയ്യുന്ന അതിസുന്ദരമായ ഒരു വിനോദസഞ്ചാരകേന്ദ്രമാണ് ഇലവീഴാപൂഞ്ചിറ. ഇലവീഴാപൂഞ്ചിറയെക്കുറിച്ച് എത്ര വര്‍ണിച്ചാലും തീരില്ല, അത്രയ്ക്ക് സുന്ദരിയാണ് കോട്ടയത്തെ ഈ മലയോര പ്രദേശം. അതുകൊണ്ടുതന്നെ കുറച്ചു വര്‍ഷങ്ങളായി ഇവിടെ സഞ്ചാരികള്‍ ഒഴിഞ്ഞ നേരമില്ല.

അടുത്തു തന്നെയായി മറ്റൊരു ആകർഷണമായ ഇല്ലിക്കൽ കല്ല് സ്ഥിതി ചെയ്യുന്നു. ഭീമസേനൻ പഞ്ചാലിക്കായി നിർമ്മിച്ചതെന്ന് വിശ്വസിക്കുന്ന ഇലവീഴാക്കുളമാണ് ഇവിടുത്തെ പ്രധാനകാഴ്ച. കോട്ടയത്തു നിന്നും 55 കിലോമീറ്റർ അകലെയാണ് ഇലവീഴാപൂഞ്ചിറ. ഇടുക്കി ജില്ലയിലെ തൊടുപുഴയിൽ നിന്ന് 20 കിലോമീറ്റർ യാത്ര ചെയ്താൽ ഇവിടെയെത്താം.

പെരുന്തേനരുവി വെള്ളച്ചാട്ടം

പത്തനംതിട്ടയിൽ നിന്നും 35 കിലോമീറ്റർ അകലെ പമ്പാനദിയില്‍ സ്ഥിതിചെയ്യുന്ന പെരുന്തേനരുവി, ജില്ലയിലെ ഒരു പ്രധാന വിനോദസഞ്ചാരകേന്ദ്രമാണ്. പമ്പാനദിയിൽത്തന്നെ പെരുന്തേനരുവിയ്ക്കു കുറച്ചു മുകൾ ഭാഗത്തായി പനംകുടുന്ത അരുവി, നാവീണരുവി എന്നീ വെള്ളച്ചാട്ടങ്ങളുമുണ്ട്. കോട്ടയം, എരുമേലി, മുക്കൂട്ടുതറ, ചാത്തൻതറ വഴിയോ, തിരുവല്ല, പത്തനംതിട്ട, റാന്നി, വെച്ചൂച്ചിറ നവോദയ സ്കൂള്‍ ജംഗ്ഷൻ വഴിയോ പെരുന്തേനരുവിയിലെത്താം.

ഗവി

മൂന്നാറിന്റെ അതേ കാലാവസ്ഥയിൽ മഞ്ഞിൽ മൂടിയ അന്തരീക്ഷമാണ് ഗവിയ്ക്കും. പ്രകൃതി സൗന്ദര്യ ആസ്വദിക്കാൻ സഞ്ചാരികളുടെ തിരക്കാണ് എപ്പോഴും. മഞ്ഞിനൊപ്പം നിലയ്ക്കാത്ത കാറ്റും തോരാത്ത ചാറ്റൽ മഴയും ഗവി യാത്രയെ അടിപൊളിയാക്കുന്നു.

ട്രെക്കിംഗ്, വന്യജീവി നിരീക്ഷണം, ഔട്ട് ഡോര്‍ ക്യാമ്പിംഗ്, വനയാത്രകള്‍ തുടങ്ങി ഒട്ടേറെ ആക്റ്റിവിറ്റികള്‍ ഇവിടെ സഞ്ചാരികള്‍ക്കായി ഒരുക്കിയിട്ടുണ്ട്. മരങ്ങള്‍ക്കു മുകളില്‍ ഒരുക്കിയ വീടുകളും, കാടിനകത്തു ടെന്റ് കെട്ടി പാര്‍ക്കലുമെല്ലാം ഇവയില്‍പ്പെടുന്നു. വംശനാശം നേരിടുന്ന സിംഹവാലന്‍ കുരങ്ങുകളേയും വരയാടുകളേയും ഇവിടെ കാണാനാകും. മുണ്ടക്കയം, കുട്ടിക്കാനം, പീരുമേട്, വണ്ടിപ്പെരിയാര്‍ എന്നിങ്ങനെ ഗവിയിലേക്കുള്ള വഴിയിലും ആകര്‍ഷണീയമായ സ്ഥലങ്ങളുണ്ട്.

ഫോർട്ട് കൊച്ചി

കണ്ടാലും കണ്ടാലും തീരാത്ത ഒരുപാട് കാഴ്ചകളാണ് കൊച്ചി നഗരം സഞ്ചാരികൾക്ക് വേണ്ടി കാത്തുവെച്ചിരിക്കുന്നത്. ഒരു ദിവസം കൊണ്ട് കണ്ടുതീർക്കാൻ കഴിയാത്ത അത്രയും കാഴ്ചകളുണ്ട്. ഫോർട്ട് കൊച്ചിയാണ് കൊച്ചിയിലെ ഏറ്റവും വലിയ ആകർഷണ കേന്ദ്രം. ഫോർട്ട് കൊച്ചിയുടെ വാസ്തുകലാ പാരമ്പര്യം ശ്രദ്ധയോടെ പരിപാലിച്ചിരിക്കുന്നു. ഫോർട്ട് കൊച്ചിയിലെ പല ഹോട്ടലുകളും പഴയ ബംഗ്ലാവുകളും ഗസ്റ്റ് ഹൗസുകളും പഴമ നിറഞ്ഞു നിൽക്കുന്നവയാണ്. ചരിത്രവും കൗതുകവും നിറഞ്ഞു നിൽക്കുന്നയിടമാണ് ഫോർട്ട് കൊച്ചി. സെന്റ് ഫ്രാൻസിസ് പള്ളി, ഡച്ച് സെമിത്തേരി, ചീനവലകൾ തുടങ്ങിയ പല ചരിത്ര സ്മാരകങ്ങളും ഫോർട്ട് കൊച്ചിയിലുണ്ട്. മലയാളികളും വിദേശികളുമായി നിരവധി പേരാണ് ദിവസവും ഇവിടെയെത്തുന്നത്.

കൊച്ചിയിലെത്തുന്നവര്‍ക്ക് കാർണിവൽ കാണാം, പോർച്ചുഗീസുകാരുടെ ശേഷിപ്പുകൾ സന്ദർശിക്കാം, മറൈൻ ഡ്രൈവിൽ കറങ്ങാം, മട്ടാഞ്ചേരി പോകാം,അങ്ങനെ കാഴ്ചകൾ നിരവധിയാണ്. കൊച്ചിയിൽ എത്തുന്ന സഞ്ചാരികളെ ആകർഷിക്കുന്നൊരിടമാണ് ജൂതത്തെരുവ്. ഫോർട്ട് കൊച്ചിയുടെ പരിണാമ ചിത്രങ്ങൾ, ചരിത്ര കേന്ദ്രങ്ങളുടെ ഫോട്ടോകൾ, ടൂറിസം മാപ്പ്, വിശറി തുടങ്ങി പലവിധ സാധനങ്ങൾ വിറ്റും വിദേശികൾക്കു വഴി കാണിച്ചും വഴികാട്ടികൾ ഫോർട്ട് കൊച്ചിയുടെ വീഥി നിറയുന്നു.

കുമ്പളങ്ങി

ഫോര്‍ട്ടുകൊച്ചിയുടെ തെക്കു പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന കൊച്ചു ദ്വീപായ കുമ്പളങ്ങി സഞ്ചാരികള്‍ക്കിടയില്‍ ഏറെ പ്രശസ്തമായ ഒരിടമാണ്. എവിടെ നോക്കിയാലും കാണുന്ന ചീനവലകളും ചെമ്മീന്‍കെട്ടും പാടവും ബണ്ടും കൈത്തോടുകളും തെങ്ങിന്‍തോപ്പുകളുമെല്ലാം കുമ്പളങ്ങിയുടെ കാഴ്ചകളില്‍പ്പെടുന്നു. ചൂണ്ടയിട്ട് മീന്‍ പിടിക്കുന്നത് ഇവിടെ എത്തുന്ന സഞ്ചാരികള്‍ക്ക് ഹരമാണ്. ടൂറിസം വികസിച്ചതോടെ ഗ്രാമത്തിലെ മിക്ക വീടുകളും ഈയിടെയായി ഹോംസ്‌റ്റേകളായി മാറിയിട്ടുണ്ട്.

Story Highlights: Best Places To Visit Kerala

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement