Advertisement

പൊതുപരിപാടിയില്‍ കൈക്കുഞ്ഞുമായി കളക്ടര്‍ ദിവ്യ എസ് അയ്യര്‍; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി കെ.എസ് ശബരീനാഥന്‍

November 2, 2022
Google News 2 minutes Read
KS Sabarinathan responds to the criticism towards Collector Divya S Iyer

പൊതുപരിപാടിക്കിടെ കൈക്കുഞ്ഞുമായി വേദിയിലെത്തിയ പത്തനംതിട്ട കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ക്ക് വിമര്‍ശനം. ആറാമത് അടൂര്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സമാപന വേദിയിലാണ് കളക്ടര്‍ കുഞ്ഞുമായി എത്തിയത്. കളക്ടര്‍ പരിപാടിയെ തമശയായി കണ്ടെന്നും അനുകരണീയമല്ലെന്നുമുള്ള വിമര്‍ശനങ്ങള്‍ക്ക് കളക്ടറുടെ ഭര്‍ത്താവും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ കെ എസ് ശബരീനാഥന്‍ രംഗത്തെത്തി.

ഗാനരചയിതാവ് രാജീവ് ആലുങ്കല്‍, എംഎല്‍എ ചിറ്റയം ഗോപകുമാര്‍ തുടങ്ങി നിരവധി പേരാണ് കളക്ടര്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്. ‘ഇത് അനുകരണീയമല്ല, കളക്ടര്‍ തീരെ ഔചിത്യമില്ലാതെ ഒരു തമാശക്കളിയായാണ് ഈ പരിപാടിയെ കണ്ടത്. ഇതവരുടെ വീട്ടുപരിപാടിയല്ല. ഓവറാക്കി ചളമാക്കി’ എന്നായിരുന്നു രാജീവ് ആലുങ്കലിന്റെ ഫേസ്ബുക്ക് കമന്റ്. കുഞ്ഞുമായി വേദിയില്‍ നില്‍ക്കുന്ന കളക്ടറുടെ വിഡിയോ പോസ്റ്റ് ചെയ്ത ചിറ്റയം ഗോപകുമാറിനും കെ എസ് ശബരീനാഥന്‍ മറുപടി നല്‍കി.

ആകെയുള്ള ഞായറാഴ്ച അവധി ദിനത്തില്‍ ഔദ്യോഗിക സ്വഭാവമില്ലാത്ത പരിപാടിയിലാണ് കുഞ്ഞിനെ കൊണ്ടുവന്നതെന്നും കുട്ടി അമ്മയുടെ പിറകെ പോയാല്‍ പറ്റില്ലെന്ന് പറയാനാകുമോ എന്നും ചിറ്റയം ഗോപകുമാറിന്റെ വിഡിയോയ്ക്ക് കമന്റായി ശബരീനാഥന്‍ ചോദിച്ചു.

കമന്റിന്റെ പൂര്‍ണരൂപം:
‘വിഡിയോ പോസ്റ്റ് ചെയ്തതിന് നന്ദി. ആറുദിവസവും ജോലി ചെയ്ത് ആകെയുള്ള ഞായറാഴ്ച അവധി ദിനത്തില്‍ ഔദ്യോഗിക സ്വഭാവം ഇല്ലാത്ത ഒരു പ്രോഗ്രാമില്‍ ക്ഷണം സ്വീകരിച്ചുപോയപ്പോള്‍ കുഞ്ഞിനെ കൊണ്ടുപോകുന്നത് അരോചമല്ല കവി. പിന്നെ അവധി ദിവസം അവന്‍ അമ്മയുടെ പുറകെ നടന്നാല്‍ പറ്റില്ല എന്ന് പറയാന്‍ കഴിയുമോ? ഇവിടെ യുണൈറ്റഡ് നേഷനിലും വിദേശത്തെ ജനപ്രതിനിധി സഭകളിലും വനിതകള്‍ കൈക്കുഞ്ഞുങ്ങളെ കൊണ്ടുവരുന്നുണ്ട്. ലോകം മാറുകയാണ് നമ്മളും..’

അതേസമയം കളക്ടറെ പിന്തുണച്ച് എഴുത്തുകാരന്‍ ബെന്യാമിന്‍ രംഗത്തെത്തി. സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കുമ്പോള്‍ കുഞ്ഞിനെ കൂടെ കൊണ്ടുപോയി എന്നതില്‍ എന്താണിത്ര ആക്ഷേപിക്കാന്‍ ഉള്ളതെന്ന് ബെന്യാമിന്‍ ചോദിച്ചു. അമ്മയുടെയും കുഞ്ഞിന്റെയും അവകാശങ്ങളെക്കുറിച്ച് നമുക്ക് എന്തുകൊണ്ട് ചിന്തിക്കാന്‍ ആവുന്നില്ല. പൊതുവേദികളിലും പാര്‍ലമെന്റിലും നിയമ നിര്‍മ്മാണ സഭകളിലും കുഞ്ഞുങ്ങളുമായി എത്തുന്ന അനേകം രാജ്യങ്ങളിലെ അമ്മമാര്‍ക്ക് നല്‍കുന്ന ബഹുമാനം ഇവിടെയും നല്‍കാനുള്ള ബോധം എന്നാണ് നമ്മള്‍ ആര്‍ജിക്കുകയെന്നും ബെന്യാമിന്‍ ചോദിച്ചു.

Story Highlights: KS Sabarinathan responds to the criticism towards Collector Divya S Iyer

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here