Advertisement

ഗവർണർക്കെതിരായ എൽഡിഎഫിൻ്റെ വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മ ഇന്ന്

November 2, 2022
Google News 2 minutes Read
ldf protest governor today

ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഗവർണർ നടത്തുന്ന ഇടപെടലുകൾക്കെതിരെ എൽഡിഎഫിൻ്റെ വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മ ഇന്ന് നടക്കും. കേരളത്തിനെതിരായ നീക്കം ചെറുക്കുക, ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് കൺവെൻഷൻ. എകെജി ഹാളിൽ ചേരുന്ന കൂട്ടായ്മ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഇടതുമുന്നണി കൺവീനർ ഇ പി ജയരാജൻ, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തുടങ്ങിയവർ സംസാരിക്കും. നവംബർ 15ന് രാജ്ഭവന് മുന്നിൽ ഒരു ലക്ഷത്തിലേറെ പേര് പങ്കെടുപ്പിച്ചുകൊണ്ടുള്ള സമരവും എൽഡിഎഫ് തീരുമാനിച്ചിട്ടുണ്ട്. ആ സമരത്തിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ള മന്ത്രിമാർ പങ്കെടുക്കില്ല. (ldf protest governor today)

Read Also: ഗവര്‍ണര്‍ക്ക് വി സിയെ തിരിച്ചു വിളിക്കാന്‍ അധികാരമില്ല: സീതാറാം യെച്ചൂരി

ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പ്രീതി ഭരണഘടനയ്ക്ക് അനുസൃതമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഗവർണറുടെ പ്രീതി വ്യക്തിപരമല്ല നിയമപരമാണെന്നാണ് ഗവർണറുടെ വാദം. നിയമവിരുദ്ധമായി പ്രവർത്തിക്കുമ്പോൾ ഗവർണർക്ക് അപ്രീതിയുണ്ടാകാം. ബോധപൂർവമായ നിയമലംഘനം ഉണ്ടായോ എന്ന് ചാൻസലർക്ക് പരിശോധിക്കാം. ഗവർണർ പുറത്താക്കിയ നടപടിക്കെതിരെ സെനറ്റ് അംഗങ്ങൾ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ പരാമർശം.

സെനറ്റ് അംഗങ്ങളെ പിൻവലിച്ച തീരുമാനത്തെ ഇന്ന് ഗവർണർ കോടതിയിൽ ന്യായീകരിച്ചു. വൈസ് ചാൻസിലർ നിയമനത്തിലെ കാലതാമസം ഒഴിവാക്കാനാണ് ഇതെന്നാണ് ഗവർണറുടെ വാദം. സർവകലാശാല സെനറ്റ് അംഗമെന്ന നിലയിൽ ചുമതലകളും ഉത്തരവാദിത്തങ്ങളും നിർവഹിക്കുന്നതിൽ അംഗങ്ങൾ പരാജയപ്പെട്ടു എന്നും ഗവർണർ പറയുന്നു.

Read Also: ഗവര്‍ണറുടെ പ്രീതി വ്യക്തിപരമല്ല, നിയമപരം: ഹൈക്കോടതി

ഹൈക്കോടതിയിൽ നൽകിയ സത്യവാങ്ങ്മൂലത്തിലാണ് തന്റെ തീരുമാനത്തെ ഗവർണർ ന്യായീകരിച്ചത്. സെനറ്റ് നടപടി കേരള സർവകലാശാല നിയമത്തിലെ വ്യവസ്ഥകൾക്ക് യോജിച്ചതല്ല. അതിനെ പ്രകടമായ അധിക്ഷേപം എന്ന് വിളിക്കണം എന്ന് ഗവർണർ ചൂണ്ടിക്കാണിക്കുന്നു. ചാൻസിലർ പുറപ്പെടുവിച്ച വിജ്ഞാപനം പിൻവലിക്കണമെന്ന സെനറ്റിന്റെ ഏകകണ്ഠമായ തീരുമാനത്തിൽ തന്റെ നോമിനികൾ കക്ഷികളാകുന്നത് നിയമവിരുദ്ധമാണ്, നോമിനികൾ പരിധിവിട്ട് പെരുമാറുന്നു എന്നും ഗവർണർ പറയുന്നു.

ഗവർണർക്ക് വിസിയെ വിളിക്കാൻ അധികാരമില്ലെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞിരുന്നു. മന്ത്രിയുടെ രാജി ആവശ്യപ്പെടാനും ഭരണഘടനാപരമായ അധികാരം ഗവർണർക്ക് ഇല്ല എന്നും യെച്ചൂരി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Story Highlights: ldf protest governor today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here