ലഹരിക്കെതിരെയുള്ള മനുഷ്യചങ്ങലക്ക് സമീപത്ത് വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിൽപ്പന; യുവാവ് അറസ്റ്റിൽ

ലഹരിക്കെതിരെയുള്ള മനുഷ്യചങ്ങലക്ക് സമീപത്ത് വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിൽപ്പന നടത്തുന്നതിനിടയിൽ മലപ്പുറത്ത് ഒരാൾ പിടിയിൽ. വണ്ടൂർ നടുവത്ത് സ്വദേശി അഭിലാഷാണ് പിടിയിലായത്. കഞ്ചാവ് കേസിൽ മുൻപും അറസ്റ്റിലായ പ്രതിയുടെ പക്കലിൽ നിന്ന് ആറോളം കഞ്ചാവു പൊതികൾ പൊലീസ് കണ്ടെടുത്തു. ( man arrested for selling drugs amidst anti drug campaign )
ഇന്നലെ വൈകീട്ടാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വണ്ടൂരിൽ ലഹരിക്കെതിരെയുള്ള മനുഷ്യചങ്ങല സ്ഥലം എം എൽ എ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നതിനിടയിലാണ് കുമ്മാളി അഭിലാഷ് എന്ന് അറിയപ്പെടുന്ന വണ്ടൂർ നടുവത്ത് സ്വദേശി അഭിലാഷ് ‘വിദഗ്ധമായി’ കഞ്ചാവ് വിൽക്കാൻ ശ്രമിച്ചത്.
Read Also: ലഹരി വിരുദ്ധ പരിപാടിക്കിടെ കുപ്പി പൊട്ടിത്തെറിച്ച സംഭവം; പരുക്കേറ്റവർ ആശുപത്രിയിൽ തുടരുന്നു
തൊട്ടടുത്തുള്ള വിദ്യാലയത്തിനോട് ചേർന്നുള്ള റോഡരികിൽ വച്ചായിരുന്നു കഞ്ചാവ് വിതരണം. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എത്തിയ പൊലീസ് കണ്ടത് കുട്ടികൾക്ക് കഞ്ചാവു പൊതികൾ വിൽപ്പന നടത്തുന്ന അഭിലാഷിനെയാണ്. പോലീസിനെ കണ്ടതും, കഞ്ചാവ് പൊതികൾ വലിച്ചെറിഞ്ഞ് ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്ന് പൊലീസ് പിടികൂടുകയായിരുന്നു. പ്രതിയുടെ പക്കലിൽ നിന്ന് ചെറിയ ആറോളം കഞ്ചാവു പൊതികൾ പൊലീസ് കണ്ടെടുത്തു.
കൂടാതെ ഇയാളുടെ സ്‌ക്കൂട്ടറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിവിധ പോലീസ് സ്റ്റേഷനുകളിലായി ഇയാളുടെ പേരിൽ നിരവധി ക്രിമിനൽ കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Story Highlights: man arrested for selling drugs amidst anti drug campaign
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here