‘മൂൺലൈറ്റിങ്ങിനെ’ പിന്തുണച്ച് ടെക് മഹീന്ദ്ര സിഇഒ

ഇരട്ട ജോലി ചെയ്‌തെന്ന് ആരോപിച്ച് വിപ്രോ 300 ജീവനക്കാരെ പിരിച്ചുവിട്ടത് വാർത്തകളിൽ ഏറെ ഇടംപിടിച്ച സംഭവം ആയിരുന്നു. ഒരു സ്ഥലത്ത് ജോലി ചെയ്യുന്നതിനൊപ്പം തന്നെ മറ്റൊരു കമ്പനിയിലും ജോലി ചെയ്തതിനാണ് വിപ്രോ ജീവനക്കാരെ പിരിച്ചുവിട്ടത്. എന്നാൽ ഒരു കമ്പനിയിൽ ജോലി ചെയ്‌തു കൊണ്ടുതന്നെ മറ്റൊരു കമ്പനിയിൽ ജോലി ചെയുന്ന മൂൺ ലൈറ്റ് രീതിയെ പിന്തുണച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ടെക് മഹീന്ദ്ര സിഇഒ സി.പി ഗുർനാനി.
ഇൻഫോസിസ്, ടിസിഎസ്, വിപ്രോ തുടങ്ങിയ നിരവധി ടെക് കമ്പനികൾ എല്ലാം മൂൺലൈറ്റിങ്ങിനെ എതിർത്ത് രംഗത്ത് വന്നിരുന്നു. എന്നാൽ, ഒരു ടെക് കമ്പനി ഇതാദ്യമായാണ് മൂൺലൈറ്റിങ്ങിനെ പിന്തുണച്ച് രംഗത്തെത്തുന്നത്. ഒരു സ്ഥാപനത്തിൽ നിന്നുകൊണ്ട് മറ്റു സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നത് പിന്തുണയ്ക്കുന്നു എന്നാണ് ടെക് മഹീന്ദ്ര സിഇഒയും എംഡിയുമായ ഗുർനാനി പറഞ്ഞത്.
ടെക്ക് മഹീന്ദ്ര ഒരു ഡിജിറ്റൽ കമ്പനിയാണെന്നും അതുകൊണ്ട് തന്നെ ജീവനക്കാർ ഇവിടെ നിന്നുകൊണ്ട് മറ്റൊരു കമ്പനിയിൽ ജോലി ചെയ്യുന്നത് ഒരിക്കലും കമ്പനിയ്ക്ക് ഭീഷണിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പക്ഷെ ഇങ്ങനെ മറ്റു കമ്പനികളിൽ കൂടി ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന ജീവനക്കാർ അക്കാര്യം ഒളിക്കരുതെന്നും ടെക് മഹീന്ദ്ര സിഇഒ പറഞ്ഞു. അതിനായി മുൻകൂർ അനുമതി നേടണമെന്നും അനുമതി ഇല്ലാതെ മറ്റു കമ്പനികളിൽ ജോലി ചെയ്താൽ ഇളവ് നൽകില്ലെന്നും നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ഗുർനാനി വ്യക്തമാക്കി.
Story Highlights: Tech Mahindra CEO supports moonlighting, wants employees to take permission before taking a side job
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here