Advertisement

എഴുത്തിന്റെ സ്ഥല കാലങ്ങളിലേക്ക് തുറന്ന ‘വാതില്‍’; ടി പി രാജീവന്റെ ‘പുറപ്പെട്ട് പോകാത്ത വാക്ക്’

November 3, 2022
Google News 2 minutes Read

ദേശസ്മൃതിയും കാലസ്മൃതിയുമാണ് എഴുത്തെന്ന് ഉറച്ചുവിശ്വസിച്ചിരുന്ന ടി പി രാജീവന് താന്‍ ജീവിച്ചിരുന്ന സ്ഥലകാലങ്ങളെക്കുറിച്ച് വേവലാതികളും അഭിപ്രായങ്ങളും ഉണ്ടായിരുന്നെന്ന് മാത്രമല്ല അതെല്ലാം കൃത്യമായി പ്രകടിപ്പിക്കാനും രാജീവന്‍ ശ്രമിച്ചിരുന്നു. മരത്തിന് തലയുയര്‍ത്തി നില്‍ക്കാന്‍ ആകാശവും വേര് പടര്‍ത്താന്‍ മണ്ണും വേണമെന്നതുപോലെ ദേശത്തിന്റെ ചരിത്രവും നിഗൂഢതകളും തന്റെ കൃതികളില്‍ അലിഞ്ഞുചേരുന്നുവെന്നാണ് രാജീവന്‍ തന്നെ പലപ്പോഴും പറഞ്ഞിരുന്നത്. ദേശം മണ്ണാണെങ്കില്‍ കാലം ആകാശമാണെന്നാണ് രാജീവന്റെ അഭിപ്രായം. ടി പി രാജീവന്റെ ആദ്യ നോവലായ പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ തന്നെ ഈ ആകാശത്തിലും മണ്ണിലും പടര്‍ന്നുപന്തലിച്ചതായി നോവല്‍ വായിച്ച ആര്‍ക്കും മനസിലാകും. (writer t p rajeevan profile)

രാഷ്ട്രീയം, സിനിമ, യാത്ര, സംസ്‌കാരം, സാഹിത്യം തുടങ്ങിയവയെല്ലാം സൂക്ഷ്മമായി നിരീക്ഷിക്കുകയും സ്വന്തം അഭിപ്രായം തുറന്ന് പറയുകയും ചെയ്യുക ടി പി രാജീവന്റെ പതിവായിരുന്നു. പൗരത്വഭേദഗതി നിയമം, കേരളത്തിലെ ഇടത് തുടര്‍ഭരണം, തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് തുടങ്ങി പല വിഷയങ്ങളില്‍ രാജീവന്‍ നടത്തിയ അഭിപ്രായ പ്രകടനങ്ങള്‍ വിവാദമായിട്ടുമുണ്ട്.

Read Also: പാലേരിമാണിക്യത്തിന്റെ കഥാകാരൻ; ടി പി രാജീവൻ അന്തരിച്ചു

ഒരു മുസ്ലീമിന് പൗരത്വം പോയാല്‍ താന്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കുമെന്ന് പതറാതെ രാജീവന്‍ പരസ്യമായി പ്രഖ്യാപിച്ചു. സിപിഐഎമ്മിന് നേരെയുള്ള ടി പി രാജീവന്റെ വിമര്‍ശനങ്ങളും രൂക്ഷമായിരുന്നു. ഇടതുമുന്നണി തുടര്‍ഭരണം നേടിയതിന് ശേഷം അത് കുറച്ചുകൂടി ശക്തമായി. ഇടതുഭരണം ഫാസിസ്റ്റ് സ്വഭാവത്തിലേക്ക് നീങ്ങുന്നുവെന്നായിരുന്നു വിമര്‍ശനം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒരു സംഘടിത മതത്തിന്റെ രൂപഘടന ആര്‍ജിച്ച പ്രസ്ഥാനമായി മാറിയെന്നും രാജീവന്‍ പലയിടത്തും പറഞ്ഞു.

ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളെ വളരെ പോസിറ്റീവായാണ് താന്‍ കാണുന്നതെന്ന് പലപ്പോഴും പറയാറുള്ള ടി പി ഇത്തരം പ്ലാറ്റ്‌ഫോമുകളില്‍ വളരെ സജീവമായ ഇടപെടലുകളാണ് നടത്തിവന്നിരുന്നത്. ആ ഫേസ്ബുക്ക് കുറിപ്പുകളില്‍ കാലവും ദേശവും വിമര്‍ശനവും സൗന്ദര്യവും സര്‍ഗാത്മകതയും ചരിത്രവും കവിതയും ഒഴുകി. ശങ്കരാചാര്യരെക്കുറിച്ചും കസ്തൂര്‍ബാ ഗാന്ധിയെക്കുറിച്ചും എഴുതിവന്നിരുന്ന നോവലുകള്‍ പൂര്‍ത്തിയാക്കുന്നതിന് മുന്‍പേയാണ് ടി പി രാജീവന്റെ അപ്രതീക്ഷിത വിടവാങ്ങല്‍.

Story Highlights: writer t p rajeevan profile

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here