Advertisement

‘പെണ്ണുങ്ങള്‍ കുട്ടികളെ നോക്കി വീട്ടിലിരുന്നാല്‍ പോരേ എന്ന ചോദ്യമൊക്കെ കേരളം തിരുത്തിച്ചു’; വിമര്‍ശകര്‍ക്ക് മറുപടിയുമായി കെ.എസ് ശബരീനാഥന്‍

November 4, 2022
Google News 3 minutes Read
k s sabarinathan responding cyber attacks towards divya s iyer

പൊതുവേദിയില്‍ കുഞ്ഞുമായി വന്ന പത്തനംതിട്ട കളക്ടര്‍ ദിവ്യ എസ് അയ്യര്‍ക്കെതിരെ വ്യാപക വിമര്‍ശനങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നത്.ആറാമത് അടൂര്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സമാപന വേദിയിലാണ് കളക്ടര്‍ കുഞ്ഞുമായി എത്തിയത്. കളക്ടര്‍ പരിപാടിയെ തമശയായി കണ്ടെന്നും അനുകരണീയമല്ലെന്നുമുള്ള വിമര്‍ശനങ്ങള്‍ക്ക് കളക്ടറുടെ ഭര്‍ത്താവും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ കെ എസ് ശബരീനാഥന്‍ മറുപടി നല്‍കി. ഫേസ്ബുക്ക് കുറിപ്പിലാണ് ശബരീനാഥന്റെ പ്രതികരണം.

‘പത്തനംതിട്ട കളക്ടറായി ചുമതല എടുത്തത് മുതല്‍ ദിവ്യക്ക് 24 മണിക്കൂര്‍ ഡ്യൂട്ടിയാണ് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. രാവിലെ 10 മണി മുതല്‍ രാത്രി 8 പിഎം വരെ ജില്ലയിലെ മീറ്റിംഗുകളും പ്രവര്‍ത്തനങ്ങളും, അത് കഴിഞ്ഞു വീട്ടില്‍ എത്തിയാല്‍ മകന്റെ കൂടെ അര്‍ദ്ധരാത്രി കഴിഞ്ഞു വരെയുള്ള കളിയും ചിരിയും. കുട്ടികള്‍ക്ക് മനസ്സില്‍ ഒരു സെന്‍സര്‍ ഉണ്ട്, എത്ര സന്തോഷമായി ഞങ്ങളോടൊപ്പം ഇരുന്നാലും രാത്രി 8 പിഎം ആകുമ്പോള്‍ അവന്‍ അമ്മയെ അന്വേഷിക്കും, അത് വരെ നമ്മളോടൊപ്പം ചിരിച്ചുകൊണ്ടിരുന്നവന്‍ കരയും. ദിവ്യ വന്നാല്‍ പിന്നേ അവള്‍ മാത്രം മതി, ബാക്കി എല്ലാവരും ‘ഗെറ്റ് ഔട്ട്’ ആണ്.

ഞായറാഴ്ചകള്‍ പൂര്‍ണമായി അവനുവേണ്ടി മാറ്റിവയ്ക്കാന്‍ ദിവ്യ ശ്രമിക്കും . ഔദ്യോഗിക കൃത്യനിര്‍വഹണമല്ലാത്ത മറ്റു മീറ്റിംഗുകളും യാത്രകളും ഒഴിവാക്കാന്‍ ദിവ്യ പരമാവധി ശ്രമിക്കും. പക്ഷേ, എന്നാലും ചിലപ്പോള്‍ ചില പ്രോഗ്രാമുകള്‍ക്ക് സ്‌നേഹപൂര്‍വ്വമായ നിര്‍ബന്ധം കാരണം പോകേണ്ടിവരും. അങ്ങനെയുള്ള പ്രോഗ്രാകുളില്‍ മകനെ കൂടി കൊണ്ടുവരും എന്ന് അസന്നിഗ്ധമായി പറയാറുണ്ട്. സംഘാടര്‍ക്ക് അതില്‍ സന്തോഷമേയുള്ളു. അങ്ങനെ സന്തോഷപൂര്‍വ്വം പോയ ഒരു പ്രോഗ്രാമില്‍ അതിന്റെ സംഘാടകന്‍ കൂടിയായ ഡെപ്യൂട്ടി സ്പീക്കര്‍ ശ്രി ചിറ്റയം ഗോപകുമാര്‍ സ്‌നേഹപൂര്‍വ്വം പോസ്റ്റ് ചെയ്ത വീഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.

Read Also: കലോത്സവ വേദിയിൽ വിദ്യാർഥികൾക്കൊപ്പം നൃത്തച്ചുവടുമായി കലക്ടർ ദിവ്യ എസ്.അയ്യർ

ഒരു തരത്തില്‍ പറഞ്ഞാല്‍ ഈ ചര്‍ച്ച അനിവാര്യമാണ് –
ഇത് ഒരു ദിവ്യയുടെ കാര്യം മാത്രമല്ല, തൊഴിലെടുക്കുന്ന ഭൂരിപക്ഷം സ്ത്രീകളും ഒരുപാട് പ്രതിസന്ധികളും ബുദ്ധിമുട്ടുകളും തരണം ചെയ്താണ് സ്വന്തം കാലില്‍ ഉറച്ചു നില്‍ക്കുന്നത്. ചെറുപ്പത്തില്‍ സ്‌കൂള്‍ വെക്കേഷന്‍ കാലത്ത് കരമന കോളേജില്‍ അമ്മയുടെ മലയാളം ക്ലാസില്‍ അമ്മയോടൊപ്പം ഇരുന്ന ബാല്യ കാലം ഇന്നും മനസ്സിലുണ്ട്. ഭാര്യയായും അമ്മയായും വിവിധ റോളുകള്‍ കൈകാര്യം ചെയ്യുന്നതോടൊപ്പം ജോലി ചെയ്തു കൂടി മുന്നോട്ട് പോകുന്ന സ്ത്രീകള്‍ എത്ര പ്രതിസന്ധികള്‍ മറികടന്നാണ് യാത്ര തുടരുന്നതെന്ന് പഠിച്ചാല്‍ പകുതി വിമര്‍ശനമെങ്കിലും കുറയും. കോവിഡിനു ശേഷം ‘വര്‍ക്ക് ഫ്രം ഹോം ‘ ഒരു മുദ്രാവാക്യമാകുന്ന കാലഘട്ടത്തില്‍ ലോകം മാറുന്നത് എല്ലാവരും അറിയണം.

Read Also: കെ.എസ്.ശബരിനാഥന് ഉപാധികളോടെ ജാമ്യം

‘ജയ ജയ ജയ ജയഹേ’ എന്ന ചിത്രത്തിലെ ജയ എന്ന നായിക നേരിടുന്ന മാനസിക വെല്ലുവിളികളുടെ ഓഫീസ് വേര്‍ഷനാണ് തൊഴില്‍ ചെയ്യുന്ന പല അമ്മമാരും നേരിടുന്നത്. അവര്‍ക്ക് തൊഴിലില്‍ താത്പര്യമില്ല എന്നും കുട്ടിയുടെ പുറകെയാണെന്നുമുള്ള ഒളിയമ്പുകള്‍ സമൂഹത്തില്‍ പതിവാണ്. പ്രൈവറ്റ് കമ്പനികളില്‍ കോര്‍പ്പറേറ്റ് ജീവിതത്തില്‍ അദൃശ്യമായ ഒരു ഗ്ലാസ് സീലിങ് അമ്മമാരായ സഹപ്രവര്‍ത്തകര്‍ക്ക് ഉണ്ടായിട്ടുള്ളത് എനിക്ക് നേരിട്ട് ബോധ്യമുണ്ട്. തൊഴില്‍ ചെയുന്ന അമ്മമാര്‍ക്ക് ആരുടെയും സഹതാപം വേണ്ട, പക്ഷേ അവര്‍ക്ക് പ്രവര്‍ത്തിക്കാന്‍ പോസിറ്റീവായ ഒരു സ്‌പേസ് സമൂഹം നല്‍കണം.

‘പെണ്ണുങ്ങള്‍ കുട്ടികളെ നോക്കി വീട്ടില്‍ ഇരുന്നാല്‍ പോരേ?’ എന്ന് ചോദിച്ചവരെ വര്‍ഷങ്ങളുടെ പരിശ്രമം കൊണ്ടും കഠിനാധ്വാനം കൊണ്ടും കേരളം തിരുത്തിച്ചു. ഈ ഉദ്യമങ്ങള്‍ അവസാനിക്കുന്നില്ല, ഇനിയും ഏറെ തിരുത്താനുണ്ട്.’.

Story Highlights: k s sabarinathan responding cyber attacks towards divya s iyer

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here