അസിസ്റ്റന്റ് എൻജിനീയറുടെ ആത്മഹത്യ; അറക്കുളം പഞ്ചായത്തിലെ ചില അംഗങ്ങളാണ് മരണത്തിന് കാരണമെന്ന് ആത്മഹത്യാക്കുറിപ്പ്

ഇടുക്കി അറക്കുളം പഞ്ചായത്തിലെ അസിസ്റ്റന്റ് എൻജിനീയർ പി.ആർ. ബാബുരാജിന്റെ ആത്മഹത്യ തൊഴിൽ പീഡനം മൂലമെന്ന് ആക്ഷേപം. സിപിഐഎം ഇടുക്കി ജില്ലാ കമ്മിറ്റി അംഗമാണ് ആത്മഹത്യക്ക് കാരണമെന്ന ആരോപണവുമായി ബിജെപിയും രംഗത്ത് എത്തി. ആത്മഹത്യ കുറുപ്പിന്റെ പശ്ചാത്തലത്തിൽ മൂവാറ്റുപുഴ പൊലീസ് വിശദമായ അന്വേഷണം തുടങ്ങി. ( Suicide Assistant Engineer Idukki Arakkulam ) .
മൂവാറ്റുപുഴക്കടുത്ത് ആവോലിയിലെ വീടിന്റെ ടെറസിൽ ഇന്നലെയാണ് പി ആർ ബാബുരാജിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിനടുത്ത് നിന്ന് ലഭിച്ച മൂന്ന് പേജുള്ള ആത്മഹത്യ കുറുപ്പാണ് ഇപ്പോൾ വിവാദങ്ങൾക്ക് മുഖ്യ ആധാരം. അറക്കുളം പഞ്ചായത്തിലെ അംഗങ്ങളുടെ അഴിമതി ചോദ്യം ചെയ്തത് മരണത്തിന് കാരണമായെന്ന് കുറിപ്പിൽ പറയുന്നു. ലൈഫ് പദ്ധതിക്കടക്കം കൈക്കൂലി വാങ്ങുന്ന പഞ്ചായത്തംഗങ്ങൾക്കെതിരെ നിലപാടെടുത്തതോടെ യോഗങ്ങളിലും പുറത്തും നിരന്തരം അപമാനിക്കാൻ ശ്രമിച്ചുവെന്നാണ് അത്മഹത്യകുറിപ്പ്.
സിപിഎം ജില്ലാ കമ്മിറ്റി അംഗം കൂടിയായ പഞ്ചായത്ത് അംഗം ബാബുരാജിനെ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് ബി.ജെ.പി ആരോപിച്ചു. സിപിഎം നേതാവ് നടത്തിയ കലുങ്ക് നിർമ്മാണത്തിലെ അപാകതയും ബാബുരാജ് ചൂണ്ടിക്കാട്ടിയിരുന്നു. മൂവാറ്റുപുഴ ഡിവൈ.എസ്പിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം. ബാബുരാജിന്റെ ഭാര്യയുടെയും ബന്ധുക്കളുടെയും അടക്കം മൊഴി വിശദമായി രേഖപ്പെടുത്തും.
Story Highlights: Suicide Assistant Engineer Idukki Arakkulam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here